ആഡംബരക്കാറിടിച്ച് 2 പേർ മരിച്ച സംഭവം; 17-കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈൽ കോടതി, ജൂൺ 5 വരെ റിമാൻഡിൽ

അപകടമുണ്ടാക്കിയ കാറും മരണപ്പെട്ടവരും: ഫോട്ടോ| എക്‌സ്‌
അപകടമുണ്ടാക്കിയ കാറും മരണപ്പെട്ടവരും: ഫോട്ടോ| എക്‌സ്‌

ന്യൂഡല്‍ഹി: പുണെയില്‍ മദ്യലഹരിയില്‍ ആഡംബരക്കാറിടിച്ച് രണ്ടുപേര്‍ മരിച്ച സംഭവത്തില്‍ കൗമാരക്കാരന്റെ ജാമ്യം റദ്ദാക്കി ജുവനൈല്‍ കോടതി. ജാമ്യം നല്‍കി മൂന്ന് ദിവസത്തിന് ശേഷമാണ് കോടതിയുടെ നടപടി. ഉപന്യാസം എഴുതുക, ട്രാഫിക് പോലീസിനെ സഹായിക്കുക തുടങ്ങിയ ഉപാധികള്‍ വെച്ചാണ് കൗമാരക്കാരന് കോടതി ജാമ്യം നല്‍കിയിരുന്നത്. ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ്  ബുധനാഴ്ച ജാമ്യം റദ്ദാക്കിയത്. ജൂണ്‍ അഞ്ചുവരെ റിമാന്‍ഡ് ചെയ്ത 17-കാരനെ ജുവനൈല്‍ ഹോമിലേക്ക് അയക്കാന്‍ ഉത്തരവിട്ടു. പ്രായപൂര്‍ത്തിയായ വ്യക്തിയായി 17-കാരനെ പരിഗണിക്കുമോ എന്നതിലും വ്യക്തതവന്നിട്ടില്ല.

നേരത്തേ സംഭവം നടന്ന് 15-മണിക്കൂറിനുള്ളില്‍ത്തന്നെ കോടതി ജാമ്യം അനുവദിച്ചിരുന്നു. ഏഴ് നിര്‍ദേശങ്ങള്‍ വെച്ചാണ് ജുവനൈല്‍ കോടതി ജാമ്യം നല്‍കിയത്. നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് കുട്ടിയുടെ മുത്തച്ഛന്‍ നല്‍കിയ ഉറപ്പും പരിഗണിച്ചാണ് ജാമ്യം നല്‍കികൊണ്ട് ഉത്തരവിട്ടത്. 

റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസ് സന്ദര്‍ശിച്ച് എല്ലാ നിയമങ്ങളും ചട്ടങ്ങളും പഠിച്ച് പ്രസന്റേഷന്‍ തയ്യാറാക്കണമെന്നും 15-ദിവസങ്ങള്‍ക്കകം അത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുമ്പാകെ ഹാജരാക്കണമെന്നും ജാമ്യം നല്‍കിയ ഉത്തരവിലുണ്ട്. റോഡപകടങ്ങളും അതിന്റെ പരിഹാരങ്ങളെ സംബന്ധിച്ചും 300-വാക്കില്‍ ഉപന്യാസമെഴുതണം, 15-ദിവസം ആര്‍.ടി.ഒ ഉദ്യോഗസ്ഥനെ സഹായിക്കുകയും ട്രാഫിക് നിയമങ്ങള്‍ പഠിക്കുകയും വേണം, ലഹരി വിമുക്ത കേന്ദ്രത്തില്‍ കൗണ്‍സിലിങ്ങിന് വിധേയനായി അതിന്റെ റിപ്പോര്‍ട്ട് നല്‍കണം തുടങ്ങിയ ഉപാധികളാണ് കോടതി ഉത്തരവിലുണ്ടായിരുന്നത്. ഭാവിയില്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളില്‍ കുട്ടി ഏര്‍പ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും മോശം കൂട്ടുകെട്ടില്‍നിന്ന് കുട്ടിയെ അകറ്റിനിര്‍ത്തണമെന്നും രക്ഷാകര്‍ത്താവിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു.

കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ചെ 02:15-ഓടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. 17-കാരന്‍ 200 കിമോമീറ്ററോളം വേഗതയിലോടിച്ച കാറിടിച്ച് ബൈക്ക് യാത്രികരായ യുവ എഞ്ചിനീയര്‍മാര്‍ മരിക്കുകയായിരുന്നു. മധ്യപ്രദേശിലെ ബിര്‍സിങ്പുര്‍ സ്വദേശി അനീഷ് ആവാഡിയ(24), ജബല്‍പുര്‍ സ്വദേശിനി അശ്വിനി കോഷ്ത(24) എന്നിവര്‍ക്കായിരുന്നു ദാരുണാന്ത്യമുണ്ടായത്. കാറോടിച്ച പതിനേഴുകാരനെ പോലീസ് അറസ്റ്റ് ചെയ്തെങ്കിലും 15 മണിക്കൂറിനുള്ളില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെയാണ് പിതാവിനെയടക്കം പോലീസ് അറസ്റ്റ് ചെയ്തത്. കേസുമായി ബന്ധപ്പെട്ട് പബ്ബ് മാനേജര്‍, പബ്ബ് ഉടമ, 17 കാരന്റെ പിതാവ് എന്നിവരാണ് പിടിയിലായിട്ടുള്ളത്. പബ്ബ് അടച്ചുപൂട്ടി.

Content Highlights: Pune Porsche crash Accused teens bail cancelled