രഹസ്യവിവാഹംകഴിഞ്ഞ് ഇൻസ്റ്റഗ്രാമിൽ ചിത്രം, പിന്നെ ഡിലീറ്റ് ചെയ്തു; ഇടനിലക്കാരന് പണംനൽകിയെന്നും സൂചന

#ന്യൂസ് ഡെസ്ക്
കേദൻ അഗർവാൾ, സിയ, ചേതൻ ചൗധരി
കേദൻ അഗർവാൾ, സിയ, ചേതൻ ചൗധരി

പുണെ: കേതൻ അഗർവാൾ കൊലപാതക കേസുമായി ബന്ധപ്പെട്ട് കൂടുതൽ വെളിപ്പെടുത്തലുമായി പോലീസ് അന്വേഷണ സംഘം. പ്രതികളായ സിയ ഗോയലും കാമുകനായ ചേതൻ ചൗധരിയും നേരത്തെ വിവാഹിതരായിരുന്നെന്ന് കണ്ടെത്തിയ പോലീസ്, ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. കേതൻ അഗർവാളുമായുള്ള വിവാഹനിശ്ചയത്തിന് ശേഷമാണ് ഇരുവരും തമ്മിൽ സ്വകാര്യമായി വിവാഹംചെയ്തതെന്ന് പോലീസ് പറയുന്നു.

കേതനും സിയയും തമ്മിലുള്ള വിവാഹത്തിന് വൻ ഒരുക്കങ്ങളാണ് കുടുംബം നടത്തിയിരുന്നത്. ഉദയ്പൂരിൽ ഡെസ്റ്റിനേഷൻ വിവാഹം നടത്താനുള്ള ഒരുക്കങ്ങളുടെ ഭാഗമായി സിയയുടെ രേഖകൾ കേതന്റെ കുടുംബം ആവശ്യപ്പെട്ടിരുന്നു. ഇതോടെയാണ് രഹസ്യവിവാഹം സംബന്ധിച്ച വിവരം പുറത്താകുമെന്ന് ഭയപ്പെട്ട് ഉടൻതന്നെ കൊലപാതകം നടത്താനുള്ള തിരക്കിട്ട നീക്കം സിയയും ചേതനും നടത്തിയത് എന്നാണ് പോലീസ് പറയുന്നത്.

സിയ ഗോയലിന്റേയും കേതൻ അഗർവാളിന്റേയും വിവാഹം ഈ വർഷം നവംബറിൽ നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഏതാനും മാസങ്ങൾക്ക് മുൻപേ തന്നെ ഇരുവരുടേയും വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. എന്നാൽ, വിവാഹാഘോഷങ്ങൾ ആരംഭിക്കാനിരിക്കെ ജൂൺ 18-ന് സിയയും കാമുകൻ ചേതനും ചേർന്ന് പുണയിലെ ലോഹഗഢ് കോട്ടയിൽവെച്ച് കേദനെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. പ്രാഥമികാന്വേഷണത്തിൽ അപകടമരണമാണെന്ന് തോന്നിയിരുന്നെങ്കിലും സംശയത്തെ തുടർന്നുണ്ടായ വിശദമായ അന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. കേതനുമായുള്ള വിവാഹം നടക്കാതിരിക്കാനാണ് ഇരുവരും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പ്രതികൾ പോലീസിന് മൊഴി നൽകിയിരുന്നു.

കേതനുമായുള്ള വിവാഹനിശ്ചയത്തിന് ശേഷം സിയയും ചേതനും നാല് മാസങ്ങൾക്ക് മുൻപ് പ്രദേശത്തെ ഒരു രജിസ്ട്രാർ ഓഫീസിൽവെച്ച് വിവാഹം നടത്തിയിരുന്നുവെന്നാണ് കേസ് അന്വേഷിക്കുന്ന പുണെ റൂറൽ പോലീസ് കണ്ടെത്തിയത്. സിയയുടെ രണ്ട് സുഹൃത്തുക്കളാണ് സാക്ഷികളായി വിവാഹത്തിന് ഒപ്പിട്ടിരിക്കുന്നത്. വിവാഹമാല ധരിച്ചുനിൽക്കുന്ന ചിത്രം സുഹൃത്തുക്കളിലൊരാൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നെങ്കിലും പിന്നീട് അത് ഡിലീറ്റ് ചെയ്തിരുന്നു. ഇത് വീണ്ടെടുക്കാനും വിവാഹ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ് കണ്ടെത്താനുമുള്ള ശ്രമത്തിലാണ് ഇപ്പോൾ പോലീസുള്ളത്. രജിസ്റ്റർ വിവാഹം നടത്താനുള്ള നിർബന്ധിത പൊതു അറിയിപ്പ് ഒഴിവാക്കി രഹസ്യ വിവാഹം നടത്താൻ ഏതെങ്കിലും ഇടനിലക്കാരന് പണം നൽകിയിട്ടുണ്ടോയെന്ന് അറിയാനായി ചേതന്റെ ബാങ്ക് രേഖകളും പോലീസ് പരിശോധിക്കുന്നുണ്ട്.

പ്രതികളായ ഗോയലും ചൗധരിയും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. സിയ നടത്തുന്ന ബേക്കറിയിലേക്ക് സാധനങ്ങൾ വിതരണം ചെയ്യുന്നത് ചേതൻ ചൗധരിയായിരുന്നു. ആ പരിചയമാണ് പ്രണയമായി വളർന്നത്. എന്നാൽ അതിനിടെ കുടുംബം മുഖേനെ സിയയുടെയും കേതന്റെയും വിവാഹം നിശ്ചയിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. യാതൊരു സംശയം തോന്നാത്ത വിധമായിരുന്നു കൊലപാതകത്തിന്റെ ആസൂത്രണം. കൊലപാതകം നടത്താൻ മുൻപും പദ്ധതിയിട്ടിരുന്നുവെന്ന് ചോദ്യം ചെയ്യലിൽ സിയ പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. 

Content Highlights: Siya Goyal and Chetan Chaudhary were secretly married prior to the murder., The murder of Ketan Agarwal was planned to avoid an arranged marriage., The incident occurred at Lohagad Fort on June 18., Police are investigating potential financial irregularities regarding the secret registration., The accused are currently in judicial custody.