ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമയുമായി ഷൈനിന് ബന്ധം; നിരന്തരം വിളിക്കും, ലഹരി ഇടപാടുകളും

കൊച്ചി: ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിലെ പ്രതി തസ്ലിമ സുല്‍ത്താനയുമായി നടന്‍ ഷൈന്‍ ടോം ചാക്കോയ്ക്ക് ബന്ധമുണ്ടെന്ന് വിവരം. ശനിയാഴ്ച നടനെ ചോദ്യംചെയ്തതില്‍നിന്നാണ് തസ്ലിമയുമായുള്ള ബന്ധത്തെക്കുറിച്ചും വിവരങ്ങള്‍ കിട്ടിയത്. തസ്ലിമയെ നിരന്തരം വിളിക്കാറുണ്ടെന്നും ലഹരി ഇടപാടുകളുണ്ടെന്നും നടന്‍ പോലീസിന് മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ട്.
തനിക്ക് ഉപയോഗിക്കാനുള്ള ലഹരിമരുന്ന് തസ്ലിമയില്‍നിന്ന് വാങ്ങിയതായി ഷൈന്‍ ടോം ചാക്കോ പറഞ്ഞതായാണ് വിവരം. ലഹരി ഉപയോഗം കൂടിയപ്പോഴാണ് അച്ഛന്‍ ഇടപെട്ട് കൂത്താട്ടുകളത്തെ ഡീ-അഡിക്ഷന്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. എന്നാല്‍, ഏതാനും ദിവസങ്ങള്‍ മാത്രമേ ഇവിടെ ചികിത്സയില്‍ കഴിഞ്ഞിട്ടുള്ളൂ. ഡീ-അഡിക്ഷന്‍ സെന്ററില്‍നിന്ന് താന്‍ ചാടിപ്പോരുകയായിരുന്നുവെന്നും ഷൈന്‍ പോലീസിന് മൊഴി നല്‍കിയതായാണ് വിവരം.
ആലപ്പുഴയിലെ റിസോര്‍ട്ടില്‍നിന്ന് രണ്ടുകോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് പിടിച്ച കേസിലെ പ്രതികളിലൊരാളാണ് തസ്ലിമ സുല്‍ത്താന. ഈ കേസില്‍ തസ്ലിമയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ അക്ബര്‍ അലി, സുഹൃത്തായ ഫിറോസ് എന്നിവരും എക്‌സൈസിന്റെ പിടിയിലായിരുന്നു.
റിസോര്‍ട്ടില്‍ ലഹരി ഇടപാടിന് എത്തിയപ്പോള്‍ തസ്ലിമയും ഫിറോസുമാണ് ആദ്യം എക്‌സൈസിന്റെ പിടിയിലായത്. ചോദ്യംചെയ്യലില്‍ ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ക്ക് ലഹരി എത്തിച്ചുനല്‍കാറുണ്ടെന്ന് തസ്ലിമ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കേസില്‍ നടന്മാരെ വിളിച്ച് ചോദ്യംചെയ്യാനുള്ള തെളിവുകള്‍ എക്‌സൈസിന് ലഭിച്ചിരുന്നില്ല. തസ്ലിമയുടെ വെളിപ്പെടുത്തലിന് പിന്നാലെ ശ്രീനാഥ് ഭാസി മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും പിന്നീട് ഹര്‍ജി പിന്‍വലിച്ചിരുന്നു.
അതിനിടെ, ലഹരി ഉപയോഗം കണ്ടെത്താനുള്ള ആന്റി ഡോപ്പിങ് ടെസ്റ്റിനുള്ള സാമ്പിളുകള്‍ ഷൈനില്‍നിന്ന് പോലീസ് ശേഖരിച്ചു. എറണാകുളം ജനറല്‍ ആശുപത്രിയിലെത്തിച്ചാണ് രക്തം, തലമുടി, നഖം തുടങ്ങിയവയില്‍നിന്ന് സാമ്പിളുകള്‍ ശേഖരിച്ചത്. വൈദ്യപരിശോധനയ്ക്ക് നടനെ തിരികെ എറണാകുളം നോര്‍ത്ത് ടൗണ്‍ സ്‌റ്റേഷനിലെത്തിച്ചു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് നടനെതിരേ പോലീസ് ചുമത്തിയിരിക്കുന്നത്. അതിനാല്‍, വൈകാതെതന്നെ നടനെ ജാമ്യത്തില്‍ വിട്ടയച്ചേക്കും.
Content Highlights: shine tom chacko has link with alappuzha hybrid ganja case accused thasleema sulthana