പള്ളിക്കുള്ളിൽ യുവാവിന്റെ പരാക്രമം; മൂന്ന് പേർക്ക് കുത്തേറ്റു, ജനലുകളും വാതിലുകളും തകർത്തു

പിലാത്തറ: ഏഴിലോട്ട് പള്ളിക്കകത്ത് മാരകായുധങ്ങളുമായി യുവാവിന്റെ പരാക്രമം. അക്രമം തടയാൻ ശ്രമിച്ച പള്ളി മുഅദ്ദിനും ഭാരവാഹികളുമടക്കം മൂന്നുപേർക്ക് കുത്തേറ്റു. ഏഴിലോട് ഫാറൂഖ് ജുമാമസ്ജിദിൽ ബുധനാഴ്ച രാത്രി 10.45-നുണ്ടായ അക്രമത്തിൽ കുത്തേറ്റ മുഅദ്ദിൻ മഞ്ചേരി സ്വദേശി മുഹമ്മദ് ആഷിക് (24), മസ്ജിദ് കമ്മിറ്റി ഭാരവാഹികളായ നസീർ അന്ന (47), കെ.എം.സമീർ (37) എന്നിവരെ പരിക്കുകളോടെ പയ്യന്നൂർ ഗവ. താലൂക്ക് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ കാസർകോട് ബേഡഡുക്ക കൊളത്തൂർ അഞ്ചാംമൈൽ സ്വദേശി എഴിലോട് ബദർ ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിക്കുന്ന സിയാദ് അബ്ദുള്ളയെ(31) പരിയാരം പോലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ-കഞ്ചാവ് കേസുകളിലെ പ്രതിയാണിയാളെന്ന് പോലീസ് പറഞ്ഞു.
ലഹരിക്ക് അടിമയായ സിയാദ് അബ്ദുള്ള ആദ്യം താൻ താമസിക്കുന്ന ഏഴിലോട് ബദർ ക്വാർട്ടേഴ്സിലെത്തി ഭാര്യയെയും അയൽവാസികളെയും മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തി അവിടത്തെ നിരീക്ഷണക്യാമറ തല്ലിത്തകർത്തിരുന്നു. തുടർന്ന് വടിവാളും കത്തിയുമായി തൊട്ടടുത്ത ഫാറൂഖ് ജുമാമസ്ജിദിലേക്ക് വന്ന് അടച്ചിട്ട ഗേറ്റ് ചവിട്ടിത്തുറന്ന് അതിക്രമിച്ചുകയറി അഴിഞ്ഞാടുകയായിരുന്നു. പള്ളിയുടെ ജനൽഗ്ലാസുകളും മദ്രസയിലെ കസേരകളും ഇയാൾ അടിച്ചുതകർത്തു.
ശബ്ദം കേട്ട് ഭയന്ന പള്ളിയിലെ ഉസ്താദിനുനേരേ വധഭീഷണി മുഴക്കുകയും ചെയ്തു. ജനൽച്ചില്ലുകൾ തകരുന്ന ശബ്ദംകേട്ട ഉസ്താദ് ഉടനടി കമ്മിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആദ്യം ഓടിയെത്തിയ കമ്മിറ്റി ഭാരവാഹി നസീർ അന്ന കാണുന്നത് പള്ളിയിലെ ലൈറ്റുകളെല്ലാം ഓഫ് ചെയ്ത്, ജനലുകളും വാതിലുകളും തകർത്തതാണ്. പള്ളിയുടെ ഉൾവശവും വരാന്തയും തകർന്ന നിലയിലായിരുന്നു. ഉസ്താദിന്റെ മുറിക്ക് താഴെ ഇരുട്ടിന്റെ മറവിൽ വടിവാൾ വീശി വെല്ലുവിളി ഉയർത്തുകയായിരുന്നു പ്രതി സിയാദ്. ഉസ്താദിന്റെ ജീവൻ അപകടത്തിലാണെന്ന് മനസ്സിലാക്കിയ നസീർ പ്രതിയെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടയിലാണ് അക്രമി കത്തികൊണ്ട് കുത്തിയതെന്ന് നാട്ടുകാർ പറഞ്ഞു.
നസീറിന്റെ പുറത്തും കാലിനും ഗുരുതരമായി കുത്തേറ്റു. ഇദ്ദേഹത്തിന്റെ നിലവിളി കേട്ട് ഓടിയെത്തിയ മുഅദ്ദിൻ മുഹമ്മദ് ആഷിക്കിനെയും കെ.എം.സമീറിനെയും പ്രതി കത്തിവീശി പരിക്കേൽപ്പിക്കുകയായിരുന്നു. പള്ളിയുടെ ഉൾവശവും വരാന്തയും ചോരയിൽ കുതിർന്ന നിലയിലായിരുന്നു. ബഹളം കേട്ട് കൂടുതൽ നാട്ടുകാർ ഓടിക്കൂടുകയും അക്രമിയെ സാഹസികമായി കീഴ്പ്പെടുത്തുകയുമായിരുന്നു. വിവരമറിഞ്ഞ് ഉടൻതന്നെ പരിയാരം പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെത്തു. ലഹരിമാഫിയയുടെ ശല്യം കാരണം നാട്ടിൽ നിരപരാധികൾപോലും ആക്രമിക്കപ്പെടുന്ന ഭീതിജനകമായ അവസ്ഥയാണെന്ന് നാട്ടുകാർ പ്രതിഷേധത്തോടെ അറിയിച്ചു. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്ത് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
Content Highlights: Three people, including a Muadhin, injured in a violent attack at Ezhilode Farooq Juma Masjid., Suspect Ziyad Abdullah (31) arrested by Pariyaram Police., The attacker, linked to drug-related criminal cases, damaged mosque property before the assault., Local residents successfully subdued the attacker before police intervention., The injured are currently receiving treatment at Payyannur Government Taluk Hospital.