10.74 കോടി രൂപ തട്ടി, 5434 അക്കൗണ്ടുകളിലേക്ക് പണം മാറ്റി; റീൽസ് താരം പിടിയിൽ

പുണെ: വയോധികനിൽനിന്ന് ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പിലൂടെ 10 കോടിയിലധികം രൂപ അപഹരിച്ച കേസിൽ പ്രധാന പങ്കുവഹിച്ച യുവാവ് പുണെയിൽ അറസ്റ്റിലായി. പുണെ പോലീസിന്റെ തന്ത്രപരമായ ഇടപെടലിലൂടെ രക്ഷപ്പെടാൻ വഴിയില്ലാതായതോടെ കോടതിയിൽ കീഴടങ്ങാനെത്തിയ പ്രതിയെ കണ്ട് എല്ലാവരും ഞെട്ടി, ആളെ നല്ല പരിചയം. പ്രതി സോഷ്യൽമീഡിയയിൽ അത്യാവശ്യം ഫോളോവേഴ്‌സൊക്കെയുള്ള ഒരു വ്ളോഗർ, രോഹൻ ജാദവ്.
ബാങ്ക് അക്കൗണ്ടുകളും മറ്റെല്ലാ സാമ്പത്തിക സ്രോതസ്സുകളും പോലീസ് മരവിപ്പിച്ചതിനെ തുടർന്നാണ് രോഹൻ ജാദവ് എന്ന യുവ 'ഇൻഫ്‌ളുവൻസർക്ക്' കോടതിയിൽ കീഴടങ്ങേണ്ടിവന്നത്. ഛത്രപതി സംഭാജിനഗർ സ്വദേശിയായ ജാദവ്, തട്ടിയെടുത്ത 10.74 കോടി രൂപ 5,436 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്. ഇതുകൂടാതെ ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്ക് മാറ്റിക്കൊടുക്കുന്ന ഇടപാടും ഇയാൾക്കുണ്ടായിരുന്നു.
ഒരു വശത്ത് സാമൂഹിക മാധ്യമങ്ങളിലെ ട്രെൻഡുകൾ കൃത്യമായി പ്രയോജനപ്പെടുത്തി ഇൻഫ്‌ളുവൻസറായി ജനങ്ങളുടെ ഇടയിൽ താരമായി, ധാരാളം പണം സമ്പാദിച്ചു. മറുവശത്ത് അതേ സൈബറിടത്തിലെ ലൂപ്‌ഹോളുകൾ കണ്ടെത്തി ഡിജിറ്റൽ അറസ്റ്റടക്കമുള്ള കുറ്റകൃത്യങ്ങളിലൂടെ ജനങ്ങളുടെ പണം തട്ടിയെടുത്തു. സോഷ്യൽമീഡിയയുടെ ഇരുവശവും കൃത്യമായി പ്രയോജനപ്പെടുത്തി പണം തട്ടിയ വിരുതനാണ് ഒടുവിൽ പോലീസിന്റെ പിടിയിലായത്.
ഈ വർഷം ജനുവരിയിലാണ് സംഭവങ്ങളുടെ തുടക്കം. സിബിഐ ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് ഒരു സംഘം തട്ടിപ്പുകാർ ആ വയോധികനെ ബന്ധപ്പെട്ടത്. അദ്ദേഹം ഒരു കേസിൽ പ്രതിയാണെന്ന് ധരിപ്പിച്ച അവർ 'ഡിജിറ്റൽ അറസ്റ്റ്' ഭീഷണി മുഴക്കി. നിയമനടപടികൾ ഒഴിവാക്കാനെന്ന വ്യാജേന, 10.74 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു.
താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസ്സിലാക്കിയ വയോധികൻ പിന്നീട് പോലീസിനെ സമീപിക്കുകയായിരുന്നു. ദിവസങ്ങൾക്കുശേഷം പ്രതികളിൽ ഒരാൾ എടിഎമ്മിൽ നിന്ന് പണം പിൻവലിച്ചതോടെ പോലീസ് ഇയാളെ പിടികൂടി. ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹർഷാദ് സുഭാഷ് ധാന്തോലെ, സമർത്ഥ് സുരേഷ് ദേശ്മുഖ്, അമർ ശിവാജി അത്താർഗി എന്നീ മൂന്ന് പേരെക്കൂടി പോലീസ് അറസ്റ്റ് ചെയ്തു.
