വില്ലേജ് ഓഫീസറുടെ ആത്മഹത്യ: ബാഹ്യഇടപെടല്‍ അന്വേഷിക്കണമെന്ന് ആവശ്യം, പരാതി നൽകി 12 വില്ലേജ് ഓഫീസർമാർ

പത്തനംതിട്ട: കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിന്റെ ആത്മഹത്യയില്‍ ബാഹ്യഇടപെടലുണ്ടോ എന്നകാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സഹപ്രവര്‍ത്തകര്‍ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അടൂര്‍ താലൂക്കിലെ 12 വില്ലേജ് ഓഫീസര്‍മാരാണ് സംഭവത്തില്‍ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നേരിട്ട് പരാതി നല്‍കിയത്.
അനധികൃത മണ്ണെടുപ്പും വയല്‍നികത്തലും വ്യാപകമായ പ്രദേശമാണ് അടൂര്‍ താലൂക്കിലെ കടമ്പനാട് വില്ലേജ്. ഇതുമായി ബന്ധപ്പെട്ട് പ്രാദേശിക രാഷ്ട്രീയകക്ഷികളില്‍നിന്ന് വില്ലേജ് ഓഫീസര്‍ക്ക് വലിയ സമ്മര്‍ദമുണ്ടായിരുന്നതായാണ് ആരോപണം. ഇത്തരത്തിലുള്ള ബാഹ്യഇടപെടല്‍ കാരണം ശരിയായി ജോലി ചെയ്യാനാകുന്നില്ലെന്നും പരാതിയില്‍ പറയുന്നു. അതിനാല്‍ മനോജിന്റെ മരണത്തില്‍ ഇത്തരത്തിലുള്ള ബാഹ്യഇടപെടലുണ്ടായോ എന്നത് അന്വേഷിക്കണമെന്നാണ് സഹപ്രവര്‍ത്തകരുടെ ആവശ്യം. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും അടൂര്‍ താലൂക്കിലെ വില്ലേജ് ഓഫീസര്‍മാര്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് കടമ്പനാട് വില്ലേജ് ഓഫീസര്‍ മനോജിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മനോജിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ സഹോദരനും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി സഹോദരനും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. മൂന്നുമാസം മുന്‍പാണ് മനോജ് സ്ഥലംമാറ്റം കിട്ടി കടമ്പനാട് വില്ലേജ് ഓഫീസിലെത്തിയത്. ഇതിന് മുന്‍പ് വില്ലേജ് ഓഫീസറായിരുന്ന കുണ്ടറ സ്വദേശി ഭയന്നാണ് ഇവിടെനിന്ന് സ്ഥലംമാറ്റം വാങ്ങിപ്പോയതെന്നും കുടുംബം പറയുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: pathanamthitta kadambanad village officer suicide case