പുണെ അപകടം: പണത്തിന്റെ ഹുങ്കില്‍ നിയമത്തെ വെല്ലുവിളിച്ചു, ഒടുവില്‍ കുടുംബമാകെ അഴിക്കുള്ളില്‍

മുംബൈ: നിയമങ്ങളെല്ലാം കാറ്റില്‍പറത്തി 17-കാരന്‍ ആഡംബര കാറില്‍ ചീറിപ്പാഞ്ഞപ്പോള്‍ നഷ്ടമായത് രണ്ട് ജീവനുകള്‍. നിയമത്തിന്റെ പിടിയില്‍നിന്ന് 17-കാരനെ രക്ഷപ്പെടുത്താനായി കോടീശ്വരന്മാരായ പിതാവും മുത്തച്ഛനും ഉള്‍പ്പെടെ നടത്തിയതാകട്ടെ കുറ്റകൃത്യങ്ങളുടെ പരമ്പരയും.
മാധ്യമ ഇടപെടലും ജനങ്ങളുടെ പ്രതിഷേധവും ശക്തമായതോടെ പണത്തിന്റെ ഹുങ്കില്‍ നിയമനടപടികളില്‍നിന്ന് തടിയൂരാനുള്ള അഗര്‍വാള്‍ കുടുംബത്തിന്റെ ശ്രമങ്ങള്‍ വിഫലമായി. ഒടുവില്‍ പോലീസും നിയമസംവിധാനങ്ങളും ഉണര്‍ന്നതോടെ നിയമലംഘനത്തിന് കൂട്ടുനിന്ന, അത് മറയ്ക്കാനായി മറ്റുകുറ്റകൃത്യങ്ങളിലേര്‍പ്പെട്ട കുടുംബാംഗങ്ങളെല്ലാം ഒന്നിനുപിറകേ ഒന്നായി അഴിക്കുള്ളിലാകുകയുംചെയ്തു.
പുണെയിലെ പോര്‍ഷെ അപകടക്കേസില്‍ ഏറ്റവുമൊടുവിലായി 17-കാരന്റെ അമ്മയായ ശിവാനി അഗര്‍വാളാണ് അറസ്റ്റിലായത്. വൈദ്യപരിശോധനയ്‌ക്കെടുത്ത രക്തസാമ്പിളില്‍ തിരിമറി നടത്തിയെന്ന കുറ്റത്തിനാണ് ശിവാനിയെ പോലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് പിന്നാലെ 17-കാരന്‍ മദ്യപിച്ചോ എന്നറിയാനായി വൈദ്യപരിശോധന നടത്തിയിരുന്നു. എന്നാല്‍, പുണെയില്‍ സസൂണ്‍ ആശുപത്രിയില്‍വെച്ച് 17-കാരനെ കേസില്‍നിന്ന് രക്ഷിക്കാനായി ഡോക്ടര്‍മാരുടെ സഹായത്തോടെ രക്തസാമ്പിളില്‍ തിരിമറി നടത്തി. 17-കാരന്റെ രക്തസാമ്പിളിന് പകരം അമ്മയുടെ രക്തസാമ്പിളാണ് പരിശോധനയ്ക്കായി അയച്ചതെന്നും പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ശിവാനി അഗര്‍വാളിന്റെ അറസ്റ്റിന് പിന്നാലെ അഗര്‍വാള്‍ കുടുംബത്തിന്റെ റിസോര്‍ട്ട് അധികൃതര്‍ സീല്‍ചെയ്തതായുള്ള വാര്‍ത്തയും പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ മഹാബലേശ്വറിലുള്ള റിസോര്‍ട്ടാണ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ ശനിയാഴ്ച സീല്‍ചെയ്തത്.
മേയ് 19-ന് പുലര്‍ച്ചെ 2.15-ഓടെയാണ് 17-കാരന്‍ ഓടിച്ച പോര്‍ഷെ കാറിടിച്ച് ബൈക്ക് യാത്രക്കാരായ യുവ എന്‍ജിനിയര്‍മാര്‍ കൊല്ലപ്പെട്ടത്. പുണെയിലെ സ്വകാര്യ ഐടി കമ്പനിയിലെ ജീവനക്കാരായ അശ്വിനി കോസ്റ്റ(24) അനീഷ് ആവാഡിയ(24) എന്നിവര്‍ക്കാണ് സംഭവത്തില്‍ ജീവന്‍ നഷ്ടമായത്. പ്ലസ്ടു ജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് മദ്യലഹരിയിലാണ് 17-കാരന്‍ അതിവേഗത്തില്‍ പോര്‍ഷെ കാറില്‍ യാത്രചെയ്തതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. അതിനിടെ അപകടം നടന്ന് 15 മണിക്കൂറിനുള്ളില്‍ 17-കാരന് ജാമ്യം അനുവദിച്ചത് വ്യാപക വിമര്‍ശനത്തിനിടയാക്കി. റോഡപകടങ്ങളെക്കുറിച്ച് ഉപന്യാസം എഴുതുക, രണ്ടാഴ്ച ട്രാഫിക് പോലീസിനൊപ്പം പ്രവര്‍ത്തിക്കുക, കൗണ്‍സിലിങ്ങിന് വിധേയമാവുക തുടങ്ങിയ ഉപാധികളോടെയാണ് 17-കാരന് ജാമ്യം അനുവദിച്ചിരുന്നത്. ഇത് വാര്‍ത്തായയതോടെ പുണെ അപകടം ദേശീയശ്രദ്ധ നേടി. സംഭവം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച 17-കാരന്റെ പിതാവ് വിശാല്‍ അഗര്‍വാള്‍, മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി. അപകടസമയത്ത് വാഹനമോടിച്ചത് കുടുംബഡ്രൈവറാണെന്ന് വരുത്തിതീര്‍ക്കാനായിരുന്നു ഇവരുടെ ശ്രമം. കുറ്റം ഏറ്റെടുക്കാനായി കുടുംബഡ്രൈവറെ തട്ടിക്കൊണ്ടുപോയി സമ്മര്‍ദംചെലുത്തിയതായും കണ്ടെത്തിയിരുന്നു.
