ഷൈന്‍ ടോം ചാക്കോ ഹോട്ടലില്‍വന്നത് ഓട്ടോയില്‍; സജീര്‍ കൊച്ചിയിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍

ഷൈൻ ടോം ചാക്കോയെ എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യർ
ഷൈൻ ടോം ചാക്കോയെ എറണാകുളം നോർത്ത് സ്റ്റേഷനിൽനിന്ന് വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോകുന്നു | ഫോട്ടോ: ജെയ്‌വിന്‍ ടി. സേവ്യർ

കൊച്ചി: ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് നടന്‍ ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍. ശനിയാഴ്ച എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ മൂന്നുമണിക്കൂറിലേറെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റ് ചെയ്തത്. ലഹരി ഇടപാടുകാരനായ സജീറുമായുള്ള ബന്ധം തെളിഞ്ഞതോടെയാണിത്.

വൈദ്യപരിശോധനയ്ക്കു ശേഷം പോലീസ് ജാമ്യത്തില്‍ വിട്ടു. വീണ്ടും ചോദ്യംചെയ്യലിന് തിങ്കളാഴ്ച ഹാജരാകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

പോലീസ് പരിശോധന നടക്കുന്ന സമയത്ത് ഷൈന്‍ താമസിച്ചിരുന്ന ഹോട്ടല്‍ മുറിയില്‍ ഉണ്ടായിരുന്ന മലപ്പുറം സ്വദേശി അഹമ്മദ് മുര്‍ഷദ് രണ്ടാംപ്രതിയാണ്. ഷൈനിന്റെ പേരില്‍ എന്‍ഡിപിഎസ് നിയമത്തിലെ 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ്.

ലഹരി ഇടപാടുകാരായ സജീറുമായും തസ്ലീമയുമായും തനിക്കുള്ള ബന്ധം സമ്മതിച്ച ഷൈന്‍ നേരത്തേ ലഹരി ഉപയോഗിച്ചിരുന്നെന്ന് പറഞ്ഞതായും പോലീസ് അറിയിച്ചു. ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്തിലുള്ള ഹോട്ടലില്‍ പോലീസ് പരിശോധനയ്‌ക്കെത്തിയപ്പോള്‍ ഷൈന്‍ ഹോട്ടലിന്റെ മൂന്നാംനിലയില്‍ നിന്ന് ചാടി ഓടിയിരുന്നു. ഇതേത്തുടര്‍ന്നാണ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്.

ആദ്യ ചോദ്യംചെയ്യലില്‍ ലഹരിയിടപാടുകാരെ അറിയില്ലെന്നാണ് ഷൈന്‍ പറഞ്ഞത്. ഹോട്ടലില്‍നിന്ന് ഇറങ്ങിയോടിയത് ആരോ ആക്രമിക്കാന്‍ വരുന്നുവെന്ന് ഭയന്നിട്ടാണെന്നും പറഞ്ഞു. എന്നാല്‍, സജീറുമായുള്ള ഫോണ്‍വിളികളും വാട്‌സാപ്പ് സന്ദേശങ്ങളും നിരത്തി ചോദ്യംചെയ്തതോടെ ഷൈന്‍ പതറി. ഇരുവരും തമ്മില്‍ ഗൂഗിള്‍ പേ വഴി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ തെളിവുകളും കണ്ടെത്തിയതായാണ് സൂചന. ശനിയാഴ്ച വൈകുന്നേരം മാതാപിതാക്കളുടെ ജാമ്യത്തിലാണ് വിട്ടയച്ചത്.

സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈന്‍ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ ഒരു യുവതി എത്തിയതായും രാത്രി ഏഴുവരെ ഇവര്‍ ഹോട്ടല്‍മുറിയിലുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിരുന്നു. ഇതിനുശേഷം രണ്ടുപേര്‍കൂടി മുറിയില്‍ വന്നുപോയതായും പോലീസ് കണ്ടെത്തിയിരുന്നു.

ചുമത്തിയിരിക്കുന്നത് ചെറിയ കുറ്റങ്ങള്‍

മയക്കുമരുന്ന് ഉപയോഗിച്ചതിന് ചുമത്തുന്നതാണ് എന്‍ഡിപിഎസിലെ വകുപ്പ് 27 ബി. ആറുമാസം തടവോ 25,000 രൂപ പിഴയോ അതല്ലെങ്കില്‍ രണ്ടും കൂടിയോ ആണ് ഈ വകുപ്പ് പ്രകാരമുള്ള ശിക്ഷ. കൊക്കെയ്ന്‍ പോലുള്ള മാരക മയക്കുമരുന്ന് ഉപയോഗിച്ചാല്‍ ചുമത്തുന്നത് വകുപ്പ് 27 എ ആണ്.

