പട്ടാപ്പകൽ റിസോർട്ട് ഉടമയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; പോലീസിന്റെ സാഹസിക ‘ചേസിങ്’, പ്രതികൾ വലയിൽ

#ന്യൂസ് ഡെസ്ക്
• റിസോർട്ട് ഉടമ ശ്യാമിനെ പരിക്കേറ്റ നിലയിൽ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ, പ്രതി ജഡീർഖാനെ പോലീസ്കൊണ്ടുവരുന്നു
• റിസോർട്ട് ഉടമ ശ്യാമിനെ പരിക്കേറ്റ നിലയിൽ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ, പ്രതി ജഡീർഖാനെ പോലീസ്കൊണ്ടുവരുന്നു

വെള്ളറട: പട്ടാപ്പകൽ കാറുകളിലെത്തിയ ആറംഗ ഗുണ്ടാസംഘം നിർമാണം നടക്കുന്ന റിസോർട്ടിന്റെ ഉടമയെ മർദിച്ചവശനാക്കിയശേഷം തട്ടിക്കൊണ്ടുപോയി. വിവരമറിഞ്ഞ പോലീസ് കാറിനെ പിന്തുടർന്ന് രണ്ടുപേരെ പിടികൂടി. ഓടിരക്ഷപ്പെട്ട മറ്റൊരു പ്രതിയെ പിന്നീട് പിടികൂടി. പരിക്കേറ്റ റിസോർട്ട് ഉടമയെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന് പിന്നിൽ പണമിടപാട് തർക്കമെന്നാണ് പോലീസ് പറയുന്നത്.

നെടുമങ്ങാട് സ്വദേശി ഷാജഹാൻ (40), കർണാടക സ്വദേശികളായ ജഡീർഖാൻ (40), നൂറുള്ള എന്നിവരാണ് അറസ്റ്റിലായത്. കൂട്ടപ്പൂ തേക്കുപാറയ്ക്ക് സമീപം നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന ഹിൽസ് ഹോം എന്ന റിസോർട്ടിന്റെ ഉടമ ബാലരാമപുരം ശാന്തിപുരം ശ്യാം നിവാസിൽ താമസിക്കുന്ന ശ്യാമിനെയാണ് (ആര്യനാട് ശ്യാം-40) തട്ടിക്കൊണ്ടുപോയത്. കൂടെയുണ്ടായിരുന്ന നെടുമങ്ങാട് സ്വദേശി ആന്റണി സേവ്യറിന് (40) പരിക്കേറ്റു.

ശ്യാമിന്റെ വാഹനം അക്രമികൾ തകർത്ത നിലയിൽ

ബുധാഴ്ച വൈകിട്ട് മൂന്നരയോടെ കൂട്ടപ്പൂ കുളമാൻകുഴിയിൽ വെച്ചാണ് സംഭവം. ഷാജഹാനിൽനിന്നു വർഷങ്ങൾക്കുമുമ്പ് ശ്യാം രണ്ട് കോടി രൂപ വാങ്ങിയിട്ടുണ്ടെന്നും അത് തിരികെ നൽകാത്തതിനെത്തുടർന്നുള്ള വൈരാഗ്യത്തിലാണ് മർദനവും തട്ടിക്കൊണ്ടുപോകലുമെന്നാണ് പ്രതികളിൽനിന്നു ലഭിച്ച പ്രാഥമികവിവരങ്ങളെന്ന് പോലീസ് പറഞ്ഞു.

