‘സാറേ, ഞാൻ ഊരിപ്പോരും...’; കൂസലില്ലാതെ ഉമർ; കൃത്യം നടക്കുമ്പോൾ ഐശ്വര്യ കോൾ ഹോൾഡ് ചെയ്തത് ഒന്നേകാൽ മണിക്കൂർ

#സ്വന്തം ലേഖകൻ
ഐശ്വര്യ, ഉമ്മർ
ഐശ്വര്യ, ഉമ്മർ

തിരുവനന്തപുരം: ‘‘സാറേ... എന്റെ ഫോൺ പരിശോധിച്ചാൽ എന്നെ ഊരിയെടുക്കാനുള്ള സാധനം എന്റെ വക്കീലിന് കിട്ടിക്കോളും...’’ -ശ്രീകാര്യം അഭിരാം കൊലക്കേസിലെ രണ്ടാംപ്രതി ഉമർ ചോദ്യംചെയ്യലിനിടെ പോലീസിനോട് പറഞ്ഞതാണിത്‌. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള ഉമർ പോലീസിനെ നേരിടുന്നത് അത്രയും ആത്മവിശ്വാസത്തോടെ.

തന്റെ മൊബൈൽഫോൺ വീട്ടിൽതന്നെ വെച്ചിട്ടാണ് ഉമർ കൊലപാതകത്തിനായി പുറപ്പെട്ടത്. അതിനുമുൻപ് ഉമർ ഐശ്വര്യയോട് തന്റെ ഫോണിലേക്ക് വിളിക്കാനും താൻ തിരികെവരുംവരെ കോൾ കട്ട് ചെയ്യാതെ ഹോൾഡ് ചെയ്യാനും ആവശ്യപ്പെടുകയുമായിരുന്നു. ഒന്നേകാൽ മണിക്കൂർ കഴിഞ്ഞ് ഉമർ തിരികെവരുംവരെ ഐശ്വര്യ ഫോൺ ഹോൾഡ് ചെയ്തു.

തിരികെയെത്തി അതേ കോളിൽതന്നെ അഭിരാമിനെ വധിച്ച വിധം വിശദമായി ഐശ്വര്യയോട് പറയുകയും ചെയ്തു. പോലീസ് പിടികൂടിയാൽ താൻ വീട്ടിൽത്തന്നെ ഉണ്ടായിരുന്നുവെന്ന് ടവർ ലൊക്കേഷനിലൂടെ തെളിയിക്കാനും കൊല നടന്ന സമയം താൻ ഐശ്വര്യയുമായി സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്ന് സ്ഥാപിക്കാനുമായിട്ടായിരുന്നു ഈ നീക്കം.

ഈ അതിബുദ്ധിയിലായിരുന്നു ‘‘ഊരിപ്പോരാം’’ എന്ന ഇയാളുടെ ആത്മവിശ്വാസം. കൊല നടന്ന സമയം താൻ വീട്ടിൽതന്നെ ഉണ്ടായിരുന്നുവെന്നും ഐശ്വര്യയുമായി സംസാരിക്കുകയയിരുന്നുവെന്നും വക്കീലിന് കോടതിയിൽ തെളിയിക്കാനായിരുന്നു ഈ നീക്കം. എന്നാൽ, വ്യാഴാഴ്ച അറസ്റ്റിലായ ഐശ്വര്യ ഇക്കാര്യം ഏറ്റുപറഞ്ഞതോടെ ഈ ആസൂത്രണം വിഫലമായി.

എല്ലാം ആസൂത്രണം ചെയ്തത്‌ ഉമർ

തന്റെ മുൻ പെൺസുഹൃത്തിന്റെ ഇപ്പോഴത്തെ അടുപ്പക്കാരനോടുള്ള പകയുമായി ഒന്നാംപ്രതിയായ പതിനേഴുകാരൻ, മോഷണക്കേസുകളിൽ തന്റെ കൂട്ടുപ്രതിയായ ഉമറിന്റെ സഹായം തേടുകയായിരുന്നു. തല്ലുകയായിരുന്നു ഒന്നാംപ്രതിയുടെ ഉദ്ദേശ്യമെന്നാണ് പോലീസ് കരുതുന്നത്. എന്നാൽ, ഉമറിനോട് സഹായം തേടിയ നിമിഷംമുതൽ അതൊരു കൊലപാതകത്തിനുള്ള ആസൂത്രണമായി മാറിയെന്നാണ് പോലീസ് പറയുന്നത്.

അഭിരാമിനെ ആനന്ദയെ ഉപയോഗിച്ച് പാങ്ങപ്പാറയിൽ എത്തിക്കുകയെന്നതായിരുന്നു ആദ്യത്തെ പ്ലാൻ. അതിന് ആനന്ദയ്ക്ക് രണ്ടുദിവസത്തെ സമയം നൽകി. ചാറ്റ് ചെയ്ത് അഭിരാമിന്റെ വിശ്വാസം നേടിയെടുത്തു. പിന്നീട് ആ ദിവസം ഇൻസ്റ്റഗ്രാം കൈകാര്യം ചെയ്തത് പതിനേഴുകാരനും ഉമറുമായിരുന്നു. ആനന്ദയെന്ന വ്യാജേന അഭിരാമിനോട് പാങ്ങപ്പാറയിൽ എത്താൻ സന്ദേശം അയക്കുകയായിരുന്നു. അവിടെയെത്തിയപ്പോൾ ഉമറും അവിടെയുണ്ട്. സി.സി.ടി.വി.കളുള്ള പ്രധാനവഴികൾ ഒഴിവാക്കി മറ്റൊരു ചതുപ്പിനടുത്തുകൂടിയാണ് ഉമർ അവിടെയെത്തി നിലയുറപ്പിച്ചത്.

അവിടെയെത്തിയ അഭിരാമിനോട് ഇരുവരും അവർ ലക്ഷ്യമിട്ട പതിനേഴുകാരനെ വിളിച്ചുവരുത്താൻ ആവശ്യപ്പെട്ടു. അഭിരാം വിളിച്ചു. പക്ഷേ, ആ കുട്ടി വന്നില്ല. അപകടം മണത്ത അഭിരാം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അപ്പോഴേക്കും കെണിയിൽ പെട്ടുപോയിരുന്നു. കഴുത്തിൽ ബെൽറ്റുകൊണ്ടും കൈകൊണ്ടും മുറുക്കിയാണ് അഭിരാമിനെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പറയുന്നത്.

Content Highlights: Kerala police unraveled a calculated alibi plot orchestrated by the prime accused in the Pangappara student murder case after an accomplice confessed to the scheme.