ഷൈനിന്റെ രക്തസാംപിളും നഖത്തിന്റെയും മുടിയുടെയും സാമ്പിളുകളും പരിശോധനയ്ക്ക് എടുത്തിട്ടുള്ളതിനാല്‍ ഇതിന്റ പരിശോധനാഫലം എന്താണെന്നത് കേസില്‍ നിര്‍ണായകമാണ്. രക്തത്തില്‍ ലഹരിയുടെ ഘടകങ്ങള്‍ 24 മണിക്കൂറില്‍ കൂടുതല്‍ കാണില്ല. എന്നാല്‍ നഖത്തിലും മുടിയിലുമൊക്കെ മയക്കുമരുന്നിന്റെ സാന്നിധ്യം ഏറെനാള്‍ നില്‍ക്കും.

ഗൂഢാലോചനക്കുറ്റമാണ് എന്‍ഡിപിഎസ് ആക്ടിലെ വകുപ്പ് 29. ബന്ധപ്പെട്ട കുറ്റം എന്താണോ അതിനുള്ള ശിക്ഷയാണ് ഇതുമായി ബന്ധപ്പെട്ട ഗൂഢാലോചനയ്ക്കും ബാധകമാകുക. ഇവിടെ ഷൈനിനെതിരേയുള്ള കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നതായതിനാല്‍ ഗൂഢാലോചനക്കുറ്റവും വലിയ ശിക്ഷ കിട്ടുന്നതായി കരുതാനാകില്ല.

തെളിവ് നശിപ്പിച്ചതിന് ബിഎന്‍എസ് 238 പ്രകാരമുള്ള ശിക്ഷയും ഏത് കുറ്റവുമായി ബന്ധപ്പെട്ടാണോ അതിനെ ആശ്രയിച്ചാണ് നില്‍ക്കുന്നത്. ഇവിടെ കുറ്റം മയക്കുമരുന്ന് ഉപയോഗിച്ചു എന്നതായതിനാല്‍ തെളിവ് നശിപ്പിച്ചു എന്ന കുറ്റവും വലിയ ശിക്ഷയിലേക്ക് വഴിതുറക്കുന്നില്ല.

ചോദ്യമുനയില്‍ കുടുങ്ങി ഷൈന്‍

കൊച്ചി: അഞ്ചുമണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലില്‍ നടന്‍ ഷൈന്‍ ടോം ചാക്കോ കുടുങ്ങി. ബുധനാഴ്ച രാത്രി എറണാകുളം നോര്‍ത്ത് പാലത്തിനുസമീപമുള്ള ഹോട്ടല്‍മുറിയില്‍നിന്ന് ജനല്‍വഴി എന്തിന് ഇറങ്ങി ഓടിയെന്ന വിഷയവും ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസും കേന്ദ്രീകരിച്ചായിരുന്നു ചോദ്യംചെയ്യല്‍. 32 ചോദ്യങ്ങളാണ് പോലീസ് ചോദിച്ചത്.

നടന്‍ പലപ്പോഴായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നും ഇതുമായി ബന്ധപ്പെട്ടാണ് ബുധനാഴ്ച സുഹൃത്ത് അഹമ്മദ് മുര്‍ഷാദിനൊപ്പം ഹോട്ടലില്‍ താമസിച്ചതെന്നും എഫ്െഎആറില്‍ പറയുന്നു. പോലീസിന് തെളിവ് നല്‍കാതിരിക്കാനാണ് ഹോട്ടല്‍മുറിയില്‍നിന്ന് രക്ഷപ്പെട്ടതെന്നും എഫ്െഎആറിലുണ്ട്.

എന്നാല്‍ ബുധനാഴ്ച രാത്രി ഹോട്ടല്‍മുറിയില്‍ വന്ന ഡാന്‍സാഫ് പരിശോധനാസംഘത്തെ ഗുണ്ടകളായി കരുതി പേടിച്ച് ഓടിയെന്നാണ് ഷൈന്‍ പോലീസിനോട് പറഞ്ഞത്. പോലീസ് പരിശോധന നടത്തിയ ദിവസം ലഹരി ഉപയോഗിച്ചിരുന്നില്ലെന്ന് ഷൈന്‍ മൊഴി നല്‍കി. ലഹരി ഉപയോഗം കൂടിയപ്പോള്‍ അച്ഛന്‍തന്നെ ഡിഅഡിക്ഷന്‍ കേന്ദ്രത്തിലാക്കി. പക്ഷേ, ഒരാഴ്ചയ്ക്കുശേഷം ചികിത്സ അവസാനിപ്പിച്ചുവെന്നും ഷൈന്‍ പോലീസിനോട് പറഞ്ഞു. വിന്‍ സിയുടെ പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്നും നടന്‍ ആരോപിച്ചു.

ചോദ്യംചെയ്യലിന് നേരത്തേ എത്തി

ചോദ്യംചെയ്യലിന് എത്താന്‍ ആവശ്യപ്പെട്ടിരുന്നതിനും അര മണിക്കൂര്‍ മുന്‍പ് ഷൈന്‍ ടോം ചാക്കോ സ്റ്റേഷനിലെത്തി. രാവിലെ 10.30-ന് ഹാജരാകാനാണ് പോലീസ് ആവശ്യപ്പെട്ടിരുന്നത്. 10-നുതന്നെ ഷൈന്‍ എത്തി.

