‘ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ’; 3 വർഷത്തെ രാഷ്ട്രീയപ്പക, പോലീസുകാരന്റെ ബുള്ളറ്റ് ചുട്ടെരിച്ചു

#ന്യൂസ് ഡെസ്ക്ക്
ബുള്ളറ്റ് കത്തിക്കരിഞ്ഞ നിലയിൽ
ബുള്ളറ്റ് കത്തിക്കരിഞ്ഞ നിലയിൽ

അഞ്ചൽ: കൊല്ലം ജില്ലയിലെ അഞ്ചലിൽ സിവിൽ പോലീസ് ഓഫീസറുടെ ബൈക്ക് സാമൂഹിക വിരുദ്ധർ തീയിട്ടു നശിപ്പിച്ചു. ആറന്മുള പോലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥനും അഞ്ചൽ സ്വദേശിയുമായ വിവേകിന്റെ ബുള്ളറ്റാണ് കത്തിച്ചത്. വിവേകിനെതിരേ ഭീഷണിക്കത്തും ലഭിച്ചു. ആക്രമണത്തിനു പിന്നിൽ രാഷ്ട്രീയ വൈരാഗ്യമാണെന്നാണ് സൂചന.

രാഷ്ട്രീയവുമായി ബന്ധപ്പെട്ട് മൂന്നുവർഷംമുൻപത്തെ സംഭവത്തോടുള്ള വൈരാഗ്യമാണ് ഈ അക്രമത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. സംസ്ഥാനത്ത് ഭരണം മാറിയതോടെ ഇത് അക്രമത്തിലേക്ക് നയിച്ചു. മൂന്നുവർഷംമുൻപ് പുനലൂരിലെ കോളേജിൽ എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. അന്ന് ലാത്തിച്ചാർജ് നടത്തിയ പോലീസ് സംഘത്തിൽ വിവേകുമുണ്ടായിരുന്നു. വിവേകിന്റെ ലാത്തിയടിയേറ്റ് അന്ന് ചില കെ.എസ്.യു., യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് അന്ന് പരിക്കേറ്റെന്നാണ് പറയപ്പെടുന്നത്.

എന്നാൽ ഭരണം മാറിയതോടെ വീട്ടിലുണ്ടായിരുന്ന വിവേകിന്റെ ബുള്ളറ്റ് കത്തിക്കുകയും മൂന്നുപേജുള്ള ഭീഷണിക്കത്തയക്കുകയുമായിരുന്നു. ബുള്ളറ്റ് കത്തുന്നതുകണ്ടാണ് വിവേകും അച്ഛനും അമ്മയും പുറത്തേക്കെത്തിയത്. എന്നാൽ പുറത്ത് പ്രതി കരിഓയിൽ ഒഴിച്ചിരുന്നതിനാൽ ഇവർ തെന്നിവീണ് മൂന്നുപേർക്കും പരിക്കേറ്റു. പിന്നാലെ നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് ഭീഷണിക്കത്ത് കണ്ടെത്തുകയും ചെയ്തു.

'മൂന്നുവർഷം കാത്തിരുന്നത് ഇതിനായിരുന്നു, ഞങ്ങൾ തിരിച്ചുവരില്ലെന്ന് കരുതിയോ നീ' എന്നിങ്ങനെയുള്ള പരാമർശങ്ങളാണ് ഭീഷണിക്കത്തിലുള്ളത്. സംഭവത്തിൽ പുനലൂർ ഡിവൈ.എസ്.പി. ഡോ. അപർണയുടെ നേതൃത്വത്തിലുള്ള സംഘവും ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്ത് പരിശോധന നടത്തി.

Content Highlights: Civil Police Officer Vivek's bike was deliberately set on fire in Anchal., A three-page threat letter was recovered from the crime scene., Initial investigations suggest the attack is linked to a 3-year-old campus conflict in Punalur