കനത്ത ജാഗ്രതയ്ക്കിടെ രണ്ടാമത്തെ കൊലപാതകം; ആദ്യം പോലീസിന് ഷോക്ക്, ദിവസങ്ങള്‍ക്കുള്ളിൽ പ്രതികൾ പിടിയിൽ

ആലപ്പുഴ: രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചപ്പോള്‍ പോലീസിനും അഭിമാനനേട്ടം. കുറ്റമറ്റ അന്വേഷണത്തിലൂടെയും ശാസ്ത്രീയമായ തെളിവുശേഖരണത്തിലൂടെയും ആലപ്പുഴ പോലീസ് മികവുകാട്ടിയ കേസാണിത്.
കെ.എസ്. ഷാന്‍ വധത്തിനുശേഷം മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു. ആദ്യ കൊലപാതകത്തിനുശേഷം പോലീസ് കനത്ത ജാഗ്രതയില്‍ തുടരുമ്പോഴായിരുന്നു സംഭവം. ഇതു പോലീസിനു വലിയ ഷോക്കായി. നഗരത്തില്‍ പോലീസിന്റെ മൂക്കിനുതാഴെ അരുംകൊല നടന്നിട്ടും മുന്‍കൂട്ടി അറിഞ്ഞില്ലെന്ന വിമര്‍ശനം പോലീസ് ഇന്റലിജന്‍സ് വിഭാഗം ഏറെ കേട്ടു. എന്നാല്‍, അന്വേഷണം തുടങ്ങിയതോടെ പോലീസ് ഉണര്‍ന്നു.
വെള്ളക്കിണറിലുള്ള രഞ്ജിത്തിന്റെ വീട്ടിലേക്ക് പ്രതികള്‍ കൂട്ടമായി ഇരുചക്രവാഹനത്തില്‍ പോകുന്ന സി.സി.ടി.വി. ദൃശ്യമാണ് പോലീസിന് ആദ്യമായി ലഭിക്കുന്ന തുമ്പ്. വീഡിയോയില്‍ പ്രതികളുട മുഖം വ്യക്തമല്ലായിരുന്നു. ആരെയും തിരിച്ചറിയാന്‍ സാധിച്ചില്ല. വാഹനങ്ങളുടെ നമ്പര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം തുടങ്ങിയത്. സി.സി.ടി.വി. ദൃശ്യം പുറത്തുവന്നതോടെ പ്രതികളെല്ലാവരും ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തു മുങ്ങി. പ്രതികളെ എത്രയുംവേഗം പിടികൂടാന്‍ ആലപ്പുഴ ഡിവൈ.എസ്.പി. എന്‍.ആര്‍. ജയരാജിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു. 24-പേരടങ്ങുന്ന പ്രത്യേകസംഘത്തെ ജില്ലാ പോലീസ് മേധാവിയായിരുന്ന ജി. ജയദേവാണ് നയിച്ചത്. പോലീസ് ഉന്നതോദ്യോഗസ്ഥര്‍ പ്രത്യേക അന്വേഷണസംഘവുമായി നിരന്തരം ബന്ധപ്പെട്ടു. പ്രതികളെ പിടികൂടാന്‍ പോലീസിനുമേല്‍ സമ്മര്‍ദമേറെ. സ്‌ക്വാഡിലെ മികച്ച അന്വേഷണോദ്യോഗസ്ഥര്‍ പ്രൊഫഷണലായിത്തന്നെ കുറ്റവാളികളിലേക്കെത്തി.
പല സംഘങ്ങളായിത്തിരിഞ്ഞ പോലീസ് സേന പല ജില്ലകളില്‍നിന്നാണ് പ്രതികളെ പിടികൂടിയത്. ചിലരെ ആലപ്പുഴയിലെ ഒളിയിടത്തില്‍നിന്നു െപാക്കി. ഫോണ്‍ സ്വിച്ച്ഓഫ് ആയതിനാല്‍ ടവര്‍ ലൊക്കേഷന്‍ നോക്കി പ്രതികളെ കണ്ടെത്തുക അസാധ്യമായിരുന്നു. ഫീല്‍ഡിലുള്ള രഹസ്യാന്വേഷണത്തിലൂടെയും പരമാവധിയാളുകളെ ചോദ്യംചെയ്തുമാണ് പ്രതികളെ കണ്ടെത്തിയത്. അതും 30- ദിവസത്തിനുള്ളില്‍. ഒരുപ്രതിയില്‍നിന്നു മറ്റൊരുപ്രതിയിലേക്കു പെട്ടെന്നുതന്നെ പോലീസ് സഞ്ചരിച്ചു. പിന്നീടുള്ള വെല്ലുവിളി തെളിവുശേഖരണമായിരുന്നു. കൃത്യത്തിനായി ഉപയോഗിച്ച ആയുധനങ്ങളെല്ലാം കണ്ടെടുത്തു. അതു കൃത്യത്തിന് ഉപയോഗിച്ചതാണെന്ന് ശാസ്ത്രീയമായി തെളിയിക്കാനും സാധിച്ചു. സാക്ഷികളെയും കൃത്യമായി അണിനിരത്താന്‍ പോലീസ് സംഘത്തിനു സാധിച്ചു. 90-ാം ദിവസം കേസിന്റെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അന്വേഷണസംഘത്തിനുസാധിച്ചത് വലിയ നേട്ടമായി.
