ഷാബാ ഷരീഫിന് കാവലിരുന്നു, വെട്ടിനുറുക്കി പുഴയിലെറിയുന്നത് കണ്ടുവെന്നും ഒന്നാംസാക്ഷി നൗഷാദ്

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മഞ്ചേരി: മൈസൂരുവിലെ നാട്ടുവൈദ്യന്‍ ഷാബാ ഷരീഫിന്റെ മൃതദേഹം വെട്ടിനുറുക്കി കഷണങ്ങളാക്കി പുഴയില്‍ തള്ളുന്നത് നേരില്‍ കണ്ടതായി ദൃക്സാക്ഷിയുടെ മൊഴി. ഒന്നാംസാക്ഷി സുല്‍ത്താന്‍ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദാണ് (42) വിചാരണയ്ക്കിടെ ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി മുന്‍പാകെ മൊഴിനല്‍കിയത്.

കേസിലെ ഒന്‍പതു പ്രതികളെയും ഷരീഫിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആയുധങ്ങളും നൗഷാദ് തിരിച്ചറിഞ്ഞു. ഷാബാ ഷരീഫിനെ നിലമ്പൂരിലേക്ക് തട്ടിക്കൊണ്ടുവന്ന് മുക്കട്ടയിലെ ഷൈബിന്‍ അഷ്റഫിന്റെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചപ്പോള്‍ കാവലിരുന്നത് നൗഷാദായിരുന്നു.

മൃതദേഹം കഷണങ്ങളാക്കി നുറുക്കുന്നതിനും പിന്നീട് പുഴയില്‍ തള്ളുന്നതിനായി കൊണ്ടുപോകുന്നതിനും സഹായിച്ചുവെന്നതാണ് നൗഷാദിനെതിരേ ചുമത്തിയ കുറ്റം. ഏഴാം പ്രതിയായിരുന്ന നൗഷാദിനെ പിന്നീട് മാപ്പുസാക്ഷിയാക്കി. നൗഷാദിന്റെ വിചാരണ രണ്ടുദിവസംകൂടി തുടരും.

മൂലക്കുരുവിനുള്ള ഒറ്റമൂലി ചികിത്സാരീതി തട്ടിയെടുക്കാനാണ് ഷാബാ ഷരീഫിനെ മൈസൂരുവില്‍നിന്ന് തട്ടിക്കൊണ്ടുവന്നത്. വിവരങ്ങള്‍ കൈമാറാതെ വന്നതോടെ പ്രതികള്‍ ഷരീഫിനെ കൊലപ്പെടുത്തിയന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 2020 ഒക്ടോബറിലായിരുന്നു സംഭവം. പ്രതിപ്പട്ടികയിലുള്ള പന്ത്രണ്ടുപേരില്‍ മൂന്നുപേരെ പിടികൂടാനുണ്ട്. പ്രോസിക്യൂഷനുവേണ്ടി അഡ്വ. ഇ.എം. കൃഷ്ണന്‍ നമ്പൂതിരി ഹാജരായി.

Content Highlights: shaba sharif murder kerala eyewitness reveals more details