നാലര വയസുകാരനെ വധിക്കാന്‍ശ്രമിച്ച കേസ്: പിതാവിന് 7 വര്‍ഷം തടവ്, രണ്ടാനമ്മയ്ക്ക് 10 വര്‍ഷം കഠിനതടവ്

ഷെഫീഖ് വധശ്രമക്കേസ് പ്രതി ഷെരീഫ് | സ്ക്രീൻ​ഗ്രാബ്
ഷെഫീഖ് വധശ്രമക്കേസ് പ്രതി ഷെരീഫ് | സ്ക്രീൻ​ഗ്രാബ്

തൊടുപുഴ: നാലര വയസ്സുകാരൻ ഷെഫീഖിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ശിക്ഷ വിധിച്ച് കോടതി. ഒന്നാം പ്രതിയായ പിതാവ് ഷെരീഫിന് ഏഴുവർഷം തടവാണ് വിധിച്ചിരിക്കുന്നത്. ഇയാൾക്ക് അന്‍പതിനായിരം രൂപ പിഴയും ചുമത്തി. രണ്ടാം പ്രതി അനീഷയ്ക്ക് 10 വർഷം കഠിനതടവുമാണ് ശിക്ഷ. ഇടുക്കി ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് വിധി.

പിതാവും രണ്ടാനമ്മയും ചേർന്ന് അതിക്രൂരമായാണ് ഷെഫീഖ് എന്ന അഞ്ചുവയസുകാരനെ ഉപദ്രവിച്ചത്. കുറ്റകൃത്യം നടന്ന് 11 വർഷത്തിന് ശേഷമാണ് ശിക്ഷ വിധിക്കുന്നത്. മെഡിക്കൽ തെളിവുകളും സാഹചര്യ തെളിവുകളും അടിസ്ഥാനമാക്കിയായിരുന്നു പ്രോസിക്യൂഷൻ വാദം. ജുവനൈൽ ജസ്റ്റിസ് ആക്ട്, വധശ്രമം ഉൾപ്പെടെ പ്രതികൾക്കെതിരെ ചുമത്തിയിരുന്നു. ഇതെല്ലാം അം​ഗീകരിച്ചാണ് കോടതി പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

2013 ജൂലായിലാണ് നാലരവയസ്സുകാരൻ ഷെഫീഖ്, അച്ഛൻ കുമളി ഒന്നാംമൈൽ പുത്തൻപുരയ്ക്കൽ ഷെരീഫിന്റെയും രണ്ടാനമ്മ അനീഷയുടെയും ക്രൂരമർദനത്തിന് ഇരയായത്. കുട്ടിയുടെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റിരുന്നു. ഇതോടെ താൻ ആരാണെന്നുപോലും തിരിച്ചറിയാനാകാതെയാണ് കുട്ടിയുടെ ഇപ്പോഴത്തെ ജീവിതം. മുമ്പും ഇരുവരും കുട്ടിയെ ഉപദ്രവിക്കുമായിരുന്നുവെന്ന് രണ്ടാം പ്രതിയുടെ അമ്മ മൊഴി നൽകിയിട്ടുണ്ട്.

കേസിൽ മെഡിക്കൽ തെളിവാണ് ഏറ്റവും നിർണായകമായത്. കുട്ടിക്ക് അപസ്മാരം ഉണ്ടെന്നും കട്ടിലിൽനിന്ന് തനിയെ വീണാണ് പരിക്കുകളുണ്ടായതെന്നും ദേഹത്തെ പൊള്ളലുകൾ സ്വയം ഉണ്ടാക്കിയതാണെന്നുമുള്ള വാദങ്ങൾ പ്രതിഭാഗം ഉന്നയിച്ചിരുന്നു. എന്നാൽ, അവസാനമായി ഷെഫീഖിനെ ചികിത്സിച്ച ഡോക്ടറുടെ റിപ്പോർട്ട് ഇതിനെല്ലാം വിരുദ്ധമാണ്. കുട്ടിക്ക് കൈ എത്താത്തയിടങ്ങളിൽപ്പോലും പൊള്ളലുണ്ടെന്നാണ് വിവരം. ഇതെല്ലാം പ്രതികളുടെ കുരുക്ക് മുറുക്കി.

സംഭവത്തിനുശേഷം ഷെഫീഖ് വർഷങ്ങളായി അൽ-അസ്ഹർ മെഡിക്കൽ കോളേജ് അധികൃതരുടെ സംരക്ഷണയിലാണ്. രാഗിണി എന്ന ആയയാണ് പരിചരിക്കുന്നത്. ഓഗസ്റ്റിൽ ജഡ്ജി ആഷ് കെ.ബാൽ ഷെഫീഖിനെ ആശുപത്രിയിലെത്തി കണ്ടിരുന്നു.

Content Highlights: Father and stepmother sentenced for attempting to murder 4.5-year-old Shefeeq in Todupuzha