ഓശാന പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്ക് നേരേ കുരുമുളക് സ്പ്രേ പ്രയോഗം; മൂന്ന് പ്രതികള്‍ കീഴടങ്ങി

തിരുവല്ല: ഓശാന പ്രദക്ഷിണത്തില്‍ പങ്കെടുത്തവര്‍ക്ക് നേരേ കുരുമുളക് സ്പ്രേ ചെയ്തു. തിരുവല്ല നഗരസഭാ വൈസ് ചെയര്മാന് ഫിലിപ്പ് ജോര്‍ജ് അടക്കം നാലുപേര്‍ക്ക് പരിക്കേറ്റു. പ്രതികളായ മൂന്നുപേര്‍ പോലീസില്‍ കീഴടങ്ങി.
തിരുവല്ല കുരിശുകവലയ്ക്ക് സമീപം ശങ്കരമംഗലം താഴ്ചയില്‍ രാഹുല്‍ (കൊയിലാണ്ടി രാഹുല്‍-27), കുറ്റപ്പുഴ പാപ്പനംവേലില്‍ സുബിന് അലക്സാണ്ടര്‍ (24), കുന്നന്താനം മണക്കാട് നന്ദു നാരായണന് (24) എന്നിവരാണ് പോലീസില്‍ കീഴടങ്ങിയത്. തുകലശ്ശേരി സെന്റ് ജോസഫ്സ് ലത്തീന്‍ കത്തോലിക്കാ പള്ളിക്കുമുന്നില്‍ ഞായറാഴ്ച പത്തേകാലോടെയായിരുന്നു സംഭവം. അരക്കിലോമീറ്റര്‍ അപ്പുറമുള്ള സെമിത്തേരിയില്നിന്നാണ് പള്ളിയിലേക്ക് റോഡിലൂടെ ഓശാന പ്രദക്ഷിണം നടന്നത്. ഇതുവഴിവന്ന പ്രതികളുടെ കാര്‍ പ്രദക്ഷിണത്തിന് പിന്നില്പ്പെട്ടു. ഇവര്‍ക്ക് കടന്നുപോകാനാകാതെവന്നു.
തുടര്‍ന്ന് ചിലരുമായി വാക്കേറ്റമുണ്ടായി. ഇതിനിടെ കുരുമുളക് സ്പ്രേ പ്രയോഗിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. തുകലശ്ശേരി സ്വദേശികളായ ജോണ്‍ ജോര്‍ജ്, ഡേവിഡ് ജോസഫ്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടെ മുഖത്തേക്കും സ്പ്രേ അടിച്ചു. എല്ലാവരും പ്രദക്ഷിണത്തില്‍ പങ്കെടുത്തവരാണ്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് രാഹുല്‍. ഞായറാഴ്ച വൈകീട്ടോടെയാണ് പ്രതികള്‍ പോലീസില്‍ കീഴടങ്ങിയത്.
Content Highlights: pepper spray attack in thiruvalla