ടെറസിൽ അതിക്രമിച്ചുകയറി ലഹരി ഉപയോഗം; ചോദ്യംചെയ്ത നാലംഗ കുടുംബത്തെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി

#ന്യൂസ് ഡെസ്ക്
കൊല്ലപ്പെട്ട കുടുംബം | Photo: 'X' Kalu Singh Chouhan
കൊല്ലപ്പെട്ട കുടുംബം | Photo: 'X' Kalu Singh Chouhan

ധാക്ക: ബംഗ്ലാദേശിലെ രംഗ്പൂരിൽ വിരമിച്ച സ്കൂൾ അധ്യാപകനെയും കുടുംബത്തിലെ മൂന്ന് പേരെയും വീട്ടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ഗണപതി ചക്രവർത്തി (65), ഭാര്യ പ്രീതിലത ചക്രവർത്തി (50), മകൾ ആഗാമി ചക്രവർത്തി പ്രാർത്ഥി (23), പന്ത്രണ്ടുകാരനായ മകൻ പ്രിയം ചക്രവർത്തി എന്നിവരാണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ മുഗ്ധോ, സിദ്ധാർത്ഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾ ഗണപതി ചക്രവർത്തിയുടെ വീടിന്റെ ടെറസിൽ ഇരുന്ന് ലഹരിമരുന്ന് ഉപയോഗിക്കുകയും ഇത് ചോദ്യം ചെയ്തതിലെ വിരോധത്തിൽ കുടുംബത്തെ കൊലപ്പെടുത്തുകയുമായിരുന്നുവെന്ന് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

വ്യാഴാഴ്ച രാത്രിയാണ് പ്രതികൾ ഗണപതിയുടെ വീടിന്റെ ടെറസിലേക്ക് അയൽ കെട്ടിടത്തിൽ നിന്നും അതിക്രമിച്ചു കയറിയത്. അവിടെവെച്ച് ഇവർ മാരകമായ ലഹരിമരുന്ന് ഉപയോഗിച്ചു. ടെറസിൽ നിന്നും ശബ്ദം കേട്ടെത്തിയ ഗണപതി ചക്രവർത്തി യുവാക്കളെ ചോദ്യം ചെയ്തു. തങ്ങളെ തിരിച്ചറിയുമോ എന്ന ഭയത്താൽ പ്രതികൾ ഗണപതിയെ അദ്ദേഹത്തിന്റെ തോളിലുണ്ടായിരുന്ന കോട്ടൺ തോർത്ത് ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ പിടിവലി ശബ്ദം കേട്ട് മുകളിലേക്ക് വന്ന ഭാര്യ പ്രീതിലതയെ ഗോവണിപ്പടിയിൽ വെച്ചും പ്രതികൾ കൊലപ്പെടുത്തി. തുടർന്ന് മകൾ ആഗാമിയേയും മകൻ പ്രിയത്തിനെയും ഇവർ കൊലപ്പെടുത്തി.

വ്യാഴാഴ്ച രാത്രി മുതൽ നാല് പേരുടെയും മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. പ്രീതിലതയുടെ അനുജത്തി പൂജാ ചക്രവർത്തി വ്യാഴാഴ്ച ഉച്ചയ്ക്കാണ് അവസാനമായി ഇവരുമായി സംസാരിച്ചത്. തുടർന്ന് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെ ബന്ധുക്കൾ ശനിയാഴ്ച രാത്രി വീട്ടിലെത്തിയപ്പോഴാണ് ദാരുണമായ കൊലപാതക വിവരം പുറത്തറിയുന്നത്. ശനിയാഴ്ച രാത്രി 11:30 ഓടെ പൂട്ടിയ നിലയിലുള്ള വീടിന്റെ വാതിൽ തുറന്നാണ് പോലീസ് നാല് മൃതദേഹങ്ങളും കണ്ടെടുത്തത്. ഗണപതി ചക്രവർത്തിയുടെ മൃതദേഹം ടെറസിലും, പ്രീതിലതയുടെയും ആഗാമിയുടെയും മൃതദേഹങ്ങൾ ഗോവണിപ്പടിയിലും, മകൻ പ്രിയത്തിന്റെ മൃതദേഹം കട്ടിലിനടിയിലുമാണ് കണ്ടെത്തിയത്. 

കൊലപാതകത്തിന് ശേഷം പ്രതികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെടാതെ ഏഴ് മണിക്കൂറോളം വീടിനുള്ളിൽ ചിലവഴിച്ചുവെന്ന് പോലീസ് പറയുന്നു. കൊലപാതകത്തിന് ശേഷം പ്രതികൾ കൃത്യം നടത്തിയ വീട്ടിൽവെച്ച് കുളിക്കുകയും ലഹരിമരുന്ന് ഉപയോഗിക്കുകയും ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്ന വെള്ളരിക്കയും ഈന്തപ്പഴവും എടുത്ത് കഴിക്കുകയും ചെയ്തു. ചോദ്യം ചെയ്യലിൽ പ്രതികൾ രണ്ടുപേരും കുറ്റസമ്മതം നടത്തിയതായും പോലീസ് അറിയിച്ചു.

Content Highlights: Four members of a family killed in Rangpur, Bangladesh after confronting drug users. Two suspects detained.