ആഹാരം തരാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി; പുണെയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നത് 65-കാരൻ

#ന്യൂസ് ഡെസ്ക്
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം(ഇടത്ത്) പ്രതിയുടെ സിസിടിവി ദൃശ്യം(വലത്ത്) | Screengrab Courtesy: x.com/ANI & x.com/treeni
കുട്ടിയുടെ മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് പരിശോധനയ്‌ക്കെത്തിയ പോലീസ് സംഘം(ഇടത്ത്) പ്രതിയുടെ സിസിടിവി ദൃശ്യം(വലത്ത്) | Screengrab Courtesy: x.com/ANI & x.com/treeni

മുംബൈ: പുണെയിൽ നാലുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തി. കേസിൽ പ്രതിയായ 65-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച പുണെയിലെ ഭോർ മേഖലയിലാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്.

സ്‌കൂൾ അവധിക്കാലമായതിനാൽ പുണെയിലെ അമ്മവീട്ടിൽ താമസിക്കാനെത്തിയതായിരുന്നു പെൺകുട്ടി. ഇതിനിടെയാണ് പ്രതിയായ 65-കാരൻ പെൺകുട്ടിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ആഹാരം നൽകാമെന്ന് വാഗ്ദാനംചെയ്ത് സമീപത്തെ ഒരു കന്നുകാലി തൊഴുത്തിന് സമീപത്തേക്കാണ് ഇയാൾ കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. തുടർന്ന് ഇവിടെവെച്ച് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും കൊലപ്പെടുത്തുകയുമായിരുന്നു.

ഏറെനേരം കഴിഞ്ഞിട്ടും കുട്ടിയെ കാണാതായതോടെയാണ് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചത്. കുട്ടിയെ കാണാനില്ലെന്ന് പോലീസിലും പരാതി നൽകി. ഇതിനിടെ പ്രദേശത്തെ ചില സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് പ്രതി കുട്ടിയെ കൂട്ടിക്കൊണ്ടുപോകുന്ന ദൃശ്യങ്ങൾ കണ്ടത്. ഈ മേഖലയിൽ തിരച്ചിൽ നടത്തിയതോടെ കന്നുകാലി ഷെഡ്ഡിന് സമീപം കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു.

നാലുവയസ്സുകാരി ക്രൂരമായി കൊല്ലപ്പെട്ട സംഭവം പുറത്തറിഞ്ഞതോടെ നാട്ടുകാർ വൻ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിക്കെതിരേ ശക്തമായ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിനാളുകൾ പോലീസ് ഔട്ട്‌പോസ്റ്റിന് മുന്നിൽ കുത്തിയിരുന്നു. പിന്നാലെ മുംബൈ-ബെംഗളൂരു ഹൈവേയും ഉപരോധിച്ചു. പോലീസിന്റെ ഉറപ്പ് ലഭിക്കാതെ പോസ്റ്റ്‌മോർട്ടം നടത്താനാകില്ലെന്നും നിലപാടെടുത്തു. ഒടുവിൽ 15 ദിവസത്തിനുള്ളിൽ കേസിൽ കുറ്റപത്രം സമർപ്പിക്കുമെന്ന് പോലീസ് നാട്ടുകാർക്ക് ഉറപ്പുനൽകി. അതിവേഗ കോടതിയിൽ വിചാരണ നടത്തി വേഗത്തിൽ ശിക്ഷ ഉറപ്പാക്കുമെന്നും പോലീസ് പറഞ്ഞു. ഇതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ചത്.

അറസ്റ്റിലായ 65-കാരന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നാണ് പോലീസ് നൽകുന്നവിവരം. പ്രതിയുടെ കൂടുതൽവിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. ഇയാൾ ഏറെക്കാലമായി മേഖലയിൽ കൂലിപ്പണി ചെയ്തുവരികയാണെന്ന് പോലീസ് പറഞ്ഞു. 1998-ലും 2015-ലും ഇയാൾ ഓരോ കേസുകളിൽ പ്രതിചേർക്കപ്പെട്ടിരുന്നു. പിന്നീട് ഈ കേസുകളിൽ കുറ്റവിമുക്തനാക്കപ്പെട്ടെന്നും പോലീസ് പറഞ്ഞു.

Content Highlights: A 65-year-old suspect was arrested for the sexual assault and murder of a 4-year-old girl in Bhor, Pune., The suspect lured the victim to a cattle shed under the pretext of providing food., CCTV footage was instrumental in identifying the suspect and locating the victim., Public protests occurred on the Mumbai-Bengaluru highway demanding swift justice., Police have assured a charge sheet within 15 days and a fast-track trial for the accused.