മദ്യം വാങ്ങാനെത്തിയത് 9.10ന്; അടച്ചിട്ട ബിവറേജസിന്റെ ചില്ല് തകർത്തു, ജീവനക്കാരന് നേരേയും ആക്രമണം

ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ല് തകര്‍ന്നനിലയില്‍
ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ല് തകര്‍ന്നനിലയില്‍

തിരുവനന്തപുരം: പ്രവർത്തനസമയം കഴിഞ്ഞിട്ട് മദ്യം വാങ്ങാനെത്തിയ ആൾ ബിവറേജസ് ഔട്ട്‌ലെറ്റിന്റെ ചില്ല് ഇടിച്ച് തകർത്തു. തടയാൻ ശ്രമിച്ച ജീവനക്കാരനെ താക്കോൽ കൊണ്ട് കുത്തി പരിക്കേൽപ്പിച്ചു. പാറശ്ശാല ബിവറേജസ് ഔട്ട്‌ലെറ്റിൽ വ്യാഴാഴ്ച രാത്രി 9.10-ഓടെയാണ് സംഭവം. പരിക്കേറ്റ ജീവനക്കാരനായ പ്രദീപിനെ പാറശ്ശാല താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സനൽകിയ ശേഷം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

രാത്രി ഒൻപതുമണിയോടെ ബിവറേജസ് ഔട്ട്‌ലെറ്റ് അടച്ചിരുന്നു. എന്നാൽ, 9.10-ന് ഒരാൾ മദ്യം വാങ്ങാനെത്തി. ഔട്ട്‌ലെറ്റ് അടച്ചിട്ടത് കണ്ട് പ്രകോപിതനായ ഇയാൾ പ്രീമിയം കൗണ്ടറിന്റെ വാതിലിലെ ചില്ല് ഇടിച്ച് പൊട്ടിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാരനായ പ്രദീപിനെയും ആക്രമിച്ചത്. പ്രദീപിന്റെ മുഖത്ത് താക്കോൾ കൊണ്ട് ഇടിച്ചുപരിക്കേൽപ്പിച്ച പ്രതി പിന്നാലെ ഓടിരക്ഷപ്പെടുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Content Highlights: Incident occurred at Parassala Beverages outlet after 9:00 PM closing time., The suspect shattered the glass of the premium counter., Staff member Pradeep was injured with a key and hospitalized., Police have launched an investigation into the suspect who fled the scene.