ക്ലാസ്മുറിയിൽ 500 രൂപ കാണാതായി; അധ്യാപിക വിദ്യാർഥികളെ വിവസ്ത്രരാക്കി പരിശോധിച്ചെന്ന് ആരോപണം, സസ്പൻഷൻ

#ന്യൂസ് ഡെസ്ക്
പ്രതീകാത്മകചിത്രം | അധ്യാപിക | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | അധ്യാപിക | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

ജയ്പുർ: രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലുള്ള ഒരു സർക്കാർ സ്‌കൂളിൽ 500 രൂപ കാണാതായതിനെത്തുടർന്ന് അധ്യാപിക വിദ്യാർത്ഥികളെ നഗ്നരാക്കി പരിശോധിച്ചുവെന്ന് ആരോപണം. ജില്ലയിലെ ലിവാലി ഗ്രാമത്തിലുള്ള ഗവൺമെന്റ് സീനിയർ സെക്കൻഡറി സ്‌കൂളിലെ മുതിർന്ന അധ്യാപികയായ സരസ്വതി മീണയ്‌ക്കെതിരെയാണ് ഗുരുതരമായ ആരോപണം ഉയർന്നിരിക്കുന്നത്.

ഒമ്പതാം ക്ലാസിലെ ഒരു ക്ലാസ് മുറിയിൽ നിന്ന് 500 രൂപ കാണാതായതിനെ തുടർന്നാണ് അധ്യാപിക വിദ്യാർത്ഥികളെ വിവസ്ത്രരാക്കി പരിശോധിച്ചതെന്ന് നാട്ടുകാർ ആരോപിച്ചതായി ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തിൽ ആരോപണവിധേയയായ അധ്യാപികയെ വിദ്യാഭ്യാസ വകുപ്പ് ജോലിയിൽ നിന്നും സസ്‌പെൻഡ് ചെയ്തു.

എന്നാൽ ഈ ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തിയതായി ജില്ലാ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രാഥമിക അന്വേഷണത്തിൽ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും വിദ്യാർത്ഥികളെക്കൊണ്ട് ബാഗുകൾ പരിശോധിപ്പിക്കുക മാത്രമാണ് ഉണ്ടായതെന്നും അധികൃതർ പറയുന്നു. കുട്ടികളും ഇത് ശരിവെച്ചതായി സവായ് മധോപൂരിലെ ചീഫ് ഡിസ്ട്രിക്റ്റ് എജ്യുക്കേഷൻ ഓഫീസർ മീന കുമാരി ലസാരിയ പറഞ്ഞു.

'ഈ സംഭവത്തെക്കുറിച്ച് അറിഞ്ഞ ഉടൻ തന്നെ ഞങ്ങൾ വിഷയത്തെക്കുറിച്ച് അന്വേഷിക്കുകയും അധ്യാപികയ്ക്കെതിരെയുള്ള ആരോപണങ്ങൾ വ്യാജമാണെന്ന് കണ്ടെത്തുകയും ചെയ്തു. ക്ലാസ് മുറിയിൽവെച്ച് വിദ്യാർത്ഥികളുടെ ബാഗുകൾ മാത്രമാണ് പരിശോധിച്ചത്, അധ്യാപിക ചുമതലപ്പെടുത്തിയ ഏതാനും വിദ്യാർത്ഥികളാണ് ഈ പരിശോധന നടത്തിയത്. അധ്യാപിക നേരിട്ട് പരിശോധന നടത്തിയിട്ടില്ല. ഞങ്ങൾ വിദ്യാർത്ഥികളോടും സംസാരിച്ചു, അവരും ഇത് തന്നെയാണ് പറഞ്ഞത്.' അവർ പറഞ്ഞു.

എന്നാൽ ഈ വിവാദം വകുപ്പിന്റെ പ്രതിച്ഛായയെ മോശമായി ബാധിച്ചതിനാലാണ് അധ്യാപികയ്ക്കെതിരെ നടപടിയെടുത്തതെന്നും അവർ പറഞ്ഞു. 'ആരോപണങ്ങൾ സത്യമാണെന്ന് കണ്ടെത്തിയിട്ടില്ല, എങ്കിലും, ഈ സംഭവം കാരണം വകുപ്പിന്റെ പ്രതിച്ഛായയെ ബാധിച്ചതിനാൽ മീനയെ സസ്പെൻഡ് ചെയ്തിട്ടുണ്ട്.' ലസാരിയ കൂട്ടിച്ചേർത്തു. നാട്ടുകാർ ഉന്നയിച്ച ആരോപണങ്ങളിൽ എന്തെങ്കിലും വസ്തുതയുണ്ടോ എന്ന് നിർണ്ണയിക്കാൻ കൂടുതൽ അന്വേഷണം നടത്തുമെന്ന് ലസാരിയ പറഞ്ഞു.

സംഭവത്തിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഉദ്യോഗസ്ഥർ തുടരന്വേഷണം നടത്തിവരികയാണ്. ഔദ്യോഗിക റിപ്പോർട്ടുകൾ പ്രകാരം അധ്യാപിക നേരിട്ടല്ല പരിശോധനകൾ നടത്തിയതെന്നാണ് നിലവിലെ നിഗമനം.

Content Highlights: Senior teacher Saraswati Meena suspended in Sawai Madhopur district. Initial allegations claimed students were strip-searched over missing Rs 500. Education department probe found allegations of strip-searching to be false. Teacher suspended despite probe findings to protect the department's reputation. Further investigation is underway to determine the facts.