പടക്കം പൊട്ടിച്ചതിനെചൊല്ലി തർക്കം; രാഷ്ട്രപതിയുടെ അംഗരക്ഷകന് വെടിയേറ്റു, പ്രതികൾ ഒളിവിൽ

ലഖ്നൗ: ദീപാവലി ആഘോഷത്തിനിടെ പടക്കം പൊട്ടിച്ചതിനെ ചൊല്ലിയുള്ള തർക്കത്തിനിടെ രാഷ്ട്രപതിയുടെ അംഗരക്ഷകനായ ജവാന് വെടിയേറ്റു. ദീപാവലി രാത്രിയിൽ ഉത്തർപ്രദേശിലെ ബാഗ്പതിൽ നടന്ന അക്രമത്തിൽ 26-കാരനായ സൗരഭ് തോമർ എന്ന യുവാവിനാണ് തലയ്ക്ക് വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റത്. ഗോപാൽപുർ ഗ്രാമത്തിലെ ഖദാനയിൽ താമസിക്കുന്ന കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കാൻ വീട്ടിലെത്തിയതായിരുന്നു സൗരഭ്.
ഞായറാഴ്ച രാത്രി 10 മണിയോടെയാണ് വെടിവെപ്പിനെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് ബാഗ്പത് പോലീസ് പറഞ്ഞു. പോലീസ് പറയുന്നതനുസരിച്ച്, സൗരഭും കുടുംബവും റോഡിൽ പടക്കം പൊട്ടിക്കുമ്പോൾ അയൽവാസികളായ ധീരജ്, മോനു എന്നീ സഹോദരന്മാർ എത്തി ഇതിനെ എതിർത്തു. പിന്നാലെ സൗരഭിന്റെ സഹോദരനായ വിനീതുമായി (28) ഇവർ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു.
ഈ തർക്കം പെട്ടെന്നുതന്നെ അക്രമത്തിലേക്ക് നീങ്ങുകയായിരുന്നു. ഇതിനിടെ ധീരജ് തന്റെ കൈയിൽ കരുതിയിരുന്ന നാടൻ പിസ്റ്റൾ പുറത്തെടുത്ത് വെടിയുതിർക്കുകയായിരുന്നു. വെടിയുണ്ട ആദ്യം ചുമരിലിടിച്ച ശേഷമാണ് സൗരഭിന്റെ തലയിൽ പതിച്ചത്. പിന്നാലെ, പ്രതികൾ വീണ്ടും വിനീതിനെ ആക്രമിക്കുകയും കുടുംബത്തിന് നേരെ ഭീഷണി മുഴക്കിയ ശേഷം സ്ഥലത്തുനിന്നും കടന്നുകളയുകയുമായിരുന്നു.
ഉടൻ തന്നെ കുടുംബാംഗങ്ങൾ സൗരഭിനെ മീററ്റിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ചുമരിലിടിച്ച വെടിയുണ്ട സൗരഭിന്റെ ചെവിയുടെ പിന്നിലൂടെയാണ് തലയിൽ പതിച്ചത്. ഡോക്ടർമാർ അടിയന്തിര ശസ്ത്രക്രിയ നടത്തി വെടിയുണ്ട പുറത്തെടുത്തു. ജവാന്റെ നില അതീവഗുരുതരമായി തുടരുകയാണെന്നും അദ്ദേഹം ഇപ്പോഴും അപകടനില തരണം ചെയ്തിട്ടില്ലെന്നും ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ഏഴ് വർഷമായി രാഷ്ട്രപതി ഭവനിൽ ജോലി ചെയ്തു വരികയായിരുന്നു സൗരഭ്. ദീപാവലിക്ക് മൂന്ന് ദിവസം മുമ്പാണ് സൗരഭ് വീട്ടിലെത്തിയതെന്ന് കേസിൽ പരാതിക്കാരനായ പിതാവ് ജനക്രാജ് പറഞ്ഞു. 'സൗരഭും വിനീതും പടക്കം പൊട്ടിക്കുമ്പോഴാണ് പ്രതികൾ വന്ന് ആക്രമിച്ചത്. അവർക്ക് ഞങ്ങളുടെ കുടുംബത്തോട് പഴയ ശത്രുതയുണ്ട്.' അദ്ദേഹം ആരോപിച്ചു.
രണ്ട് വർഷം മുമ്പാണ് സൗരഭിന്റെ വിവാഹം കഴിഞ്ഞത്. ദമ്പതികൾക്ക് ഒൻപത് മാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്. വധശ്രമത്തിന് ധീരജിനും മോനുവിനുമെതിരെ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒളിവിൽ പോയ പ്രതികളെ കണ്ടെത്താനും അറസ്റ്റ് ചെയ്യാനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് സർക്കിൾ ഓഫീസർ അൻഷു ജെയിൻ പറഞ്ഞു.
Content Highlights: During Diwali celebrations in Baghpat, Uttar Pradesh, a dispute over firecrackers led to the shooting of Saurabh Thakur, a 26-year-old bodyguard of the President, who was critically injured. The altercation escalated when neighbors Dheeraj and Monu opposed the firecrackers, resulting in Dheeraj firing a country-made pistol, with the bullet hitting Saurabh after ricocheting off a wall. Police have registered an FIR against Dheeraj and Monu for attempted murder, and efforts are underway to locate and arrest the absconding suspects.