രണ്ടാംറാങ്കിന് പരിഹാസം, ഒന്നാംറാങ്കുള്ള സഹോദരന്റെ സ്‌കോർ തിരുത്തി; 9 വയസ്സുകാരിയെ കൊന്ന് പിതാവ്

മുംബൈ: പുണെയിൽ ഒൻപതുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പിതാവും രണ്ടാനമ്മയും അറസ്റ്റിൽ. പുണെ സ്വദേശിയായ ശാന്താറാം ദുര്യോധൻ ചവാൻ, രണ്ടാംഭാര്യയായ ചിങ്കി ബോസ്ലെ എന്നിവരെയാണ് പോലീസ് അറസ്റ്റ്‌ചെയ്തത്. ശാന്താറാമിന്റെ ആദ്യവിവാഹത്തിലുള്ള മകൾ അനാമികയാണ് കൊല്ലപ്പെട്ടത്.
സ്‌കൂളിലെ പരീക്ഷയിൽ അനാമികയ്ക്ക് ഒന്നാം റാങ്ക് ലഭിക്കാതിരുന്നതും ഇതിനെത്തുടർന്നുണ്ടായ സംഭവങ്ങളുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. അടുത്തിടെ പരീക്ഷാഫലം പ്രഖ്യാപിച്ചപ്പോൾ അനാമികയ്ക്ക് രണ്ടാംറാങ്കാണ് കിട്ടിയത്. എന്നാൽ, ശാന്താറാമിന്റെ രണ്ടാംഭാര്യയിലുള്ള മകന് സ്‌കൂളിൽ ഒന്നാംറാങ്ക് കിട്ടി. തുടർന്ന്, സഹോദരനുമായി താരതമ്യംചെയ്ത് ഒന്നാംറാങ്ക് കിട്ടാത്തതിന് പ്രതികൾ അനാമികയെ പരിഹസിച്ചു. ഇതോടെ അനാമിക സഹോദരന്റെ സ്‌കോർ കാർഡിൽ മാർക്കും റാങ്കും തിരുത്താൻ ശ്രമിച്ചു. ഇത് കുട്ടികൾക്കിടയിൽ കലഹത്തിനിടയാക്കി. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ശാന്താറാമും ഇടപെട്ടു. രോഷാകുലനായ ഇയാൾ അനാമികയെ ക്രൂരമായി ആക്രമിച്ചു. തുടർന്ന് മരംമുറിക്കുന്ന യന്ത്രം ഉപയോഗിച്ചാണ് മകളെ കൊലപ്പെടുത്തിയതെന്നും പോലീസ് പറഞ്ഞു.
കൃത്യം നടത്തിയശേഷം ഇത് മറച്ചുവെയ്ക്കാനായിരുന്നു പ്രതികളുടെ ശ്രമം. ഇതിന്റെ ഭാഗമായി മൃതദേഹം കത്തിക്കാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. വിവരമറിഞ്ഞ് പോലീസ് സ്ഥലത്തെത്തിയപ്പോൾ പെൺകുട്ടിയുടെ പാതി കത്തിക്കരിഞ്ഞനിലയിലുള്ള മൃതദേഹമാണ് കണ്ടെത്തിയത്. ഇത് ഡിഎൻഎ പരിശോധനയ്ക്ക് അയച്ചതായും പോലീസ് അറിയിച്ചു. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതും കുറ്റകൃത്യം മറച്ചുവെച്ചതിനുമാണ് ശാന്താറാമിന്റെ രണ്ടാംഭാര്യയെ അറസ്റ്റ്‌ചെയ്തതെന്നും പോലീസ് പറഞ്ഞു.
Content Highlights: 9-year-old girl murdered by father and stepmother in Pune, Motive linked to exam rank comparison and sibling rivalry, Child brutally attacked and killed using a wood-cutting machine, Accused attempted to burn the body to destroy evidence, Both suspects arrested and body sent for DNA testing