ജീവപര്യന്തം തടവിനിടെ ജയിലിൽ പൂവിട്ട പ്രണയം, സമ്മതംമൂളി കോടതിയും; ഒടുവിൽ ജയിലിൽവെച്ച് വിവാഹം

#ന്യൂസ് ഡെസ്ക്
വിവാഹിതരായ ജയിൽപുള്ളികൾ | Image credit: @nd24_news instagram
വിവാഹിതരായ ജയിൽപുള്ളികൾ | Image credit: @nd24_news instagram

ജോധ്പുർ: ജീവപര്യന്തം തടവ് അനുഭവിക്കുന്ന രണ്ട് കുറ്റവാളികൾക്ക് ജോധ്പുരിലെ ഒരു തുറന്ന ജയിലിൽവെച്ച് വിവാഹം കഴിക്കാൻ അനുമതി നൽകി രാജസ്ഥാൻ ഹൈക്കോടതി. തടവുകാർക്കും വിവാഹം കഴിക്കാനുള്ള മൗലികാവകാശമുണ്ടെന്നും ഇത് അവരുടെ പുനരധിവാസത്തിന് സഹായിക്കുമെന്നും നിരീക്ഷിച്ചുകൊണ്ടാണ് കോടതി ഇതിന് അനുമതി നൽകിയത്.

നാഗൗർ ജില്ലക്കാരനായ മൂലാറാം ഭാട്ടി (33), മുംബൈ സ്വദേശിനിയായ സീമ ഘഡ്സെ (31) എന്നിവരാണ് ജയിൽ വളപ്പിൽ വെച്ച് വിവാഹിതരായത്. ശിക്ഷ അനുഭവിക്കുന്നു എന്ന കാരണത്താൽ തടവുകാർക്ക് വിവാഹം കഴിക്കാനുള്ള അവകാശം നിഷേധിക്കാനാവില്ലെന്ന് നിരീക്ഷിച്ചുകൊണ്ടാണ് ഹൈക്കോടതി ഹർജി അനുവദിച്ചത്.

പരസ്പര സമ്മതത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് മുതിർന്ന വ്യക്തികൾക്ക് വിവാഹം കഴിക്കാനുള്ള അവകാശം ജീവിതത്തിനുള്ള മൗലികാവകാശത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് രാജസ്ഥാൻ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു. ജോധ്പുരിലെ മാൻഡോർ ഓപ്പൺ ജയിലിൽ വെച്ച് നടന്ന ചടങ്ങിൽ ജയിൽ ഉദ്യോഗസ്ഥരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ ദമ്പതികൾ മാലകൾ കൈമാറുകയും സപ്തപതി നടത്തുകയും ചെയ്തു.

ഇത്തരം കൂടിച്ചേരലുകൾ തടവുകാരുടെ പുനരധിവാസത്തെയും സമൂഹത്തിലേക്കുള്ള തിരിച്ചുവരവിനെയും സഹായിക്കുമെന്നും ക്രിമിനൽ നീതിന്യായ വ്യവസ്ഥയുടെ പരിഷ്‌കരണ ലക്ഷ്യങ്ങളെ ഇത് മുന്നോട്ട് കൊണ്ടുപോകുമെന്നും കോടതി പറഞ്ഞു. കുടുംബാംഗങ്ങളും ജയിൽ ഉദ്യോഗസ്ഥരും സുരക്ഷാ ഉദ്യോഗസ്ഥരും ഉൾപ്പെടെ 21 പേർ ചടങ്ങിൽ പങ്കെടുത്തു. ചടങ്ങിൽ പങ്കെടുത്തവർ ദമ്പതികളെ അനുഗ്രഹിക്കുകയും മധുരം വിതരണം ചെയ്യുകയും ചെയ്തു.

