ട്രെയിനിൽ ലൈംഗികാതിക്രമം തടഞ്ഞ യുവതിയെ തള്ളിയിട്ടു; ഇടതുകൈ മുറിച്ചുമാറ്റി: 53-കാരൻ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ പൽഘർ ജില്ലയിലെ നൈഗാവ് സ്റ്റേഷനിൽ ഓടുന്ന ലോക്കൽ ട്രെയിനിൽനിന്ന് യുവതിയെ തള്ളിയിട്ട സംഭവത്തിൽ 53-കാരൻ അറസ്റ്റിലായി. നൈഗാവ് ഈസ്റ്റിലെ വാക്കിപാഡ സ്വദേശി ജിതേന്ദ്ര ഹിർമുഖെ (53) എന്നയാളെയാണ് റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാതിക്രമം തടഞ്ഞതിനെ തുടർന്നുണ്ടായ തർക്കത്തിനിടയിൽ ട്രെയിനിൽനിന്ന് താഴേക്ക് വീണ 20-കാരിയായ യുവതിയുടെ മുട്ടിന് താഴെയുള്ള ഇടതുകൈ ശസ്ത്രക്രിയയിലൂടെ മുറിച്ചുമാറ്റേണ്ടിവന്നു.
നവംബർ നാലിന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം. നൈഗാവ് സ്വദേശിയായ യുവതി വിരാറിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് ലോക്കൽ ട്രെയിനിൽ ബോറിവിലി സ്റ്റേഷനിൽ നിന്നാണ് കയറിയത്. അബദ്ധത്തിൽ ഭിന്നശേഷിക്കാർക്കുള്ള കംപാർട്ട്മെന്റിലാണ് യുവതി കയറിയത്. ഈ സമയം പ്രതിയായ ജിതേന്ദ്ര ഹിർമുഖെയും ഈ കംപാർട്ട്മെന്റിൽ യാത്രചെയ്യുന്നുണ്ടായിരുന്നു.
സാഹചര്യം മുതലെടുത്ത് ഇയാൾ യുവതിയെ മോശമായി സ്പർശിക്കുകയും അതിക്രമത്തിന് ശ്രമിക്കുകയും ചെയ്തു. യുവതി ഇത് ചോദ്യം ചെയ്യുകയും എതിർക്കുകയും ചെയ്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ട്രെയിൻ നൈഗാവ് സ്റ്റേഷനിലെത്തിയപ്പോഴും ഈ തർക്കം തുടർന്നു. തുടർന്ന് ഹിർമുഖെ യുവതിയെ ട്രെയിനിൽനിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നു.
ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിലുള്ള ഭാഗത്തേക്കാണ് യുവതി വീണത്. വീഴ്ചയ്ക്ക് പിന്നാലെ എഴുനേൽക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ മുന്നോട്ട് എടുത്തതോടെ യുവതിക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻതന്നെ യുവതിയെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നീട് കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി കൂപ്പർ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. പരിക്കുകൾ അതീവ ഗുരുതരമായതിനാൽ ഡോക്ടർമാർ യുവതിയുടെ ഇടതുകൈ മുട്ടിന് താഴെവെച്ച് മുറിച്ചുമാറ്റുകയായിരുന്നു.
സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച ശേഷമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതി മുഖം തുണികൊണ്ട് മറച്ചിരുന്നതിനാൽ തുടക്കത്തിൽ തിരിച്ചറിയാൻ പ്രയാസമായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച നൈഗാവിലെ വീട്ടിൽനിന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.
Content Highlights: Palghar railway police arrested a 53-year-old man for assaulting and pushing a young woman from a moving train at Naigaon station after she resisted a sexual assault attempt.