രാത്രി 11-ന് പോലീസിന്റെ കണ്ണുവെട്ടിച്ചു; പോക്സോ കേസ് പ്രതി കൈവിലങ്ങ് ഊരി സ്റ്റേഷനിൽനിന്ന് ചാടിപ്പോയി

#ന്യൂസ് ഡെസ്ക്
പ്രതി സജിത്ത്
പ്രതി സജിത്ത്

പൊടിയാടി (തിരുവല്ല): പോക്‌സോ കേസിൽ പിടിയിലായ പ്രതി പോലീസ് കസ്റ്റഡിയിൽനിന്ന്‌ രക്ഷപ്പെട്ടു. പുളിക്കീഴ് പോലീസ് സ്റ്റേഷനിൽ കസ്റ്റഡിയിൽ ഉണ്ടായിരുന്ന നിരണം ഇരതോട് ആശകുടി പുതുവേൽ വീട്ടിൽ സജിത്ത് (32)ആണ് ചാടിപ്പോയത്. വെള്ളിയാഴ്ച രാത്രി 11 മണിയോടെയാണ് സംഭവം.പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ വെള്ളിയാഴ്ച ഉച്ചയോടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്റ്റേഷനിൽ ലോക്കപ്പ് ഇല്ലാതിരുന്നതിനാൽ ഉൾവശത്തുള്ള മുറിയുടെ നിലത്തെ ഇരുമ്പുകുറ്റിയിലാണ് കൈവിലങ്ങ്‌വെച്ച് സജിത്തിനെ സൂക്ഷിച്ചിരുന്നത്.

രാത്രി 11 മണിയോടെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരുടെ കണ്ണുവെട്ടിച്ച് കൈവിലങ്ങ് ഊരിയെടുത്ത പ്രതി പോലീസ് സ്റ്റേഷനിലെ മുൻവാതിലിൽകൂടി ഓടി രക്ഷപ്പെട്ടു. ‌പാറാവുകാരൻ ഉൾപ്പെടെയുള്ള പോലീസുകാർ പിന്നാലെ പാഞ്ഞെങ്കിലും സ്റ്റേഷനിൽനിന്നു തിരുവല്ല-കായംകുളം സംസ്ഥാന പാതയിലേക്ക് ഇറങ്ങുന്ന ഭാഗത്തോട് ചേർന്നുള്ള കാട്ടിലേക്ക് ചാടി പ്രതി രക്ഷപ്പെട്ടു.

പോലീസുകാരും പിന്നാലെ ചാടിയെങ്കിലും കണ്ടെത്താനായില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കേസിന്റെ എഴുത്തുകുത്തുകൾ പൂർത്തിയാക്കിയശേഷം ലോക്കപ്പുള്ള തിരുവല്ലയിലേക്ക് മാറ്റാനിരിക്കെയാണ് ഇയാൾ രക്ഷപ്പെട്ടത്.

Content Highlights: Accused Sajith (32) escaped from Pulikeezhu police station custody on Friday night., He was detained earlier in the day in connection with a POCSO case involving a minor.