രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻ.ഐ.എ. അറസ്റ്റ് ചെയ്തു

ബെംഗളൂരു: രാമേശ്വരം കഫേ സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരാളെ കൂടി എൻ.ഐ.എ. അറസ്റ്റ് ചെയ്തു. 2012-ലെ ലഷ്കറെ തൊയ്ബയുടെ ഭീകരവാദപ്രവർത്തനത്തിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസിൽ ഉൾപ്പെട്ട ചോട്ടു എന്ന പേരിൽ അറിയപ്പെടുന്ന ഷൊയ്ബ് അഹ്മദ് മിർസ (35) യെ ആണ് എൻ.ഐ.എ. അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ ഉൾപ്പെട്ട അഞ്ചുപേരുടെ അറസ്റ്റാണ് എൻ.ഐ.എ. രേഖപ്പെടുത്തിയത്.
രാമേശ്വരം കഫെയുമായി ബന്ധപ്പെട്ട കേസിൽ എൻ.ഐ.എ. കഴിഞ്ഞ ദിവസങ്ങളിൽ വിവിധ സംസ്ഥാനങ്ങളിൽ വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. രാജ്യത്ത് 29 -ഓളം പ്രദേശങ്ങളിലാണ് എൻ.ഐ.എ. പരിശോധന നടത്തിയത്. തുടർന്നാണ് ഇയാളെ എൻ.ഐ.എ. കസ്റ്റഡിയിൽ എടുക്കുന്നത്.
സ്‌ഫോടനം നടന്ന് 40-ദിവസത്തിന് ശേഷം മുഖ്യപ്രതികളായ മുസാഫിർ ഹുസൈൻ ഷാസിബ്, അബ്ദുൾ മതീൻ അഹമ്മദ് താഹ എന്നിവർ പശ്ചിമ ബംഗാളിൽ നിന്ന് പിടിയിലായിരുന്നു. കേസിലെ മുഖ്യ ആസൂത്രകൻ അബ്ദുൾ മതീൻ താഹയാണെന്നാണ് വിവരം.
മാർച്ച് ഒന്നിനായിരുന്നു ബെംഗളൂരുവിലെ രാമേശ്വരം കഫേയിൽ സ്‌ഫോടനം നടന്നത്. കഫേയിലെ ജീവനക്കാരും ഉപഭോക്താക്കളുമുൾപ്പെടെ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു. ആദ്യം ബെംഗളൂരു പോലീസും സെൻട്രൽ ക്രൈംബ്രാഞ്ചുമാണ് അന്വേഷണം നടത്തിയത്. പിന്നീട് മാർച്ച് മൂന്നിന് കേസ് എൻ.ഐ.എ. ഏറ്റെടുത്തു.
Content Highlights: Rameshwaram Cafe Blast Case NIA arrests another accused