ബിസിനസ് പങ്കാളിയാക്കാമെന്ന് പറഞ്ഞ് വായ്പയെടുപ്പിക്കും, തട്ടിയത് കോടികള്‍; പണം ഓണ്‍ലൈന്‍ ചൂതാട്ടത്തിന്

#ന്യൂസ് ഡെസ്‌ക്
സലാഹുദ്ദീൻ
സലാഹുദ്ദീൻ

കരുവാരക്കുണ്ട്(മലപ്പുറം) റിയല്‍ എസ്റ്റേറ്റ് ബിസിനസില്‍ പങ്കാളിയാക്കാമെന്നു പറഞ്ഞ് പണം തട്ടിയ കേസില്‍ കരുവാരക്കുണ്ട് പോലീസ് അറസ്റ്റ് ചെയ്ത പെരിന്തല്‍മണ്ണ കുരുവമ്പലം സ്വദേശി സലാഹുദ്ദീനെതിരേ കൂടുതല്‍ പരാതികള്‍. ഇരുപതോളം പേരില്‍നിന്ന് 10 കോടി രൂപയോളം തട്ടിയെടുത്തതായി പോലീസ് പറഞ്ഞു. തട്ടിയെടുത്ത പണം പ്രധാനമായും ചെലവഴിച്ചത് ഓണ്‍ലൈന്‍ ചൂതാട്ടത്തിനാണ്. ഒരു കോടി രൂപയിലേറെ ഓണ്‍ലൈന്‍ ഗെയിമിലൂടെ നഷ്ടപ്പെട്ടതായി പ്രതി മൊഴി നല്‍കിയതായും പോലീസ് പറഞ്ഞു.

കരുവാരക്കുണ്ട് ഭവനംപറമ്പ് സ്വദേശിയില്‍നിന്ന് 65 ലക്ഷം രൂപ കൈപ്പറ്റിയ കേസിലാണ് സലാഹുദ്ദീനെ അറസ്റ്റ് ചെയ്തത്. ബാങ്ക് വായ്പ എടുക്കാനുള്ള സഹായങ്ങള്‍ പ്രതിതന്നെയാണ് ചെയ്തുകൊടുത്തത്. വായ്പയെടുക്കാനുള്ള രേഖകള്‍ വാങ്ങിയശേഷം ഒരേസമയം വിവിധ ബാങ്കുകളില്‍ അവ സമര്‍പ്പിച്ച് വായ്പ സംഘടിപ്പിച്ച് ബാങ്കുകളെയും കളിപ്പിച്ചാണ് വലിയ തുക പ്രതി തരപ്പെടുത്തിയത്. ബാങ്ക് വായ്പയ്ക്കുപുറമേ മൊബൈല്‍ ഫോണ്‍ ആപ്പ് മുഖേനയും വായ്പയെടുപ്പിച്ച് ബിസിനസില്‍ കൂടുതല്‍ പണം നിക്ഷേപിപ്പിക്കും. ഉയര്‍ന്ന ശമ്പളക്കാരെയാണ് സലാഹുദ്ദീന്‍ തട്ടിപ്പിന് ഇരയാക്കിയിരുന്നത്. പ്ലസ് ടു വിദ്യാഭ്യാസയോഗ്യതയുള്ള പ്രതി എംടെക് വിദ്യാഭ്യാസമുള്ളവരെയും ഐടി മേഖലയിലുള്ളവരെയുമാണ് തട്ടിപ്പിന് ഇരയാക്കിയതെന്ന് പോലീസ് പറഞ്ഞു. വിവിധ ജില്ലകളിലായി നിരവധി പേരാണ് ഇയാളുടെ വലയില്‍ വീണിട്ടുള്ളത്. മാസംതോറുമുള്ള തിരിച്ചടവ് സലാഹുദ്ദീന്‍ നല്‍കുമെന്ന വ്യവസ്ഥയോടെയാണ് വായ്പ എടുപ്പിക്കുന്നത്. കൈപ്പറ്റുന്ന തുകയ്ക്ക് സലാഹുദ്ദീന്‍ ആദ്യത്തെ മൂന്നു മാസം നിശ്ചയിച്ച ലാഭവിഹിതം മുടങ്ങാതെ നല്‍കും. വിശ്വാസം പിടിച്ചുപറ്റി കൂടുതല്‍ തുക കൈപ്പറ്റുകയും ചെയ്യും. 62 ലക്ഷം രൂപ നല്‍കിയ കരുവാരക്കുണ്ടിലെ പരാതിക്കാരന് ആദ്യഘട്ടത്തില്‍ 15 ലക്ഷം രൂപ പ്രതി തിരിച്ചുനല്‍കി 48 ലക്ഷം രൂപ തട്ടിയെടുക്കുകയാണ് ചെയ്തത്. പരാതിക്കാരന് മാസത്തില്‍ രണ്ട് ലക്ഷം രൂപ വായ്പ തിരിച്ചടയ്ക്കാന്‍ കണ്ടെത്തേണ്ട അവസ്ഥയിലാണ്. സമാനമായ രീതിയില്‍ തട്ടിപ്പിന് ഇരയായ ഒരാള്‍ പ്രതിക്കെതിരേ കാളികാവിലും പരാതി നല്‍കിയിട്ടുണ്ട്.

ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട പ്രതിയെ കാളികാവില്‍ താമസിച്ചിരുന്ന മുറിയിലെത്തിച്ച് കരുവാരക്കുണ്ട് പോലീസ് തെളിവെടുപ്പ് നടത്തി.

Content Highlights: Real estate scam in Karuvarakund, Malappuram. Accused arrested for duping over 20 people of Rs 10 crore, spent on online gambling. Learn more.