സാധാരണ കൊലപാതകമല്ല, വായ്ക്കരിയിടാന്‍പോലും കഴിയാത്ത നിലയിലായിരുന്നു മൃതദേഹം- രഞ്ജിത്തിന്റെ ഭാര്യ

ആലപ്പുഴ: രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിലെ ശിക്ഷാവിധിയില്‍ സംതൃപ്തരെന്ന് കുടുംബം. ആശ്വാസമുണ്ട്. വധശിക്ഷ തന്നെ ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും രഞ്ജിതിന്റെ ഭാര്യ അഡ്വ. ലിഷ മാധ്യമങ്ങളോട് പ്രതികരിച്ചു. കേവലം ഒരു കൊലപാതകം മാത്രമായി കേസ് എഴുതി തള്ളാൻ സാധിക്കുകയില്ല. ഇതൊരു സാധരണ കൊലപാതകമല്ലെന്നും വായ്ക്കരി ഇടാൻ പേലും കഴിയാത്ത നിലയിലായിരുന്നു മൃതദേഹമെന്നും ലിഷ പറഞ്ഞു.
കേസ് സത്യസന്ധമായി അന്വേഷിച്ച് കോടതിയിലെത്തിച്ചത് ഡി.വൈ.എസ്.പി. ജയരാജും സംഘവുമാണ്. അതുകൊണ്ടാണ് ഇത്ര വേഗത്തിലൊരു വിധിയുണ്ടായത്. പ്രോസിക്യൂഷനും കോടതിയിൽ വിശദമായി വാദം നടത്തി. കോടതി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. എല്ലാവരോടും നന്ദി പറയുന്നതായും ലിഷ പറഞ്ഞു.
2021 ഡിസംബര്‍ 19-ന് പുലര്‍ച്ചെയാണ് രഞ്ജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടില്‍ക്കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊന്നത്. ഡിസംബര്‍ 18-ന് രാത്രി എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ ആലപ്പുഴ മണ്ണഞ്ചേരിയില്‍വെച്ച് കൊലപ്പെടുത്തിയതിന്റെ പ്രതികാരമായിട്ടായിരുന്നു രഞ്ജിത് ശ്രീനിവാസനെയും വെട്ടിക്കൊലപ്പെടുത്തിയത്. കേസിലെ പ്രതികളെല്ലാം പോപ്പുലര്‍ഫ്രണ്ട്-എസ്.ഡി.പി.ഐ. പ്രവര്‍ത്തകരാണ്.
രഞ്ജിത് ശ്രീനിവാസന്‍ വധം മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച കൊലപാതകമാണെന്നായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞത്. അതിഭീകരമായരീതിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നും പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിരുന്നു.
Content Highlights: renjiths wife lisha reacts to the verdict