റിസോർട്ട് ഉടമ ശ്യാമിനെ പരിക്കേറ്റ നിലയിൽ വെള്ളറട സാമൂഹികാരോഗ്യ കേന്ദ്രത്തിലെത്തിച്ചപ്പോൾ

ഭീതി മാറാതെ നാട്ടുകാർ

രണ്ടു കാറുകളിലായാണ് പ്രതികളെത്തിയതെന്നും രാവിലെമുതൽ ഈ കാറുകൾ പരിസരപ്രദേശങ്ങളിലുണ്ടായിരുന്നതായും നാട്ടുകാർ പറഞ്ഞു. ഈ സമയം തേക്കുപാറ കൊണ്ടകെട്ടി മലയിൽ പണി നടക്കുന്ന റിസോർട്ടിലായിരുന്നു ശ്യാം. ജീവനക്കാരനായ ആന്റണി സേവ്യറുമൊത്ത് ജീപ്പിൽ മലയിറങ്ങി കൂട്ടപ്പൂവിലേക്ക് വരികയായിരുന്ന ശ്യാമിനെ കുളമാൻകുഴിയിൽവെച്ച് വാഹനം തടഞ്ഞ് ആക്രമിക്കുകയായിരുന്നു. ജീപ്പിൽനിന്ന് ശ്യാമിനെ വലിച്ചിഴച്ച് പുറത്തിറക്കിയശേഷം മാരാകായുധങ്ങളുമായി ആക്രമിച്ചു. വെട്ടിപ്പരിക്കേൽപ്പിക്കുകയും മർദിച്ചവശനാക്കുകയുമായിരുന്നു. കൂടെയുണ്ടായിരുന്ന ആന്റണിക്കും മർദനമേറ്റു. തുടർന്ന് പ്രതികൾ ശ്യാമിനെ അവരുടെ കാറിൽ ബലമായി കയറ്റിക്കൊണ്ടുപോകുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

പ്രതി ജഡീർഖാനെ പോലീസ് കൊണ്ടുവരുന്നു

പ്രതികളെ പിടികൂടിയത് സാഹസികമായി

അമിതവേഗതയിൽ പ്രതികൾ ശ്യാമിനെയുംകൊണ്ട് കാട്ടാക്കട ഭാഗത്തേക്ക് പാഞ്ഞു. പ്രതികൾ മണ്ണാംകോണം കഴിഞ്ഞെന്നുള്ള വിവരമറിഞ്ഞ് ആര്യങ്കോട് പോലീസ് ചെമ്പൂർ ഭാഗത്തേയ്ക്ക് ജീപ്പുമായെത്തി. ചെമ്പൂർ സ്‌കൂളിന് സമീപത്തുവെച്ച് പ്രതികളുടെ കാറിന് കുറുകെ ജീപ്പ് നിർത്തി.

പ്രതി ഷാജഹാനെ പോലീസ് പിടികൂടിയപ്പോൾ

ഉടനെ കാർ പിന്നോട്ടെടുത്ത് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വൈദ്യുതത്തൂണിൽ തട്ടിനിന്നു. പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടുകയായിരുന്നു. ആര്യങ്കോട് എസ്.ഐ. എസ്. സാബുവിന്റെ നേതൃത്വത്തിൽ എ.എസ്.ഐ.മാരായ പ്രവീൺകുമാർ, സുനിൽകുമാർ, സി.പി.ഒ.മാരായ രാജേഷ്‌കുമാർ, അക്ഷയ്, അജിത്ത്, സുഭാഷ്, അഭയ് എന്നിവരാണ് പിടികൂടിയത്.

അക്രമികൾ സഞ്ചരിച്ച കാർ

റിസോർട്ട് ഉടമയായ ശ്യാം, സന്തോഷ് എന്ന പേരിലാണ് തേക്കുപാറയിൽ അറിയുന്നതെന്നും ഇയാളുടെ പേരിൽ ഒട്ടേറെ കേസുകളുണ്ടെന്നും പോലീസ് പറഞ്ഞു. മുഖത്തും കാതിനും ഗുരുതരമായി പരിക്കേറ്റ ശ്യാമിനെ വെള്ളറട സാമൂഹികാരോഗ്യകേന്ദ്രത്തിലേക്കും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്കും മാറ്റി.

Content Highlights: A 6-member gang abducted a resort owner named Shyam in Vellarada in broad daylight., The abduction was reportedly over a two crore financial dispute., Police chased the getaway car and arrested three suspects including Shahjahan and Jadeer Khan., The injured resort owner was shifted to Thiruvananthapuram Medical College Hospital.