യുവതിയെ ഭീഷണിപ്പെടുത്തി പലയിടങ്ങളിൽ എത്തിച്ച് കൂട്ടബലാത്സംഗം, ലഹരി നൽകി; നാലുപേർ അറസ്റ്റിൽ

#ന്യൂസ് ഡെസ്ക്
• ബലാത്സംഗക്കേസിൽ പിടിയിലായവരെ പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു
• ബലാത്സംഗക്കേസിൽ പിടിയിലായവരെ പോലീസ് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുന്നു

പേരാമ്പ്ര: യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാത്സംഗം ചെയ്തുവെന്ന കേസിൽ നാലുപേരെ പേരാമ്പ്ര പോലീസ് അറസ്റ്റു ചെയ്തു. നടുവണ്ണൂർ കളയംകുളത്ത് റജീഷ് (40), കരുവണ്ണൂർ ചമ്പോളി സക്കീർ ഹുസൈൻ (49), കരുവണ്ണൂർ താനിപ്പറ്റ അഭിലാഷ് (46), വെള്ളിയൂർ വലിയപറമ്പ് ജാസിഫ് (39) എന്നിവരാണ് അറസ്റ്റിലായത്.

പ്രതികളിലൊരാളുടെ ബന്ധുവായ യുവതിക്ക് ലഹരിവസ്തുക്കൾ നൽകിയ ശേഷം വിവിധയിടങ്ങളിൽ ലോഡ്ജിലും വീടുകളിലും കൊണ്ടുപോയി ബലാത്സംഗത്തിന് ഒത്താശചെയ്തെന്നാണ് പരാതി. ഇതിന് അയാൾ പണം കൈപ്പറ്റിയെന്നും പീഡനം വീഡിയോയിൽ പകർത്തിയെന്നും പരാതിയിൽ പറയുന്നു. പലതവണ പീഡനം നടന്നെങ്കിലും ഭീഷണിപ്പെടുത്തിയതിനാൽ യുവതി സംഭവത്തെക്കുറിച്ച് ഏറെക്കാലം പരാതി നൽകാതിരിക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. കഴിഞ്ഞദിവസം പരാതി ലഭിച്ച് 24 മണിക്കൂറിനകം പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്തു.

കോഴിക്കോട് ആഴ്ചവട്ടത്ത് ബന്ധുവീട്ടിൽ കഴിയവേയാണ് ഒരാളെ കസ്റ്റഡിയിലെടുക്കുന്നത്. വീട്ടിൽ പോലീസ് എത്തിയപ്പോൾ ആദ്യം പോലീസിനെ അകത്തുകയറ്റാൻ വീട്ടുടമ തയ്യാറായില്ല. പിന്നീട് കൂടുതൽ പോലീസ് സംഘമെത്തി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. ഒരു രാത്രിയും വെള്ളിയാഴ്ച പകലും നീണ്ട പരിശോധനയിലാണ് മറ്റുള്ളവരെ കാപ്പാട്, കരുവണ്ണൂർ എന്നിവിടങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്ത്.

പേരാമ്പ്ര സർക്കിൾ ഇൻസ്പെക്ടർ എം.കെ. അനിൽകുമാർ, എസ്.പി.യുടെ സ്ക്വാഡംഗങ്ങളായ എ.എസ്.ഐ. സി.എം. സുനിൽകുമാർ, എസ്.സി.പി.ഒ. ശോഭിത്ത്, സി.പി.ഒ. ലിധിൻ, പേരാമ്പ്ര എസ്.ഐ. ശിവപ്രസാദ്, ഡ്രൈവർ സി.പി.ഒ. ബൈജു എന്നിവർ ചേർന്നാണ് പ്രതികളെ കസ്റ്റഡിലെടുത്തത്. പേരാമ്പ്ര എ.എസ്.പി. ആർതിയുടെ നേതൃത്വത്തിലാണ് അന്വേഷണം.

Content Highlights: Four men arrested by Perambra police in a gang rape case., Victim was allegedly drugged, blackmailed, and assaulted across multiple locations., Police acted swiftly upon receiving the complaint and detained the suspects within 24 hours., Investigation led by Perambra ASP Aarti and Circle Inspector M.K. Anilkumar.