13 കാരിയെ പീഡിപ്പിച്ച കേസിൽ 20-കാരന് 51 വർഷം കഠിനതടവും പിഴയും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം |   ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

മഞ്ചേരി: പതിമൂന്നുകാരിയെ വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനത്തിനിരയാക്കിയ കേസിൽ ഇരുപതുകാരനെ മഞ്ചേരി അതിവേഗ സ്പെഷ്യൽ കോടതി (രണ്ട്) വിവിധ വകുപ്പുകളിലായി 51 വർഷം കഠിനതടവിനും 40,000 രൂപ പിഴയടയ്ക്കാനും ശിക്ഷ വിധിച്ചു.

അരീക്കോട് ഊർങ്ങാട്ടിരി കല്ലരട്ടിക്കൽ ചാലിൽ ഷാനിലിനെ(20)യാണ് കോടതി ശിക്ഷിച്ചത്. പിഴയൊടുക്കാത്തപക്ഷം ഒരുവർഷത്തെ അധിക കഠിനതടവും അനുഭവിക്കണം. പിഴ അടയ്ക്കുന്നപക്ഷം തുക അതിജീവിതയ്ക്ക് നൽകണമെന്നും കോടതി വിധിച്ചു.

സർക്കാരിന്റെ വിക്ടിം കോംപൻസേഷൻ ഫണ്ടിൽനിന്ന് അതിജീവിതയ്ക്ക് മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിക്കാൻ കോടതി ജില്ലാ ലീഗൽ സർവീസസ് അതോറിറ്റിക്ക് നിർദേശവുംനൽകി. പെൺകുട്ടിയും പ്രതിയും ഒരേ സ്‌കൂളിൽ പഠിച്ചവരാണ്. സ്‌കൂളിലെ പരിചയംവെച്ച് പ്രതി പെൺകുട്ടിയുമായി ഫോണിൽ ബന്ധപ്പെടുകയും പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകുകയുമായിരുന്നു.

18 വയസ്സ് പൂർത്തിയാകാത്ത പ്രതി 2024 ഏപ്രിലിലും പ്രായപൂർത്തിയായശേഷവും ലൈംഗികാതിക്രമം ആവർത്തിച്ചു. ജൂൺ 12-ന് വീട്ടിൽ വിരുന്നുവന്ന സഹോദരീഭർത്താവ് പെൺകുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്.

രക്ഷിതാക്കൾ കുട്ടിയെ കൗൺസലിങ്ങിനു വിധേയയാക്കി. കൗൺസലർ പോലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് അരീക്കോട് പോലീസ് കേസ് രജിസ്റ്റർചെയ്ത് അന്വേഷിച്ചു.

2024 ജൂൺ 27-ന് ഷാനിലിനെ അറസ്റ്റ്‌ചെയ്തു. അരീക്കോട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടറായിരുന്ന ആൽബി തോമസ് വർക്കി രജിസ്റ്റർചെയ്ത കേസിൽ ഇൻസ്പെക്ടർമാരായിരുന്ന എ. ആദംഖാൻ, വി. സിജിത്ത് എന്നിവരാണ് അന്വേഷണം നടത്തിയത്. സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. എ. സോമസുന്ദരൻ ഹാജരായി. പ്രതിയെ തവനൂർ ജയിലിലേക്കയച്ചു.

Content Highlights: Manjeri fast-track special court sentenced 20-year-old Shanil to 51 years rigorous imprisonment., The accused was fined Rs 40,000, which will be given to the survivor., The crime came to light during counseling after the victim's brother-in-law checked her phone in June 2024., Areekode police arrested the accused on June 27, 2024.