പ്രതിഷേധം ശക്തമായതിന് പിന്നാലെയാണ് പുണെ വാഹനാപകടക്കേസില്‍ പോലീസ് സംവിധാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചത്.തുടര്‍ന്ന് പ്രതിയായ 17-കാരന്റെ ജാമ്യം റദ്ദാക്കി. 17-കാരന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മദ്യം വിളമ്പിയ പബ്ബ് ജീവനക്കാരും ഉടമകളും പിടിയിലായി. ഇതിനുപിന്നാലെയാണ് ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാരും ആശുപത്രി ജീവനക്കാരനും കേസില്‍ അറസ്റ്റിലായത്.
17-കാരന്റെ രക്തസാമ്പിളില്‍ തിരിമറി നടത്താനായി ഇടനിലക്കാരന്‍ മുഖേന പിതാവ് മൂന്നുലക്ഷം രൂപയാണ് ഡോക്ടര്‍ക്ക് കൈമാറിയത്. മേയ് 19-ന് അപകടം നടന്നതിന് പിന്നാലെ 17-കാരന്‍ മദ്യപിച്ചിരുന്നോ എന്നതടക്കം കണ്ടെത്താനായി ഇയാളെ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോയിരുന്നു. തുടര്‍ന്ന് രക്തസാമ്പിളും ശേഖരിച്ചു. എന്നാല്‍, 17-കാരന്റെ പിതാവും ഇടനിലക്കാരനും ഡോക്ടര്‍മാരെ സ്വാധീനിച്ച് വൈദ്യപരിശോധനയില്‍ കൃത്രിമം കാട്ടിയതായാണ് കണ്ടെത്തല്‍. പ്രതിയുടെ രക്തസാമ്പിളിന് പകരം അമ്മയായ ശിവാനി അഗര്‍വാളിന്റെ രക്തസാമ്പിള്‍ ഉപയോഗിച്ചാണ് പരിശോധന നടത്തിയതെന്നും തുടര്‍ന്ന് പ്രതിക്ക് അനുകൂലമായ വൈദ്യപരിശോധനാ ഫലം നല്‍കിയെന്നുമാണ് പോലീസ് പറയുന്നത്. ഇതേത്തുടര്‍ന്ന് സംഭവസമയത്ത് പ്രതി മദ്യപിച്ചിട്ടില്ലെന്ന വൈദ്യപരിശോധന ഫലമാണ് കിട്ടിയതെന്നും പോലീസ് പറയുന്നു. ശിവാനി അഗര്‍വാള്‍ ഈസമയം ആശുപത്രിയിലുണ്ടായിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പുണെ സസൂണ്‍ ജനറല്‍ ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. അജയ് താവഡെ, അത്യാഹിതവിഭാഗത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.ശ്രീഹരി ഹല്‍നോര്‍ എന്നിവരെയും ആശുപത്രി ജീവനക്കാരനായ മറ്റൊരാളുമാണ് അറസ്റ്റിലായത്. അപകടത്തിന് പിന്നാലെ 17-കാരന്റെ പിതാവായ വിശാല്‍ അഗര്‍വാള്‍ ഒരു ഇടനിലക്കാരന്‍ മുഖേനയാണ് ഡോക്ടര്‍ അജയ് താവഡെയുമായി ബന്ധപ്പെട്ടത്. വിശാലിന്റെ ബംഗ്ലാവില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ഫോണില്‍നിന്ന് ഇയാള്‍ ഡോക്ടറെ വിളിച്ചതിന്റെ തെളിവ് കണ്ടെടുത്തിരുന്നു. ഇതിനുപുറമേ ഫോണിലെ മറ്റൊരു ആപ്പ് മുഖേന ഇരുപതിലേറെ തവണ ഇയാള്‍ ഡോക്ടറുമായി ബന്ധപ്പെട്ടിരുന്നതായും അന്വേഷണത്തില്‍ കണ്ടെത്തി. രക്തസാമ്പിളിലും വൈദ്യപരിശോധനയിലും കൃത്രിമം കാട്ടാനായി ഡോ. അജയ് താവഡെ മൂന്നുലക്ഷം രൂപ നല്‍കിയിരുന്നതായി കൂട്ടുപ്രതിയായ ഡോ.ശ്രീഹരിയും പോലീസിനോട് സമ്മതിച്ചിരുന്നു. ഡോ. ശ്രീഹരിയാണ് 17-കാരന്റെ രക്തസാമ്പിള്‍ ചവറ്റുക്കുട്ടയില്‍ ഉപേക്ഷിച്ചതെന്നും തുടര്‍ന്ന് ഇയാള്‍ തന്നെയാണ് ശിവാനിയുടെ രക്തസാമ്പിള്‍ പകരമായിവെച്ചതെന്നും പോലീസ് പറഞ്ഞിരുന്നു.
Content Highlights: pune porsche car accident history and arrest details