ചതിച്ചത് പാവങ്ങളെ, സർക്കാർ ഫണ്ടുവന്നിട്ടും കിട്ടിയില്ലെന്നുപറഞ്ഞു; അറിഞ്ഞിട്ടും മിണ്ടാതെ ഉദ്യോഗസ്ഥർ

#ന്യൂസ് ഡെസ്ക്
എം.ആർ. റാണി ലക്ഷ്മി
എം.ആർ. റാണി ലക്ഷ്മി

സീതത്തോട്(പത്തനംതിട്ട): വീട് പണിയാനുള്ള ലൈഫ് മിഷൻ പണം ബന്ധുക്കളുടെ അക്കൗണ്ടിലൂടെ തട്ടിയെടുത്ത സീതത്തോട് പഞ്ചായത്തിലെ വി.ഇ.ഒ. ഗുണഭോക്താക്കളെ പറ്റിച്ചത് സർക്കാർ വിഹിതം ലഭിച്ചില്ലെന്നുപറഞ്ഞ്. വിവിധ പദ്ധതികളുടെ പണം തേടി ഓഫീസിലെത്തിയിരുന്ന ഗുണഭോക്താക്കളെ ഫണ്ട് ലഭിച്ചില്ലെന്ന് പറഞ്ഞ് മടക്കി അയയ്ക്കുന്നതായിരുന്നു ഇവരുടെ രീതി. അതേസമയം, പണം മറ്റ് അക്കൗണ്ട് വഴി സ്വന്തമാക്കുകയുംചെയ്തു.

വിവിധ പദ്ധതികൾക്കുള്ള പണം സർക്കാരിൽനിന്ന് അനുവദിച്ച് നിർവഹണ ഉദ്യോഗസ്ഥർക്ക് കൈമാറിയതിനെപ്പറ്റി ബോധ്യമുള്ളവരായിരുന്നു പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ. ഇവർക്ക് മുമ്പിലേക്ക് ഒട്ടേറെ ഗുണഭോക്താക്കൾ ഫണ്ട് ലഭിച്ചില്ലെന്ന പരാതിയുമായി ചെന്നിട്ടും പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ഉദ്യോഗസ്ഥരും ഇത് മുഖവിലയ്‌ക്കെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തിരുന്നില്ല. ഇത് തട്ടിപ്പിന് ഗുണമായി.

2024 ഡിസംബർ മുതൽ 2026 ഫെബ്രുവരി വരെയുള്ള കാലയളവിനിടെ 51,23,000 രൂപയാണ് വി.ഇ.ഒ. വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വകമാറ്റിയത്. ഇത്രയും ഭീമമായ തുക നഷ്ടപ്പെട്ടത് നൂറുകണക്കിന് ഗുണഭോക്താക്കളെ ദുരിതത്തിലാക്കി. ഇവർക്ക് ഇനി എങ്ങനെ പണം ലഭിക്കുമെന്നത് സംബന്ധിച്ച് വ്യക്തതയില്ല. വീട് നിർമാണം തുടങ്ങിവെച്ചവരും പാതി വഴിയിലെത്തിച്ചവരുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. തുടർന്നുള്ള ജോലികൾ എങ്ങനെ പൂർത്തിയാക്കുമെന്നാണ് ഗുണഭോക്താക്കൾ ചോദിക്കുന്നത്. സർക്കാർ ഫണ്ട് കൈമാറിയതിനാൽ വീണ്ടും ഇതിനായി ഫണ്ട് അനുവദിക്കില്ല.

