ഭൂമി തർക്കം; പോലീസ് സ്റ്റേഷനിൽവെച്ച് ശിവസേന നേതാവിനുനേരെ നിറയൊഴിച്ച് ബിജെപി എം.എൽ.എ

മുംബൈ: ശിവസേന നേതാവിന് നേരെ പോലീസ് സ്റ്റേഷനിൽവെച്ച് നിറയൊഴിച്ച് ബി.ജെ.പി എം.എൽ.എ. ശിവസേനാ നേതാവ് മഹേഷ് ഗെയ്ക്വാദിനാണ് വെള്ളിയാഴിച രാത്രി വെടിയേറ്റത്. സംഭവത്തിൽ ബിജെപി നിയമസഭാംഗം ഗണപത് ഗെയ്ക്വാദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് സ്റ്റേഷനിലാണ് സംഭവം. ഭൂമിയുടെ പേരിലുള്ള തർക്കമാണ് കൃത്യത്തിനു പിന്നിലെന്നാണ് വിവരം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ അനുയായിയാണ് വെടിയേറ്റ മഹേഷ്.
ഭൂമി തർക്കവുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗവും ഉല്ലാസ് നഗറിലെ ഹിൽ ലൈൻ പോലീസ് സ്റ്റേഷനിൽ എത്തിയത്. ചർച്ചയ്ക്കിടെ എംഎൽഎ വെടിയുതിർക്കുകയായിരുന്നു. വെടിവെപ്പിൽ രണ്ട് പേർക്ക് പരിക്കേറ്റതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ (ഡിസിപി) സുധാകർ പതാരെ പറഞ്ഞു. പരിക്കേറ്റ സേനാ നേതാവിനേയും മറ്റൊരു അനുയായിയേയും ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മഹേഷിന്റെ ശരീരത്തിൽ നിന്ന് വെടിയുണ്ടകൾ പുറത്തെടുത്തെങ്കിലും നില ഗുരുതരമായി തുടരുകയാണെന്നാണ് വിവരം. കേസ് രജിസ്റ്റർ ചെയ്തതായി താനെ അഡീഷണൽ പോലീസ് കമ്മീഷണർ ദത്ത ഷിൻഡെ പറഞ്ഞു.
കല്യാണിലെ കല്യാൺ ഈസ്റ്റ് നിയോജക മണ്ഡലത്തെയാണ് ഗൺപത് ഗെയ്ക്വാദ് പ്രതിനിധീകരിക്കുന്നത്. മകനോട് മോശമായി പെരുമാറിയതിനാൽ സ്വയം പ്രതിരോധത്തിനായാണ് വെടിയുതിർത്തതെന്ന് ഗൺപത് ഒരു വാർത്താ ചാനലിനോട് പറഞ്ഞു. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ് ഉത്തരവിട്ടിട്ടുണ്ട്.
അതേസമയം, ക്രമസമാധാനം ഉറപ്പാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് ശിവസേനയുടെ ഉദ്ധവ് താക്കറെ വിഭാഗം വിമർശിച്ചു. ഒരു ബി.ജെ.പി എം.എൽ.എ പോലീസ് സ്റ്റേഷനിൽ വെടിയുതിർത്തു. വെടിയേറ്റയാൾ മുഖ്യമന്ത്രിയുടെ അടുപ്പക്കാരനാണ്. ഇരു പാർട്ടികളും അധികാരത്തിൽ ഇരിക്കുന്നവരും. ഈ ആളുകൾക്ക് നിയമത്തെ ഭയമില്ലെന്നാണോ മനസ്സിലാക്കേണ്ടതെന്നും സംസ്ഥാന സർക്കാരിന്റെ രണ്ട് എഞ്ചിനുകളും പരാജയപ്പെട്ടെന്നും ഉദ്ധവ് വിഭാഗം വക്താവ് ആനന്ദ് ദുബെ കുറ്റപ്പെടുത്തി.
ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിമത നീക്കത്തെ തുടര്ന്ന് 2022 ജൂണിലാണ് ഉദ്ധവ് രാജിവെച്ചത്. ശിവസേന, എന്.സി.പി., കോണ്ഗ്രസ് സഖ്യം തകര്ന്നതോടെ ഷിൻഡെ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നവിസ് ഉപമുഖ്യമന്ത്രിയുമായി പുതിയ സര്ക്കാര് രൂപവത്കരിക്കുകയായിരുന്നു.
Content Highlights: shiv sena leader was shot by bjp mla at mumbai