KMCC എട്ടരക്കോടി തട്ടിപ്പ്; ‘വൻതുക ലഭിക്കുമെന്നു കരുതി കൊള്ളയ്ക്ക് കൂട്ടുനിന്നു’, ഓഡിയോ പുറത്തുവന്നതിന് പിന്നിൽ പണം പങ്കുവെച്ചതിലെ തർക്കം

#ന്യൂസ് ഡെസ്ക്

കൊയിലാണ്ടി: ഖത്തർ കെ.എം.സി.സി. ഓഫീസിലെ ലോക്കറിൽനിന്ന് 31 ലക്ഷം റിയാൽ (എട്ടരക്കോടിയോളം രൂപ) കവർന്ന കേസിൽ നിർണായക തെളിവായി ഫോൺസംഭാഷണം പുറത്ത്. കേസിലെ പ്രതികളെന്ന് പോലീസ് പറയുന്ന ബോംബെ ഷാജിയും കമറു പയ്യോളിയും തമ്മിൽ നടത്തിയ ഫോൺസംഭാഷണമാണിത്. കൊള്ളമുതൽ പങ്കുവെച്ചതിനെച്ചൊല്ലി സംഘാംഗങ്ങൾതമ്മിൽ തർക്കമുണ്ടായെന്ന സൂചന നൽകുന്നതാണ് പുറത്തുവന്ന സംഭാഷണശകലം. വൻതുക ലഭിക്കുമെന്നു കരുതിയാണ് താൻ ഈ കുറ്റകൃത്യത്തിൽ പങ്കാളിയായതെന്ന് ബോംബെ ഷാജി പറയുന്നതായി ഇതിലുണ്ട്. വാഗ്ദാനം ചെയ്ത തുക ലഭിക്കാത്തതിനെത്തുടർന്നാണോ പ്രതികളിൽ ഉൾപ്പെട്ടവർ കൊള്ളനടന്ന കാര്യം പുറത്തുവിട്ടതെന്ന സംശയത്തിലാണ് പോലീസ്.

കേസിൽ പരപ്പിൽ ബാലകൃഷ്ണൻ എന്നയാൾ കഴിഞ്ഞദിവസം കൊയിലാണ്ടി പോലീസ് സ്റ്റേഷനിൽ കീഴടങ്ങിയിരുന്നു. ബാക്കി പ്രതികളായ കൊയിലാണ്ടി സ്വദേശി ബോംബെ ഷാജി, പയ്യോളി സ്വദേശി റാഷി, ബാവ എന്ന സ്വാലിഹ് മമ്മളി എന്ന ഹസൻ, നിസാർ എന്നിവരെ പിടികൂടാനുണ്ട്. സംഭവം നടന്നത് ഖത്തറിലായതിനാൽ അന്വേഷണം ഖത്തറിലേക്കും വ്യാപിപ്പിക്കേണ്ടിവരുമെന്നാണ് പോലീസ് നൽകുന്ന സൂചന. അതിനായി പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചേക്കും.

‘താക്കോൽ നഷ്ടപ്പെട്ടു, ലോക്കർ പൊളിക്കണമെന്നുപറഞ്ഞ് കൊണ്ടുപോയി’; KMCC കവർച്ചയിൽ പ്രതിയുടെ വീഡിയോ പുറത്ത്

മുസ്ലിംലീഗിന്റെ നിയന്ത്രണത്തിലുള്ള കെ.എം.സി.സിക്ക് എല്ലാ അറബ് രാജ്യങ്ങളിലും യൂണിറ്റുകൾ ഉണ്ട്. ഖത്തർ കെ.എം.സി.സിയിൽ 25,000 അംഗങ്ങളാണുള്ളത്. ഓരോ അംഗവും മാസത്തിൽ 20 റിയാൽ (ഏകദേശം 500 രൂപ) നിക്ഷേപിക്കണം. പ്രവാസികളുടെ ക്ഷേമത്തിനും പാവപ്പെട്ടവരുടെ ഉന്നമനത്തിനുമാണ് ഈ തുക വിനിയോഗിക്കാറ്. പ്രവാസികൾ മരണപ്പെട്ടാൽ പത്തുലക്ഷം രൂപ വരെ കെ.എം.സി.സി. കുടുംബത്തിന് നൽകാറുണ്ട്. പ്രവാസികളുടെ ക്ഷേമത്തിനായുള്ള ഫണ്ടാണെങ്കിൽക്കൂടി പണപ്പിരിവ് നടത്തുന്നതും ആ പണം ബാങ്കിൽ നിക്ഷേപിക്കുന്നതും ഖത്തറിൽ കുറ്റകരമാണ്. അതുകൊണ്ടാണ് ഖത്തറിലെ കെ.എം.സി.സി. ഓഫീസിൽത്തന്നെ പ്രത്യേക ലോക്കർ റൂം ഉണ്ടാക്കി 31 ലക്ഷം റിയാൽ (എട്ടു കോടി ആറു ലക്ഷത്തോളം ഇന്ത്യൻ രൂപ ) അവിടെ സൂക്ഷിച്ചത്.

