പിടിയിലായവര്‍ ശ്രമിച്ചത് 12-കാരിയെ കൊല്‍ക്കത്തയിലേക്ക് കടത്താന്‍; POCSO അടക്കം ചുമത്തും

പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊച്ചി: ആലുവയിൽ നിന്നും കാണാതായ പന്ത്രണ്ടുവയസുകാരിക്കൊപ്പം കണ്ടെത്തിയ രണ്ടുപേർക്കെതിരെ പോക്സോ, തട്ടിക്കൊണ്ടുപോകൽ വകുപ്പകൾ ചുമത്തും. കുട്ടിയുടെ സുഹൃത്തിനേയും ഇയാളുടെ ബന്ധുവിനേയുമാണ് കേസിൽ പോലീസ് പിടികൂടിയത്.

ഞായറാഴ്ച വൈകീട്ടായിരുന്നു ആലുവ എടയപ്പുറത്ത് നിന്നും ബം​ഗാൾ സ്വദേശിയുടെ മകളെ കാണാനില്ലെന്ന പരാതി ഉയർന്നത്. സമീപത്തെ കടയിൽ നിന്നും സാധനങ്ങൾ വാങ്ങാൻ പോയ കുട്ടിയെ പിന്നീട് കാണാതായി. അഞ്ച് മണിക്കൂറിന് ശേഷം അങ്കമാലി റെയിൽവേ സ്റ്റേഷന് സമീപം ഇതരസംസ്ഥാനക്കാർ താമസിക്കുന്ന പ്രദേശത്ത് നിന്നും ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘം കുട്ടിയെ കണ്ടെത്തി. കുട്ടിയുമായി കൊൽക്കത്തയിലേക്ക് കടക്കാനിരിക്കുകയായിരുന്നു ഇവർ. 

കുട്ടി തങ്ങൾക്കൊപ്പമുണ്ടെന്ന് പറഞ്ഞ് പ്രതികൾ ബന്ധുക്കളെ വിളിച്ചിരുന്നതായാണ് വിവരം. ഈ നമ്പർ അന്വേഷിച്ച പോലീസ് കുട്ടിയെയും പ്രതികളെയും കണ്ടെത്തുകയായിരുന്നു. സമീപത്തെ സി.സി.ടി.വി.ദൃശ്യങ്ങളും കുട്ടിയെ കണ്ടെത്തുന്നതിന് സഹായകമായി. 

Content Highlights: POCSO kidnapping charges filed against two persons on Aluva missing case