നടിയും സീമാനും പരസ്പരം ക്ഷമാപണം നടത്തണമെന്ന് വീണ്ടും കോടതി; അല്ലെങ്കില്‍ രണ്ടുപേരെയും വിളിച്ചുവരുത്തും

സീമാൻ | Photo: UNI
സീമാൻ | Photo: UNI

ചെന്നൈ: വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന പരാതിയില്‍ നാം തമിഴര്‍ കക്ഷി നേതാവ് സീമാനും പരാതിക്കാരിയും പരസ്പരം ക്ഷമാപണം നടത്തിയില്ലെങ്കില്‍ ഇരുവരെയും വിളിച്ചുവരുത്തുമെന്ന് സുപ്രീംകോടതി മുന്നറിയിപ്പു നല്‍കി. ക്ഷമാപണം നടത്താതെ എത്രകാലം ഈ വിഷയം നീട്ടിക്കൊണ്ടുപോകുമെന്ന് കോടതി ബുധനാഴ്ച ചോദിച്ചു.

പരാതിക്കാരിയായ നടിയോട് സീമാന്‍ സെപ്റ്റംബര്‍ 24-ന് മുന്‍പ് ക്ഷമാപണം നടത്തണമെന്ന് സുപ്രീംകോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. എന്നാല്‍, ഇതു സംബന്ധിച്ച് സീമാന്‍ സമര്‍പ്പിച്ച സത്യവാങ്മൂലം ക്ഷമാപണത്തിന്റെ രൂപത്തിലല്ലെന്ന് പരാതിക്കാരിയുടെ അഭിഭാഷകന്‍ ബുധനാഴ്ച കോടതിയില്‍ ചൂണ്ടിക്കാണിച്ചു.

ഇതേത്തുടര്‍ന്നാണ് കോടതി മുന്നറിയിപ്പു നല്‍കിയത്. അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയതിന് നടിയോട് മാപ്പുപറഞ്ഞാല്‍ സീമാന്റെപേരിലുള്ള കേസ് റദ്ദാക്കുന്ന കാര്യം പരിഗണിക്കാമെന്ന് ജസ്റ്റിസ് ബി.വി. നാഗരത്‌നയും ജസ്റ്റിസ് ആര്‍. മഹാദേവനുമടങ്ങുന്ന ബെഞ്ച് നേരത്തേ വ്യക്തമാക്കിയിരുന്നു.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നു കാണിച്ച് നടി നല്‍കിയ പരാതിയില്‍ ചെന്നൈ, വല്‍സരവാക്കം പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സീമാന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. പരാതി പിന്‍വലിക്കുന്നതായി നടി അറിയിച്ചാലും കേസ് അന്വേഷിക്കാനും തുടര്‍നടപടിയെടുക്കാനും പോലീസിന് സ്വാതന്ത്ര്യമുണ്ടെന്നായിരുന്നു ഹൈക്കോടതി വിധി. ഇതിനെതിരേയാണ് സീമാന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

വിവാഹവാഗ്ദാനം നല്‍കി തന്നെ സീമാന്‍ ലൈംഗിക ചൂഷണത്തിന് ഇരയാക്കുകയും പലതവണ ഗര്‍ഭച്ഛിദ്രം നടത്തിക്കുകയും ചെയ്‌തെന്നും വാക്കുപാലിക്കാതെ മറ്റൊരുവിവാഹം ചെയ്‌തെന്നും ആരോപിച്ച് 2011-ലാണ് നടി ആദ്യം പരാതി നല്‍കിയത്. എന്നാല്‍, കേസുമായി മുന്നോട്ടുപോയില്ല. പത്ത് വര്‍ഷത്തിനുശേഷം വല്‍സരവാക്കം പോലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കിയെങ്കിലും പരാതി പിന്‍വലിക്കുകയാണെന്ന് 2023-ല്‍ അവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ സാഹചര്യത്തില്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സീമാന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി തള്ളിയത്.

Content Highlights: Supreme Court warns Seeman and the complainant to apologize to each other or face summons in a cheating case. The court questions how long the issue will be prolonged without an apology.