ഗുണഭോക്താക്കൾക്ക് പണം നൽകുന്ന ചെക്കുകളും മറ്റും വേണ്ടരീതിയിൽ പരിശോധിക്കാതെ പോയതാണ് തട്ടിപ്പ് തുടരാനിടയാക്കിയതെന്ന് പഞ്ചായത്ത് ജീവനക്കാർ പറയുന്നു. നിർവഹണോദ്യോഗസ്ഥയ്ക്ക് ഫണ്ട് നൽകിയാൽ നിശ്ചിത തീയതിക്കുള്ളിൽ വിതരണംചെയ്ത് പട്ടിക പഞ്ചായത്തിന് കൈമാറേണ്ടതാണ്. ഗുണഭോക്തൃപട്ടികയിലുള്ളവർക്കാണ് പണം നല്കിയതെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വവും മേലുദ്യോഗസ്ഥർ ചെയ്യേണ്ടതാണ്. അതിന്റെ രേഖകൾ പരിശോധിക്കേണ്ടതുമാണ്. രണ്ട് വർഷത്തോടടുത്ത് തുടർച്ചയായി തട്ടിപ്പ് നടത്തിയിട്ടും ഇത് കണ്ടെത്താൻ കഴിഞ്ഞില്ലെന്നു പറയുന്നതിലും ദുരൂഹതയുണ്ട്.

വി.ഇ.ഒ. അറസ്റ്റിൽ

: സീതത്തോട്, തണ്ണിത്തോട് പഞ്ചായത്തുകളിൽനിന്ന് ഗുണഭോക്തൃവിഹിതത്തിൽ തിരിമറി നടത്തി അരക്കോടിയിൽപ്പരം രൂപ തട്ടിയെടുത്ത വി.ഇ.ഒ. പിടിയിൽ. കോന്നി മ്ലാന്തടം പുത്തൻവിളയിൽ വീട്ടിൽ എം.ആർ.റാണി ലക്ഷ്മി(40)യെയാണ് കോന്നി പോലീസ് അറസ്റ്റുചെയ്തത്. തട്ടിപ്പ് പുറത്ത് വന്നതോടെ ഇവർ ഒളിവിൽ പോയിരുന്നു. അതിനിടെ ഇവർ വീട്ടിലെത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് കോന്നി സി.ഐ.യുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈഫ് ഭവനപദ്ധതിയിയുടേതുൾപ്പടെ സീതത്തോട് ഗ്രാമപ്പഞ്ചായത്തിലെ പദ്ധതി ഗുണഭോക്തൃവിഹിതത്തിൽ നിന്ന് 51,23,000 രൂപ വി.ഇ.ഒ. തട്ടിയെടുത്തതായി കാട്ടി പഞ്ചായത്ത് സെക്രട്ടറി കഴിഞ്ഞദിവസം ചിറ്റാർ പോലീസിൽ പരാതി നൽകിയിരുന്നു. റാണി ലക്ഷ്മി ഇപ്പോൾ ജോലിചെയ്യുന്ന തണ്ണിത്തോട് പഞ്ചായത്തിലും സമാന തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെത്തുടർന്ന് തണ്ണിത്തോട് പഞ്ചായത്ത് സെക്രട്ടറിയും പോലീസിൽ പരാതി നൽകി. തുടർന്നാണ് കേസെടുത്ത് അന്വേഷണം തുടങ്ങിയത്.

ഗുണഭോക്താക്കൾക്ക് നൽകാനായി സർക്കാർ അനുവദിച്ച പണം ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അക്കൗണ്ടിലേക്ക് മാറ്റിയാണ് വി.ഇ.ഒ. തട്ടിപ്പ് നടത്തിയത്. കൊല്ലം, പത്തനംതിട്ട ജില്ലകളിലെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് പണം വകമാറ്റിയത്. ബന്ധുക്കളുടെയും മറ്റും പേരുകൾ ഗുണഭോക്തൃപട്ടികയിൽ വ്യാജമായി ചേർത്തായിരുന്നു തട്ടിപ്പ്. 2024 മുതൽ സീതത്തോട് പഞ്ചായത്തിൽ ജോലി ചെയ്തിരുന്ന ഇവർ 2026 ഫെബ്രുവരിയിൽ തണ്ണിത്തോട് പഞ്ചായത്തിലേക്ക് മാറി. അവിടെയെത്തി നടത്തിയ തിരിമറിയാണ് ഇവർ പിടിക്കപ്പെടാനിടയാക്കിയത്.

സീതത്തോട് പഞ്ചായത്തിൽ കൂടുതൽ തട്ടിപ്പ് നടത്തിയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ. മുമ്പ് ജോലിചെയ്തിരുന്ന അരുവാപ്പുലം പഞ്ചായത്തിലും തട്ടിപ്പ് നടത്തിയതായുള്ള വിവരംപുറത്ത് വന്നതിനെ തുടർന്ന് അവിടെയും അന്വേഷണംതുടങ്ങി.

