ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചത് വൈരാഗ്യത്തിന് കാരണമായി; സംഘം ആസൂത്രണം ചെയ്തത് ഇരട്ടക്കൊലപാതകം

അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു
അഭിരാമിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തുന്നു

ശ്രീകാര്യം: പാങ്ങപ്പാറയിൽ പ്ലസ് വൺ വിദ്യാർഥിയായ അഭിരാം കൊല്ലപ്പെട്ട കേസിൽ നിർണായക വഴിത്തിരിവ്. മൂന്നാം പ്രതിയായ ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിച്ചതിനെത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസിന് ലഭിക്കുന്ന വിവരം. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം വിപുലമാക്കി. ഒന്നാം പ്രതിയായ പതിനേഴുകാരന്റെ കാമുകിയായ ആനന്ദയുടെ സ്വകാര്യദൃശ്യങ്ങൾ പ്രചരിപ്പിച്ചത് അഭിരാമിന്റെ സുഹൃത്താണെന്ന് ഇരുവരും വിശ്വസിച്ചിരുന്നു. അഭിരാംവഴി ഈ കൗമാരക്കാരനെ വിളിച്ചുവരുത്തി കൊലപ്പെടുത്താൻ പദ്ധതിയിട്ടതായി ഇവരുടെ സുഹൃത്തുക്കൾ പോലീസിന് മൊഴി നൽകിയതാണ് വിവരം.

എന്നാൽ, ഈ വിവരങ്ങൾ അറിയാവുന്ന അഭിരാമിനെ ഉൾപ്പെടെ ഇരട്ടക്കൊലപാതകമാണ് സംഘം ആസൂത്രണം ചെയ്തതെന്നാണ് പോലീസ് കരുതുന്നത്. കേസിലെ രണ്ടാം പ്രതിയായ ഉമറിന്റെ കാമുകിയും നാലാംപ്രതിയുമായ ഐശ്വര്യയോട് ഇക്കാര്യത്തിൽ പോലീസ് വ്യക്തത തേടിയിട്ടുണ്ട്. പതിനേഴുകാരനെയും ആനന്ദയെയും കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം. അതേസമയം, അഭിരാമിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽനിന്ന് നിരവധി ചാറ്റുകൾ അപ്രത്യക്ഷമായതായി സൈബർ സെൽ കണ്ടെത്തി. ഈ ചാറ്റുകൾ എങ്ങനെയാണ് ഡിലീറ്റ് ചെയ്യപ്പെട്ടതെന്ന് പോലീസ് പരിശോധിച്ചുവരികയാണ്.

അഭിറാം കൊല്ലപ്പെടുന്നതിന് തലേദിവസം മറ്റൊരു സംഘം അഭിറാമിനെ തടഞ്ഞുവെച്ച് തർക്കിക്കുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കൂട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പുകളിൽ പ്രചരിച്ച ഈ വീഡിയോയിലെ ആളുകളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഒപ്പം തന്നെ അഭിരാമിന്‍റെ ഫോൺ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഫോണിൽ കൊലപാതകത്തിന് കാരണമാകുന്ന വിവരങ്ങൾ ഉണ്ടാകാനാണ് സാധ്യതയെന്ന് പോലീസ് പറഞ്ഞു. സ്വകാര്യദൃശ്യങ്ങളുണ്ടെന്ന കാര്യം പ്രതികൾ പോലീസിനോട് പറഞ്ഞിട്ടില്ല.

Content Highlights: Kerala police have expanded their investigation into the Pangappara murder case, uncovering potential motives linked to a private video leak and suspected plans for a dual attack.