വിദേശവനിതകൾക്ക് പീഡനം; പാക്മന്ത്രിയുടെ ബന്ധു ആവശ്യപ്പെട്ടത് ക്രിപ്‌റ്റോ കറൻസി, ഒരു ലക്ഷം ഡോളർ പണവും

#ന്യൂസ് ഡെസ്ക്
പാക് വിദേശകാര്യമന്ത്രി ഇഷ്ഖ് ദർ | Photo: IANS
പാക് വിദേശകാര്യമന്ത്രി ഇഷ്ഖ് ദർ | Photo: IANS

ഇസ്ലമാബാദ്: പാകിസ്താനിൽ രണ്ട് വിദേശ വനിതകളെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരാക്കിയ കേസിൽ പുതിയ വഴിത്തിരിവ്. കോടികൾ വിലമതിക്കുന്ന ക്രിപ്‌റ്റോ കറൻസിയുടെ പേരിലുള്ള തർക്കമാണ് തട്ടിക്കൊണ്ടുപോകൽ സംഭവത്തിലേക്ക് നയിച്ചതെന്ന കണ്ടെത്തലിലാണ് അന്വേഷണസംഘമുള്ളത്. കേസിൽ പോലീസ് അറസ്റ്റ് ചെയ്തവരിലൊരാളായ റാസ ദർ പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഇഷ്ഖ് ദറിന്റെ അടുത്ത ബന്ധുവാണ്. 

തട്ടിക്കൊണ്ടുപോകലിന് ഇരകളായ നെതർലൻഡ്‌സിൽ നിന്നും വെനസ്വേലയിൽ നിന്നും എത്തിയ രണ്ട് വിദേശവനിതകളാണ് ക്രിപ്‌റ്റോ കറൻസിയുമായി ബന്ധപ്പെട്ട മൊഴികൾ നൽകിയത്. പാകിസ്താനിൽ തങ്ങൾ താമസിച്ച ലാഹോറിലെ വീട്ടിലേക്ക് ആയുധധാരികൾ കടന്നുകയറി ആക്രമിച്ചുവെന്നായിരുന്നു അവർ നൽകിയ മൊഴി. ക്രിപ്റ്റോകറൻസി നിക്ഷേപങ്ങൾ കൈക്കലാക്കുന്നതിലായിരുന്നു അക്രമികളുടെ ശ്രദ്ധ, പാസ്വേഡുകൾ നൽകാൻ ആവശ്യപ്പെടുകയും ഡിജിറ്റൽ ആസ്തികൾ അടങ്ങിയ കമ്പ്യൂട്ടർ കാണിക്കണമെന്ന് നിർബന്ധിക്കുകയും ചെയ്തു. പണവും പാസ്‌വേർഡുകളും ക്രിപ്‌റ്റോ വിവരങ്ങളും കൈമാറിയില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും ഇരുവരും മജിസ്‌ട്രേറ്റിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.

ഈ സംഭവങ്ങൾക്കിടയിൽ തന്നെ പീഡനത്തിനിരയാക്കിയതായും ഒരു യുവതി മൊഴി നൽകി. ആളുകളെ പുറത്ത് കാവൽ നിർത്തിയതിന് ശേഷമായിരുന്നു ലൈംഗീകാതിക്രമം നടത്തിയത്. അടിക്കുകയും പരിഹസിക്കുകയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഇതിലൊരാളുടെ ഫോൺ ഉപയോഗിച്ച് കുടുംബത്തെ ബന്ധപ്പെട്ട് പണത്തിനാവശ്യപ്പെട്ടു. ഭീഷണിയിൽ ഇരകളിലൊരാളുടെ മാതാവ് 1,00,000 യുഎസ് ഡോളർ നൽകാമെന്ന് ഉറപ്പുനൽകി. ഈ പണം ലഭിച്ചതിന് ശേഷമാണ് അക്രമികൾ വിദേശവനിതകളുടെ പാസ്‌പോർട്ട് തിരിച്ചുനൽകിയത്, വിമാനത്താവളത്തിൽ വിട്ടയ്ക്കാമെന്നും സംഘം അറിയിച്ചു. എന്നാൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ വാഹനം അപകടത്തിൽപെട്ടതോടെ ട്രാഫിക് പോലീസിന്റെ സഹായത്തോട വിദേശവനിതകൾ രക്ഷപ്പെടുകയായിരുന്നു.  വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ അക്രമിസംഘം അവരുടെ 'ബോസുമായി' ഫോണിൽ സംസാരിച്ചിരുന്നുവെന്നും മൊഴിയുണ്ട്.

ജൂൺ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കേസിൽ റസ ദർ, ഹസ്സൻ റസ, സിക്കന്ദർ ഖാൻ, സജിദ് അലി എന്നിങ്ങനെ നാല് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്. പീഡനത്തിനിരയായ യുവതിയുടെ മൊഴി പ്രകാരം 2025 ഒക്ടോബറിൽ സിംഗപ്പൂരിൽ വച്ചാണ് ഇരുവരും റാസ ദറിനെ പരിചയപ്പെട്ടത്. ക്രിപ്‌റ്റോ കറൻസി സംരഭത്തിലെ പങ്കാളികളായിരുന്നു ഇവർ. റാസ ദർ പാകിസ്താനിലേക്ക് ഇവരെ ക്ഷണിച്ചിരുന്നു, റാസ തന്നെയാണ് വീസ ശരിയാക്കി കൊടുത്തതും. എന്നാൽ പാകിസ്താനിലെ ലാഹോറിലെത്തിയ ഇവരെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയുമായിരുന്നു. സംഭവത്തിൽ പ്രതികൾ ഉപയോഗിച്ച ആയുധങ്ങളും കേസിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്ന പണവും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു. പ്രതികളെ വീണ്ടും ഹാജരാക്കുന്ന ജൂലൈ 8-ന് മുമ്പ് അന്വേഷണം പൂർത്തിയാക്കി പുരോഗതി റിപ്പോർട്ട് സമർപ്പിക്കാൻ പോലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. രണ്ട് വിദേശവനിതകളും അവരുടെ മൊഴികൾ രേഖപ്പെടുത്തിയ ശേഷം പാകിസ്താൻ വിട്ടുവെന്നാണ് സൂചനകൾ.

Content Highlights: Two foreign women kidnapped and assaulted in Lahore over crypto assets., The prime suspect is linked to Pakistan's Deputy PM Ishaq Dar., Victims were coerced to reveal passwords for digital assets., Victims escaped following a traffic accident while being taken to the airport., Four suspects currently in police custody as of July 2026.