കൂട്ടാളികളും കുടുങ്ങും

: പഞ്ചായത്തിൽ വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ എം.ആർ. റാണി ലക്ഷ്മി നടത്തിയ തട്ടിപ്പ് സംബന്ധിച്ച് കൂടുതൽ പരിശോധന തുടങ്ങി. പഞ്ചായത്ത് അധികൃതർ നടത്തിയ പ്രാഥമികപരിശോധനയിൽ 51.23 ലക്ഷം രൂപയുടെ ക്രമക്കേടാണ് കണ്ടെത്തിയത്. വി.ഇ.ഒ. നടത്തിയ കൂടുതൽ സാമ്പത്തിക ഇടപാടുകൾ പരിശോധനയ്ക്ക് വിധേയമാക്കുന്നതോടെ തട്ടിപ്പിന്റെ വ്യാപ്തി ഉയരുമെന്നാണ് സൂചന. തട്ടിപ്പിനു കൂട്ടുനിന്നവരും കുടുങ്ങും. തണ്ണിത്തോട്, അരുവാപ്പുലം പഞ്ചായത്തുകളിലും സമാനരീതിയിൽ തട്ടിപ്പ് നടത്തിയതിന് പോലീസ് കേസെടുത്തിട്ടുണ്ട്.
2024 ഡിസംബർ ആറ് മുതലാണ് ഇവർ സീതത്തോട് പഞ്ചായത്തിൽനിന്ന് ഗുണഭോക്താക്കളുടെ തുകയിൽ ക്രമക്കേട് നടത്തിയത്. വിവിധ പദ്ധതികൾ പ്രകാരം ഗുണഭോക്താക്കൾക്കായി സർക്കാർ അനുവദിച്ചുനൽകിയ പണം നിർവഹണ ഉദ്യോഗസ്ഥയെന്നനിലയിലാണ് വി.ഇ.ഒ.യുടെ പക്കലെത്തിയത്. ഭർത്താവിന്റെയും അടുത്ത ബന്ധുക്കളുടെയുമെല്ലാം അക്കൗണ്ടുകളിലേക്ക് തുക മാറ്റി. ഇവരെല്ലാം പദ്ധതി ഗുണഭോക്താക്കളാണെന്നനിലയിൽ വ്യാജരേഖകൾ ചമച്ചാണ് പഞ്ചായത്ത് സെക്രട്ടറിമാരെയും പറ്റിച്ചത്.

എസ്. സിനുവിന്റെ പേരിലുള്ള അടൂർ എച്ച്.ഡി.എഫ്.സി.ബാങ്ക് അക്കൗണ്ടിലേക്ക് 15,75,000 രൂപയും എം.ആർ. രമാദേവിയുടെ പേരിൽ കോന്നി ഫെഡറൽ ബാങ്കിലുള്ള അക്കൗണ്ടിലേക്ക് എട്ട് ലക്ഷം രൂപയും ഹരീഷ്‌കുമാർ ഭാസ്‌കരന്റെ പേരിലുള്ള നീണ്ടകര ഫെഡറൽ ബാങ്ക് അക്കൗണ്ടിലേക്ക് 12,10,000 രൂപയും നവനീതിന്റെ പേരിൽ എസ്.ബി.ഐ.വകയാർ ശാഖയിലെ അക്കൗണ്ടിലേക്ക് 15,38,000 രൂപയുമാണ് സീതത്തോട് പഞ്ചായത്തിൽനിന്ന് വി.ഇ.ഒ. വകമാറ്റി നിക്ഷേപിച്ചത്.

സീതത്തോട്ടിൽനിന്ന് തണ്ണിത്തോട് പഞ്ചായത്തിലേക്ക് സ്ഥലംമാറ്റിയപ്പോൾ അവിടെയെത്തി രണ്ട് ലക്ഷം രൂപ ഇത്തരത്തിൽ വകമാറ്റി. ഇത് പിടിക്കപ്പെട്ടതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.