ജസ്റ്റിസ് പി.എസ്. ഭാട്ടി, ജസ്റ്റിസ് പ്രവീർ ഭട്‌നാഗർ എന്നിവരടങ്ങിയ രാജസ്ഥാൻ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ തുടർന്നാണ് വിവാഹം നടന്നത്. വിവാഹത്തിനായി ശിക്ഷ താൽക്കാലികമായി നിർത്തിവെക്കണമെന്ന മൂലാറാമിന്റെ ആവശ്യം അനുവദിച്ച കോടതി, വിവാഹം എന്നത് ഒരു അടിസ്ഥാന സാമൂഹിക വ്യവസ്ഥയാണെന്ന് വ്യക്തമാക്കി

സമ്മതമുള്ള രണ്ട് മുതിർന്നവർക്ക് വിവാഹം കഴിക്കാനുള്ള അവകാശം ഭരണഘടനയുടെ 21-ാം അനുച്ഛേദ പ്രകാരം ജീവിതത്തിനുള്ള മൗലികാവകാശത്തിന്റെയും വ്യക്തിസ്വാതന്ത്ര്യത്തിന്റെയും അവിഭാജ്യ ഘടകമാണെന്ന് കോടതി വിധിച്ചു. ഇത്തരത്തിലുള്ള വിവാഹങ്ങൾ അനുവദിക്കുന്നത് തടവുകാരുടെ പുനരധിവാസത്തെ പ്രോത്സാഹിപ്പിക്കുമെന്നും ഭാവിയിൽ സാധാരണ കുടുംബജീവിതം നയിക്കാൻ തടവുകാരെ പ്രാപ്തരാക്കുമെന്നും കോടതി കൂട്ടിച്ചേർത്തു.

വാദത്തിനിടെ, രണ്ട് തടവുകാരും സ്വമേധയാ വിവാഹം കഴിക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ടെന്നും ജയിൽ ചട്ടങ്ങൾ പാലിച്ച് തുറന്ന ജയിലിനുള്ളിൽ വിവാഹം നടത്തുന്നതിൽ തങ്ങൾക്ക് എതിർപ്പില്ലെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. തുടർന്ന് ജയിൽ അധികൃതരുടെ മേൽനോട്ടത്തിൽ ചടങ്ങുകൾ നടത്താൻ നിർദ്ദേശിച്ച ഹൈക്കോടതി, ഒരു പൂജാരിയെയും അതിഥികളെയും ചടങ്ങിൽ പങ്കെടുക്കാനും അനുവദിക്കുകയായിരുന്നു.

ജയിൽ ഉദ്യോഗസ്ഥർ നൽകുന്ന വിവരങ്ങൾ പ്രകാരം, അയൽവാസിയെ കൊലപ്പെടുത്തിയ കുറ്റത്തിന് 2017 ഫെബ്രുവരി മുതൽ മൂലാറാം ജീവപര്യന്തം ശിക്ഷ അനുഭവിക്കുകയാണ്. ഭർത്താവിനെ കൊലപ്പെടുത്തിയ കുറ്റത്തിനാണ് സീമ ജീവപര്യന്തം തടവ് അനുഭവിക്കുന്നത്. നല്ല പെരുമാറ്റം കാരണം മൂലാറാമിനെ അജ്മീർ ജയിലിൽ നിന്നും സീമയെ വനിതാ ജയിലിൽ നിന്നും മാൻഡോർ ഓപ്പൺ എയർ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. ക്യാമ്പിനുള്ളിലെ കാർഷിക പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന ഇരുവരും തമ്മിലുള്ള ആശയവിനിമയം പിന്നീട് പ്രണയമായി മാറുകയും വിവാഹം കഴിക്കാൻ തീരുമാനിക്കുകയുമായിരുന്നു.

Content Highlights: Rajasthan HC ruled marriage is a fundamental right under Article 21. The court emphasized the role of marriage in prisoner rehabilitation and social reintegration. The wedding of two life convicts occurred at Mandore open jail with 21 guests. Both convicts showed good conduct to qualify for the open prison camp.