രണ്ടുപേരുടെ ജീവനെടുത്ത ആ പോര്‍ഷെ ടെയ്കാന്‍ 17-നുകാരനു ലഭിച്ച പിറന്നാള്‍ സമ്മാനമെന്ന് റിപ്പോര്‍ട്ട്

പുണെ (മഹാരാഷ്ട്ര): പുണെയിലെ കല്യാണി നഗറില്‍ രണ്ട് യുവ എന്‍ജിനിയര്‍മാരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടാക്കിയ ആഡംബര കാര്‍ 17-കാരന് പിറന്നാള്‍ സമ്മാനമായി ലഭിച്ചതെന്ന് റിപ്പോര്‍ട്ട്. അപകടസമയത്ത് കാറോടിച്ചിരുന്ന കൗമാരക്കാരന് പിറന്നാള്‍ സമ്മാനമായി മുത്തച്ഛന്‍ സുരേന്ദ്ര അഗര്‍വാള്‍ സമ്മാനിച്ചതാണ് പോര്‍ഷെ ടെയാകാന്‍ എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മെയ് 19-ന് പുലര്‍ച്ചെയാണ് അശ്വിനി കോഷ്ത, അനീഷ് ആവാഡിയ എന്നീ യുവ എന്‍ജിനീയര്‍മാരുടെ മരണത്തിനിടയാക്കിയ അപകടം ഉണ്ടായത്.
കൊച്ചുമകന് ആഡംബര കാര്‍ സമ്മാനിച്ചതുമായി ബന്ധപ്പെട്ട് സുഹൃത്തുക്കള്‍ ഉള്‍പ്പെടുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ സുരേന്ദ്ര അഗര്‍വാള്‍ മെസേജ് ഇട്ടിരുന്നതായി അദ്ദേഹത്തിന്റെ സുഹൃത്ത് അമന്‍ വാധ്‌വ വെളിപ്പെടുത്തിയതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കാറിന്റെ ചിത്രം അടക്കമാണ് സുരേന്ദ്ര അഗര്‍വാള്‍ വാട്‌സ്ആപ്പില്‍ ഫോട്ടോ ഇട്ടതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കൗമാരക്കാരന്‍ അമിതവേഗത്തില്‍ ഓടിച്ച ഈ ആഡംബര കാറിടിച്ചാണ് ബൈക്ക് യാത്രികരായ അശ്വിനിയും അനീഷും മരിച്ചത്.
സംഭവത്തില്‍ കേസെടുക്കാതെ 15 മണിക്കൂറിനകം കൗമാരക്കാരനെ ജാമ്യത്തില്‍ വിട്ടയച്ചതുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളുണ്ടായിരുന്നു. ഇതോടെ പതിനേഴുകാരനെയും അച്ഛനെയും പോലീസ് വീണ്ടും സ്‌റ്റേഷനില്‍ എത്തിച്ചിരുന്നു. ഇതിനിടെ കുറ്റം ഏല്‍ക്കാന്‍ ഡ്രൈവറെ പ്രേരിപ്പിച്ചതിന് കൗമാരക്കാരന്റെ മുത്തച്ഛനെയും കഴിഞ്ഞ ദിവസം പോലീസ് കസ്റ്റഡിയിലെടുത്തു. പുണെ പോലീസ് കമ്മീഷണര്‍ അമിതേഷ് കുമാറാണ് ഇതുസംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവിട്ടത്.
അപകടസമയത്ത് കാറോടിച്ചിരുന്നത് താനാണ് എന്ന് കുറ്റമേല്‍ക്കണം എന്നുപറഞ്ഞ് അഗര്‍വാള്‍ കുടുംബം തനിക്ക് പണം വാഗ്ദാനം ചെയ്തതായി അവരുടെ ഡ്രൈവര്‍ ഗംഗാറാം പൂജാരി മൊഴി നല്‍കിയിട്ടുള്ളതായി പോലീസ് പറഞ്ഞു. വാഗ്ദാനത്തില്‍ വീഴുന്നില്ല എന്ന് കണ്ടതോടെ തന്നെ രണ്ടുദിവസം വീട്ടില്‍ പൂട്ടിയിട്ട് ഭീഷണിപ്പെടുത്തിയതായും ഗംഗാറാം പോലീസിനോട് വെളിപ്പെടുത്തി. നിലവില്‍ കേസിലെ പ്രധാന സാക്ഷിയാണ് ഗംഗാറാം.
ഒരു കോടിക്ക് മുകളിലാണ് പോര്‍ഷെ ടെയ്കാന്റെ വിവിധ മോഡലുകളുടെ എക്‌സ് ഷോറൂം വില. മാര്‍ച്ചില്‍ ബെംഗളൂരുവിലെ ഒരു ഡീലര്‍ പോര്‍ഷെ കാര്‍ ഇറക്കുമതി ചെയ്തതായും പിന്നീട് താല്‍കാലിക രജിസ്‌ട്രേഷന്‍ മാത്രം നടത്തി മഹാരാഷ്ട്രയിലേക്ക് അയച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് കാറുടമസ്ഥനെ അറിയിച്ചിരുന്നെങ്കിലും അവര്‍ അത് ചെയ്തില്ലെന്ന് മഹാരാഷ്ട്ര ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വിവേക് ഭീമന്‍വര്‍ വ്യക്തമാക്കി.
Content Highlights: pune car accident porsche taycan was gifted to minor by his grandfather says report