നര്‍കോട്ടിക്‌സ് അസി. കമ്മിഷണര്‍ കെ.എ. അബ്ദുല്‍ സലാം, കൊച്ചി സെന്‍ട്രല്‍ എസിപി സി. ജയകുമാര്‍, കൊച്ചി സിറ്റി എസിപി പി. രാജ്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു ചോദ്യംചെയ്യല്‍. വൈകീട്ട് മൂന്നോടെ ഷൈനിനെ വൈദ്യപരിശോധനയ്ക്ക് എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി. വൈകീട്ടോടെ ഷൈന്റെ മാതാപിതാക്കളും സഹോദരനും സ്റ്റേഷനിലെത്തി.

സജീര്‍ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍...

കൊച്ചി: നടന്‍ ഷൈന്‍ ടോം ചാക്കോ ഉള്‍പ്പെട്ട ലഹരിക്കേസില്‍ അന്വേഷണസംഘം തിരയുന്ന സജീര്‍ കൊച്ചിനഗരത്തിലെ പ്രധാന മയക്കുമരുന്ന് ഇടപാടുകാരന്‍. കൊച്ചിനഗരത്തില്‍ അടുത്തയിടെ പിടികൂടിയ ചില ലഹരിക്കടത്തുകാരുടെ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇയാളെക്കുറിച്ച് വിവരം കിട്ടിയത്. അന്നുമുതല്‍ സജീറിനെ പിടികൂടാന്‍ ഡാന്‍സാഫ് സംഘം തിരച്ചിലിലായിരുന്നു. ഇയാളുടെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ ബുധനാഴ്ച രാത്രി നോര്‍ത്ത് പാലത്തിനുസമീപമാണ് ലൊക്കേഷന്‍ കിട്ടിയത്. ഇതിന് 200 മീറ്റര്‍ ചുറ്റളവില്‍ ലൊക്കേഷന്‍ കാണിച്ചതിനെ തുടര്‍ന്നാണ് നോര്‍ത്ത് പാലത്തിനുസമീപത്തെ ഹോട്ടലില്‍ പോലീസ് ഡാന്‍സാഫ് സംഘം പരിശോധനയ്ക്ക് എത്തിയത്. ഏതെങ്കിലും ഹോട്ടലില്‍ തങ്ങിയിട്ടുണ്ടാകുമെന്ന നിഗമനത്തിലായിരുന്നു പരിശോധന. ഹോട്ടലില്‍ എത്തിയപ്പോഴാണ് ഷൈന്‍ ടോം അവിടെ മുറിയെടുത്തതായി കണ്ടത്. ഇതോടെ പോലീസിന് സംശയം കൂടുകയും മുറിയില്‍ പരിശോധിക്കുകയുമായിരുന്നു.

പോലീസ് തിരയുന്ന സജീര്‍ എംഡിഎംഎ, ഹൈബ്രിഡ് കഞ്ചാവ് എന്നിവ കേരളത്തില്‍ എത്തിച്ചുനല്‍കുന്ന പ്രധാനിയാണെന്ന് പോലീസ് പറയുന്നു. ബെംഗളൂരു, ഡല്‍ഹി, ഗോവ എന്നിവിടങ്ങളില്‍ മാറിമാറി താമസിക്കുകയാണിയാള്‍.

കേരളത്തിലെത്തുമ്പോള്‍ പിടിക്കാന്‍ നോക്കിയിരിക്കുകയായിരുന്നു പോലീസ്. ബുധനാഴ്ച പോലീസ് സംഘം ഹോട്ടലിലെത്തിയെങ്കിലും ഇയാള്‍ ഹോട്ടലില്‍ ഉണ്ടായിരുന്നില്ല. ഇയാളെ പിടികൂടാനുള്ള തിരച്ചില്‍ പോലീസ് ശക്തമാക്കിയിട്ടുണ്ട്. വര്‍ഷങ്ങളായി ലഹരി ഇടപാട് രംഗത്തുണ്ടെങ്കിലും ഇയാളുടെ പേരില്‍ കേസുകള്‍ ഉണ്ടോയെന്ന കാര്യം പരിശോധിക്കണമെന്നാണ് പോലീസ് പറയുന്നത്.

അതിനിടെ സജീറിനെ പിടികൂടാന്‍ കൊച്ചിയിലെ എക്‌സൈസ് സംഘവും ശ്രമിക്കുന്നുണ്ടായിരുന്നു. എക്‌സൈസ് പിടികൂടിയ കേസിലും ഇയാളുടെ പങ്ക് തെളിഞ്ഞിരുന്നു. ഷൈന്‍ ടോം ചാക്കോയ്ക്ക് സജീറുമായി നേരിട്ട് ബന്ധമില്ലന്നാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ പോലീസ് നിഗമനം.

Content Highlights: actor shine tom chacko arrested in drug case