യുവതികളെ വാഹനത്തിൽ കൊണ്ടുപോയി ലൈംഗികാതിക്രമം; ഡ്രൈവറെ തേടി പോലീസ്

പത്തനംതിട്ട: നിർബന്ധിച്ച് വാഹനത്തിൽ കയറ്റിക്കൊണ്ടുപോയി ലൈംഗികാതിക്രമം കാട്ടിയെന്ന യുവതികളുടെ പരാതിയിൽ ഡ്രൈവർക്കായി പോലീസ് അന്വേഷണം. വീടുകൾതോറും സാധനങ്ങൾ വിൽക്കുന്ന വയനാട് സ്വദേശിനിയെ(18) യും റാന്നി സ്വദേശിനിയെ(20) യുമാണ് ചൊവ്വാഴ്ച ഉച്ചയ്ക്ക് 11.50-ഓടെ പത്തനംതിട്ട സ്വകാര്യ ബസ്‌സ്റ്റാൻഡിൽനിന്ന് ഒരാൾ വാഹനത്തിൽ കയറ്റിക്കൊണ്ടുപോയത്. സമാനജോലി ചെയ്യുന്നയാൾ എന്ന വ്യാജേന പരിചയപ്പെട്ടയാൾ യുവതികളുടെ കൈയിലുള്ള സാധനങ്ങൾ എളുപ്പത്തിൽ വിറ്റുതരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് കൂട്ടിക്കൊണ്ടുപോയത്.
എന്നാൽ, പലയിടത്തുവെച്ചും ഇയാൾ യുവതികളോട് ലൈംഗികാതിക്രമം കാട്ടി. ബഹളംവെച്ചപ്പോൾ വൈകീട്ട് 4.45-ഓടെ ഇരുവരെയും തടിയൂരിന് സമീപം ഇറക്കിവിട്ടു. യുവതികൾ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. വാഹനനമ്പരും യുവതികൾ പോലീസിന് കൈമാറി. ഇതുപയോഗിച്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ പിടികൂടുമെന്നും പോലീസ് പറഞ്ഞു. സ്ത്രീകൾക്കെതിരേയുള്ള അതിക്രമം, തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.