'5000 നിക്ഷേപിച്ചാല്‍ അഞ്ച് കോടി തിരികെ'; 500 കോടിയുടെ ഇറിഡിയം തട്ടിപ്പ്; RBI-യുടെ പേരിലും വ്യാജരേഖ

#എം.എസ്. ലിഷോയ്/ മാതൃഭൂമി ന്യൂസ്
Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

തൃശ്ശൂർ: ജില്ല കേന്ദ്രീകരിച്ച് 500 കോടിയുടെ ഇറിഡിയം തട്ടിപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലും വ്യാജ രേഖ ചമച്ചതായാണ് വിവരം. നിക്ഷേപകരിൽ നിന്ന് പിരിച്ച പണം റിസർവ് ബാങ്കിൽ അടച്ചിട്ടുണ്ട് എന്നാണ് രേഖ ഉണ്ടാക്കിയത്.

പണം കോടികളാക്കി തിരിച്ച് തരാം എന്ന് പറഞ്ഞ് അഞ്ഞൂറോളം കോടി രൂപയാണ് നിക്ഷേപകരിൽ നിന്ന് ഇവർ സ്വീകരിച്ചത്. എന്നാൽ ഇത് തിരികെ നൽകാൻ ഇവർക്ക് സാധിച്ചില്ല. അയ്യായിരം രൂപയ്ക്ക് അഞ്ചുകോടി രൂപ വരെ വാഗ്ദാനം നൽകിയ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ  വാങ്ങിയ പണം പോലും തിരികെ ലഭിക്കാതായപ്പോഴാണ് നിക്ഷേപകർ പരാതിയുമായി പോലീസിനെ സമീപിച്ചത്.

കൂടുതൽ പരാതികൾ ഉയരുമെന്ന ഘട്ടമെത്തിയപ്പോഴാണ് ആർബിഐയുടെ വ്യാജ ലെറ്റർ ഹെഡുമായി ഇവർ രംഗത്തെത്തിയത്. തങ്ങൾക്ക് തന്നപണമെല്ലാം ആർബിഐയിൽ നിക്ഷേപിച്ചിരിക്കുകയാണ്. ഇടപാട് തീർന്ന് കഴിഞ്ഞാൽ പണം ആർബിഐയിൽ നിന്ന് തിരികെ ലഭിക്കുമെന്ന് ഇടപാടുകാരെ വിശ്വസിപ്പിക്കാൻ ആർബിഐയുടെ തന്നെ വ്യാജ ലെറ്റർ ഹെഡിൽ നിക്ഷേപകർക്ക് നൽകിയിരിക്കുന്നത്. ഇതിനെതിരേ ആർബിഐ ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിട്ടുണ്ട്.

Content Highlights: rbi fake documents thrissur iridium fraud