കെ.എം.സി.സി. ഓഫീസിൽ ഇത്രയും വലിയൊരു തുക ശേഖരിച്ചുവെച്ച വിവരം എങ്ങനെ പുറത്തുപോയി എന്നതിനെക്കുറിച്ചും അന്വേഷിക്കും.

ഭീഷണിപ്പെടുത്തിയാണ് ലോക്കർ തുറപ്പിച്ചതെന്ന് ബാലകൃഷ്ണൻ

ഖത്തർ കെ.എം.സി.സി. ഓഫീസിലെ ലോക്കർ തകർക്കാൻ നിർബന്ധിച്ചത് തന്നെ ഭീഷണിപ്പെടുത്തിയാണെന്ന് കീഴടങ്ങിയ പ്രതി പരപ്പിൽ ബാലകൃഷ്ണന്റെ ഫോൺ സംഭാഷണം പുറത്ത്. ഈ മൊഴിതന്നെയാണ് കൊയിലാണ്ടി പോലീസിനും ബാലകൃഷ്ണൻ നൽകിയതെന്നാണ് വിവരം. മജിസ്‌ട്രേറ്റുമുമ്പാകെയും ബാലകൃഷ്ണൻ മൊഴിനൽകിയിട്ടുണ്ട്.

ഇക്കഴിഞ്ഞ കൊയിലാണ്ടി നഗരസഭാതിരഞ്ഞെടുപ്പിൽ മൂന്നാംവാർഡിലെ ബി.ജെ.പി. സ്ഥാനാർഥിയായിരുന്നു ബാലകൃഷ്ണൻ. കൊയിലാണ്ടിയിൽ വെൽഡിങ് ജോലി ചെയ്തുവരുകയായിരുന്ന ബാലകൃഷ്ണനെ സുഹൃത്ത് മുഖേനയാണ് ഷാജഹാൻ എന്ന ബോംബെ ഷാജി പരിചയപ്പെടുന്നത്. അറബിയുടെ വീട്ടിൽ ജോലി വാഗ്ദാനംചെയ്താണ് തന്നെ ഖത്തറിലെത്തിച്ചതെന്ന് ബാലകൃഷ്ണൻ പറയുന്നു.

സൗജന്യവിസയും ഉയർന്ന ശമ്പളവും വാഗ്ദാനംചെയ്തു. ഖത്തറിലെത്തിയശേഷം ഒരു വില്ലയിലും ലോഡ്ജിലുമായി താമസിപ്പിച്ചെന്നും പുറത്തിറങ്ങാൻ അനുവദിച്ചില്ലെന്നും ബാലകൃഷ്ണൻ ആരോപിക്കുന്നു. 2025 സെപ്റ്റംബർ 18-ന് പുലർച്ചെ നാലുമണിയോടെ ഒരു വാഹനത്തിൽ ഗ്യാസ് സിലിൻഡറും ഓക്‌സിജൻ സിലിൻഡറുമായി ഒരു കെട്ടിടത്തിലേക്ക് കൊണ്ടുപോയപ്പോഴാണ് അത് കെ.എം.സി.സി. ഓഫീസാണെന്ന് മനസ്സിലായതെന്നാണ് അദ്ദേഹത്തിന്റെ മൊഴി. ഇത് അറബിയുടെ വീടല്ലല്ലോയെന്നു ചോദിച്ചപ്പോൾ 'പറയുന്ന പണി ചെയ്താൽ മതി'യെന്ന് ഭീഷണിപ്പെടുത്തി.

തുടർന്ന്, ഓഫീസിലെ ലോക്കറുകൾ ഗ്യാസ് കട്ടറും കമ്പിപ്പാരയും ഉപയോഗിച്ച് തകർക്കാൻ ആവശ്യപ്പെട്ടു. എതിർത്തപ്പോൾ ഭീഷണിപ്പെടുത്തി ജോലിചെയ്യിപ്പിച്ചു. കട്ടിങ് ജോലിക്കിടെ വെൽഡിങ് ബ്ലേഡ് പൊട്ടിത്തെറിച്ച് കണ്ണിനും ശരീരത്തിനും പരിക്കേറ്റു. ഒരാഴ്ചയോളം ഭക്ഷണം ലഭിക്കാതെ കഴിഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി.

ലോക്കറുകൾ തകർത്ത് പണം ബാഗുകളിലാക്കി മറ്റുള്ളവർ കൊണ്ടുപോയെന്നും പിന്നീട് അവരുടെ കൈയിലായിരുന്ന തന്റെ പാസ്‌പോർട്ടും 50,000 രൂപ മൂല്യമുള്ള ഖത്തർ റിയാലും കൈമാറിയശേഷം നാട്ടിലേക്ക് തിരിച്ചയച്ചെന്നുമാണ് ബാലകൃഷ്ണൻ പറയുന്നത്.

അറസ്റ്റിലായ ബാലകൃഷ്ണൻ കൊയിലാണ്ടി സബ് ജയിലിൽ റിമാൻഡിലാണ്.

Content Highlights: 31 million Riyals (approx. 8.5 crore INR) stolen from Qatar KMCC office locker., Accused forced to open the locker using a gas cutter and crowbar under threat., Parappil Balakrishnan surrendered to Koyilandy police and is currently in remand., Audio leaks suggest disputes among gang members over sharing the looted money., Police are expanding the investigation to Qatar with a special team.