കോടിയേരിയെ അധിക്ഷേപിച്ച് ഫെയ്സ്ബുക്ക് പോസ്റ്റ്;ഒരാൾ അറസ്റ്റിൽ, ഒരാളെ സസ്പെൻഡ് ചെയ്തു

പ്രതീകാത്മകചിത്രം | Photo : AFP
പ്രതീകാത്മകചിത്രം | Photo : AFP

പത്തനാപുരം : അന്തരിച്ച സി.പി.എം. മുൻ സംസ്ഥാന സെക്രട്ടറിയും മുൻമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ടതിന് ഒരാൾ അറസ്റ്റിൽ. ഫാമിങ് കോർപ്പറേഷൻ ജീവനക്കാരനാണ് അറസ്റ്റിലായത്. കോർപ്പറേഷന്റെ മുള്ളുമല എസ്റ്റേറ്റിലെ ഡ്രൈവർ കം ലാസ്റ്റ് ഗ്രേഡ് ജീവനക്കാരൻ കായംകുളം ചെമ്പകശ്ശേരി സ്വദേശി വിഷ്ണു ജി.കുമാറാണ് പത്തനാപുരം പോലീസിന്റെ പിടിയിലായത്. ഡി.വൈ.എഫ്.ഐ. നേതാവ് വിഷ്ണുവിന്റെ പരാതിയെത്തുടർന്നാണ് നടപടി.

ഒരു കൊലപാതകക്കേസിൽ പങ്കുണ്ടെന്നായിരുന്നു ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പരാമർശം. സി.പി.എം. പ്രാദേശിക ഘടകവും പരാമർശത്തിനെതിരേ രംഗത്തെത്തിയിരുന്നു. വിഷ്ണു ജി.കുമാറിനെതിരേ വകുപ്പുതല നടപടി സ്വീകരിക്കുമെന്ന് ഫാമിങ് കോർപ്പറേഷൻ എം.ഡി. എൽ.ഷിബുകുമാർ അറിയിച്ചു.

കോടിയേരിയെ സമൂഹ മാധ്യമങ്ങളിൽ കൂടി അധിക്ഷേപിച്ച ചിതറ സബ് രജിസ്ട്രാർ ഓഫീസിലെ ഹെഡ് ക്ലർക്ക് സന്തോഷ് രവീന്ദ്രൻ പിള്ളയെ സർവ്വീസിൽ നിന്നും സസ്പെൻഡ് ചെയ്തു. രജിസ്ട്രേഷൻ മന്ത്രി വി.എൻ. വാസവന്റെ നിർദ്ദേശപ്രകാരമാണ് അടിയന്തര നടപടി സ്വീകരിച്ചത്. കോടിയേരിയെ അപമാനിച്ച സംഭവത്തിൽ ശാസ്താംകോട്ട പൊലീസ് കേസെടുത്തിരുന്നു.

Content Highlights: post against kodiyeri balakrishnan - on arrest