വിശദമായി ചോദ്യംചെയ്യലിൽ, പിൻവലിച്ച പണം ജാദവിനാണ് നൽകിയതെന്ന് പ്രതികളിൽ ഒരാളായ ധാന്തോലെ വെളിപ്പെടുത്തി. ഇതേസമയം, കൂട്ടാളികൾ അറസ്റ്റിലായതോടെ ജാദവ് ഒളിവിൽ പോയിരുന്നു. ജാദവിനെക്കുറിച്ച് അന്വേഷണം വ്യാപിപ്പിച്ച പോലീസിന് ഞെട്ടിക്കുന്ന പല വിവരങ്ങളും ലഭിച്ചു. തട്ടിയെടുത്ത 10.74 കോടി രൂപ ജാദവ് 5,436 ബാങ്ക് അക്കൗണ്ടുകളിലേക്കാണ് മാറ്റിയിരുന്നത്. ഇതുകൂടാതെ ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്ക് മാറ്റിക്കൊടുക്കുന്ന ഇടപാടും ഇയാൾക്കുണ്ടായിരുന്നു.
ടെലിഗ്രാം ആപ്പ് വഴി ഹോങ്കോങ്ങിലുള്ള വ്യക്തികളുമായി ഇയാൾ നിരന്തരം ബന്ധപ്പെട്ടിരുന്നതായും അവരുമായി വീഡിയോ കോളുകളിൽ സംസാരിച്ചിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി. ഡിജിറ്റൽ ക്രിപ്റ്റോ കറൻസി ഉപയോഗിച്ചാണ് ജാദവ് ഹോങ്കോങ്ങിലെ തന്റെ സിൽബന്ധികളുമായി സാമ്പത്തിക ഇടപാടുകൾ നടത്തിയിരുന്നത്. ഇന്ത്യൻ രൂപ വിദേശ കറൻസിയിലേക്ക് മാറ്റിക്കൊടുക്കുന്നതിന് വൻ തുകയാണ് ഇയാൾക്ക് കമ്മീഷനായി ലഭിച്ചിരുന്നത്.
പ്രതി ചെറിയപുള്ളിയല്ല എന്ന് മനസിലായതോടെ ജാദവിനെ മാളത്തിൽനിന്നും പുറത്തുചാടിക്കാനായി പോലീസിന്റെ ശ്രമം. വൈകാതെ അവർ ഇയാളുടെ ബാങ്ക് അക്കൗണ്ടുകളും സാമ്പത്തിക സ്രോതസ്സുകളും മരവിപ്പിച്ചു. കൈയിൽ പണവുമില്ല എങ്ങോട്ടും രക്ഷപ്പെടാനുമാവില്ല എന്ന് ബോധ്യമായതോടെ ജാദവ് കോടതിയിൽ കീഴടങ്ങുകയായിരുന്നു.
ഇൻഫ്‌ളുവൻസറായ ജാദവ് സെലിബ്രിറ്റി മാനേജ്മെന്റ് രംഗത്തും പ്രവർത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ അറിയിച്ചു. ജാദവിനെതിരെ പുണെയിലും പിംപ്രി-ചിഞ്ച്വാഡിലുമായി രണ്ട് കേസുകളാണ് നിലവിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇയാൾ സമാനമായ വേറെയും തട്ടിപ്പുകൾ നടത്തിയിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.
Content Highlights: Social media influencer Rohan Jadhav surrendered and was arrested in Pune. The accused duped an elderly man of Rs 10.74 crore using a digital arrest scam. The scam involved 5,436 bank accounts and cryptocurrency transactions linked to Hong Kong. Fraudsters posed as CBI officers to threaten the victim.