വിവരം മറച്ച് വിവാഹം, മതംമാറ്റി, ഇപ്പോൾ മറ്റൊരുബന്ധം; ഭാര്യയുടെ പരാതിയിൽ പാകിസ്താൻ സ്വദേശി പിടിയിൽ

ഫഹദും ഭാര്യയും  | Photo Courtesy: x.com/indiabrains
ഫഹദും ഭാര്യയും | Photo Courtesy: x.com/indiabrains

ഹൈദരാബാദ്:  യഥാര്‍ഥവിവരം മറച്ച് വിവാഹംകഴിച്ചെന്നും മറ്റൊരു യുവതിയുമായി ബന്ധമുണ്ടെന്നും ആരോപിച്ച് ഭാര്യ നല്‍കിയ പരാതിയില്‍ പാകിസ്താന്‍ സ്വദേശി ഹൈദരാബാദില്‍ അറസ്റ്റില്‍. പാകിസ്താനില്‍നിന്നെത്തി ഹൈദരാബാദിലെ ബഞ്ചറാഹില്‍സില്‍ താമസിക്കുന്ന ഫഹദിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഭാര്യയായ കീര്‍ത്തി എന്ന ദുഹ ഫാത്തിമയുടെ പരാതിയിലാണ് ഫഹദിനെയും ഇയാളുമായി ബന്ധമുള്ള യുവതിയെയും പോലീസ് പിടികൂടിയത്. 

ഫഹദ് 1998-ല്‍ പാകിസ്താനില്‍നിന്നെത്തി ഹൈദരാബാദില്‍ താമസമാക്കിയതാണെന്നാണ് ഭാര്യ പറയുന്നത്. 2016-ലായിരുന്നു ഇരുവരുടെയും വിവാഹം. തുടര്‍ന്ന് തന്നെ മതംമാറ്റുകയും ദുഹ ഫാത്തിമ എന്ന് പേര് മാറ്റിയെന്നും യുവതി പറഞ്ഞു. പാകിസ്താന്‍ സ്വദേശിയാണെന്ന വിവരം ഇയാള്‍ മറച്ചുവെച്ചു. തന്നോട് വിവരങ്ങളൊന്നും വെളിപ്പെടുത്താതെ ഫഹദ് ഇടയ്ക്കിടെ കമ്മീഷണര്‍ ഓഫീസില്‍പോയി പാസ്‌പോര്‍ട്ട് പുതുക്കാറുണ്ടെന്നും യുവതി ആരോപിച്ചു. 

ഫഹദിന് മറ്റൊരുസ്ത്രീയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. ഇയാളില്‍നിന്ന് ഭീഷണിയുണ്ടായെന്നും സ്ത്രീധനപീഡനത്തിനിരയായെന്നും പരാതിയില്‍ പറഞ്ഞിരുന്നു. നിര്‍ബന്ധിച്ച് മതംമാറ്റുകയും കബളിപ്പിച്ച് വിവാഹം കഴിക്കുകയും ഇപ്പോള്‍ വിശ്വാസവഞ്ചനയും കാണിച്ച ഫഹദിനെതിരേ കര്‍ശന നടപടിവേണമെന്നും തനിക്ക് നീതി വേണമെന്നുമാണ് യുവതിയുടെ ആവശ്യം.
 

Content Highlights: A Pakistani man was arrested in Hyderabad for allegedly concealing his nationality and marrying