ക്ലാസ്‌മുറിയിൽ വെടിയേറ്റ സംഭവം; വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരേ കേസെടുത്തു

#സ്വന്തം ലേഖകൻ
രുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിലെ തോക്ക് പോലീസ് പരിശോധിക്കുന്നു
രുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ ഒൻപതാംക്ലാസ് വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിലെ തോക്ക് പോലീസ് പരിശോധിക്കുന്നു

പട്ടാമ്പി: പരുതൂർ ഹയർസെക്കൻഡറി സ്‌കൂളിൽ വിദ്യാർഥിക്ക് വെടിയേറ്റ സംഭവത്തിൽ, സ്‌കൂളിലേക്ക് തോക്കുകൊണ്ടുവന്ന വിദ്യാർഥിയുടെ അമ്മയ്‌ക്കെതിരേ പോലീസ് കേസെടുത്തു. ലൈസൻസില്ലാതെ തോക്ക് കൈവശംവെച്ചതിനാണ് കേസ്.

രണ്ടുമുതൽ അഞ്ചുവർഷംവരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണിത്. അതേസമയം, എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും, കൂടുതൽ അന്വേഷണം നടത്തിയശേഷമേ നടപടിയുണ്ടാവൂയെന്ന് തൃത്താല സബ് ഇൻസ്‌പെക്ടർ എം.എസ്. സത്യജിത്ത് അറിയിച്ചു. തോക്കുകൊണ്ടുവന്ന കുട്ടിയുടെ വീട്ടുകാരുടെയും അധ്യാപകരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.

കുട്ടിയുടെ മുത്തച്ഛന്റേതാണ് തോക്കെന്നാണ് പോലീസ് നൽകുന്ന വിവരം. മുത്തച്ഛനും അച്ഛനും ജീവിച്ചിരിപ്പില്ല. ഉത്തരേന്ത്യയിലും മറ്റും നിർമിച്ചിരുന്ന പിച്ചളപ്പിടിയുള്ള നാടൻ റിവോൾവറാണിത്. ഇതെങ്ങനെ ലഭിച്ചുവെന്നതടക്കം അന്വേഷണത്തിൽ മാത്രമേ വ്യക്തമാവൂ. പഴയ വെടിയുണ്ടകളാണുണ്ടായിരുന്നതെങ്കിലും തോക്ക് പ്രവർത്തനസജ്ജമായിരുന്നെന്നാണ് പോലീസ് നൽകുന്ന വിവരം.

ചൊവ്വാഴ്ചരാത്രി സ്‌കൂളിൽ ഫൊറൻസിക് വിഭാഗമെത്തിയിരുന്നു. ക്ലാസ് മുറിയിലെ സാംപിളുകൾ ശേഖരിച്ചു. ഇവ ലാബിൽ പരിശോധിച്ച് റിപ്പോർട്ട് കോടതിയിൽ നൽകും. തോക്കുകൊണ്ടുവന്ന ഒമ്പതാം ക്ലാസ് വിദ്യാർഥിയെ ബുധനാഴ്ച പാലക്കാട് ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പിൽ ഹാജരാക്കി. കുട്ടിയുടെ ശിക്ഷ സംബന്ധിച്ച് ബോർഡാണ് തീരുമാനിക്കുക. പരിക്കേറ്റ കുട്ടി കോട്ടയ്‌ക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.

ചൊവ്വാഴ്ച രാവിലെ 11.30-ഓടെയാണ് സംഭവം നടന്നത്. കൂട്ടുകാരെ കാണിക്കാനായി വീട്ടിൽനിന്ന് കൊണ്ടുവന്ന തോക്ക് അബദ്ധത്തിൽ പൊട്ടുകയായിരുന്നു. 11 തിരകൾ നിറയ്ക്കാവുന്ന തോക്കിൽ അഞ്ചെണ്ണമാണുണ്ടായിരുന്നത്.

Content Highlights: A student was injured in an accidental shooting at Paruthoor Higher Secondary School, Pattambi., Police registered a case against the student's mother for possessing an unlicensed country-made revolver., The 9th-grade student was presented before the Juvenile Justice Board in Palakkad., Forensic experts collected samples from the classroom, and the injured student is receiving treatment in Kottakkal.