രഞ്ജിത് ശ്രീനിവാസന്‍ വധക്കേസിന്റെ നാള്‍വഴി
2021 ഡിസംബര്‍ 19- രഞ്ജിത്ത് ശ്രീനിവാസന്‍ കൊല്ലപ്പെട്ടു.
ഡിസംബര്‍ 22- കേസ് അന്വേഷണത്തിനായി ആലപ്പുഴ ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
2022 മാര്‍ച്ച് 18- കേസിലെ 15 പ്രതികളെ അറസ്റ്റുചെയ്ത് കുറ്റപത്രം സമര്‍പ്പിച്ചു.
ഏപ്രില്‍ 23- അഡ്വ. പ്രതാപ് ജി. പടിക്കലിനെ കേസിലെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിച്ചു
ഏപ്രില്‍ 26- കേസ് ആലപ്പുഴ സെഷന്‍സ് കോടതിയിലേക്കു മാറ്റി.
ഒക്ടോബര്‍ 10- വിചാരണക്കോടതി മാറ്റണമെന്ന പ്രതികളുടെ ആവശ്യത്തെത്തുടര്‍ന്ന് ഹൈക്കോടതി കേസ്‌വിചാരണ മാവേലിക്കര സെഷന്‍സ് കോടതിയിലേക്കു മാറ്റി.
ഡിസംബര്‍ 16- കുറ്റപത്രം വായിച്ചു.
2023 ജനുവരി 16- കേസിന്റെ വിചാരണ ഫെബ്രുവരി 16- നു തുടങ്ങാന്‍ മാവേലിക്കര സെഷന്‍സ് ജഡ്ജി വി.ജി. ശ്രീദേവി ഉത്തരവിട്ടു.
ഫെബ്രുവരി 16- പ്രതികള്‍ അഭിഭാഷകരെ നിയോഗിക്കാന്‍ സമയം ആവശ്യപ്പെട്ടു. സാക്ഷിവിസ്താരം മാര്‍ച്ച് ഒന്നിനു തുടങ്ങാന്‍ കോടതി തീരുമാനിച്ചു. വിചാരണ സ്റ്റേ ചെയ്യാന്‍ പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു.
മാര്‍ച്ച് 1- വിചാരണനടപടികള്‍ 15 ദിവസത്തേക്ക് ഹൈക്കോടതി സ്റ്റേ ചെയ്തു.
മാര്‍ച്ച് 3- വിചാരണ മാര്‍ച്ച് 15-നു തുടങ്ങാന്‍ തീരുമാനിച്ചു. എന്നാല്‍, വിചാരണ നിര്‍ത്തിവെക്കാന്‍ പിന്നീട് ഹൈക്കോടതി ഉത്തരവിട്ടു.
ഏപ്രില്‍ 12- ഏപ്രില്‍ 17 മുതല്‍ സാക്ഷിവിസ്താരം തുടങ്ങാന്‍ കോടതി ഉത്തരവിട്ടു.
ഏപ്രില്‍ 17- പോലീസ് സുരക്ഷയില്‍ സാക്ഷിവിസ്താരം തുടങ്ങി.
മേയ് 5- ഹൈക്കോടതി വിചാരണനടപടികള്‍ ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു.
ജൂണ്‍ 24- വീണ്ടും കോടതി മാറ്റം ആവശ്യപ്പെട്ട് പ്രതികള്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. ജൂലായ് 12 മുതല്‍ സാക്ഷിവിസ്താരം പുനരാരംഭിക്കാന്‍ കോടതി ഉത്തരവിട്ടു.
ഒക്ടോബര്‍ 28- 49 ദിവസം നീണ്ടുനിന്ന 156 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.
നവംബര്‍ 13- പ്രതികളെ കോടതി ചോദ്യംചെയ്ത് ആറായിരത്തോളം പേജുകളിലായി വിവരങ്ങള്‍ രേഖപ്പെടുത്തി.
ഡിസംബര്‍ 15- കേസില്‍ അന്തിമവാദം പൂര്‍ത്തിയാക്കി.
2024 ജനുവരി 20- 15 പ്രതികളും കുറ്റക്കാരെന്ന് മാവേലിക്കര അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി.
ജനുവരി 30- കേസില 15 പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിച്ചു.
Content Highlights: renjith sreenivasan murder case police investigation