മദ്യത്തിന്റെ റൂട്ട്മാപ്പും പൊക്കി; അകത്താക്കിയത് ആവിയായി എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ പറന്നു

#വർഗ്ഗീസ് സി. ജോർജ്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്
പ്രതീകാത്മകചിത്രം | നിർമിതബുദ്ധിയുടെ സഹായത്തോടെ സൃഷ്ടിച്ചത്

കോട്ടയം: ‘ബക്കാർഡി’ കേരളത്തിൽ വലിയ താരമാണ്. നിയമസഭയിലടക്കം. വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാൻ അനുമതി തേടി സർക്കാരിന് 2021-ൽ കത്തയച്ച സ്ഥാപനം. ഈ സർക്കാർ വന്നപ്പോൾ ആ കത്ത് പുറത്തുവന്നതോടെ പുകിലായി. 1862-ൽ ക്യൂബയിലെ സാന്റിയാഗോ ഡി ക്യൂബയിൽ ഡോൺ ഫക്യുണ്ടോ ബക്കാർഡി മാസ്സോ എന്ന സ്പാനിഷ് വ്യവസായി സ്ഥാപിച്ച കമ്പനി.

ഇത്ര പേരും പെരുമയുള്ള സ്ഥാപനത്തിന്റെ ഉത്പന്നം തന്നെ ഓണത്തിന് വേണമെന്ന് എക്സൈസുകാർ ആവശ്യപ്പെട്ടതിൽ കുറ്റംപറയാൻ പറ്റുമോ. “ഇക്കുറി ഓണത്തിന് രണ്ട് ബക്കാർഡി ഇങ്ങുപോരട്ടെ, വിത്ത് ഫുഡ് ആൻഡ് ടച്ചിങ്സ്”. ഓണത്തലേന്ന് എക്സൈസ് ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് ചങ്ങനാശ്ശേരിയിലെ ബാറിൽനിന്ന് മറുപടി കോളെത്തി. ‘ദാ നിങ്ങൾക്കുള്ള സാധനം ഇവിടെ റെഡിയാണ്’.

ആ വിളിയിൽ ഒരു ചതിയില്ലേ...? ഏയ് ഇല്ല, അങ്ങനെ ചിന്തയെ പാടില്ല, ധൈര്യമായി പോകൂ, കാരണം ഉടമ നമ്മുടെ ‘ബഡാസാഹിബി’ന്റെ ചങ്കാണ്. അദ്ദേഹവുമായാണല്ലൊ ‘ഡീൽ’ ഉറപ്പിച്ചിട്ടുള്ളത്. എക്സൈസ് ഉദ്യോഗസ്ഥർ നേരെ ബാറിലെത്തി വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർക്കുള്ള പണമടങ്ങിയ കവറും മദ്യവും ഭക്ഷണവും അച്ചാറും ഉൾപ്പെടെ വാങ്ങി മടങ്ങി.

ഇതിനൊന്നും ബാർ മുതലാളിമാരെ നേരിൽ കാണേണ്ട കാര്യമില്ല, അതൊക്കെ പണ്ട്. ഇപ്പോൾ എല്ലാം ഡിജിറ്റലാണ്. പക്ഷേ എല്ലാം കാണുന്നൊരാൾ മുകളിലുണ്ടായിരുന്നു, സി.സി.ടി.വി. ക്യാമറ. തിരുവോണപ്പിറ്റേന്ന് സാക്ഷാൽ കമ്മിഷണർ ഈ ദൃശ്യങ്ങൾ സ്ക്രീനിൽ കാണിച്ചപ്പോഴാണ് അകത്താക്കിയ ‘ബക്കാർഡി’ ആവിയായി എക്സൈസ് ഉദ്യോഗസ്ഥരുടെ കണ്ണിലൂടെ പറന്നത്.

പരമാവധി തെളിവുകൾ നേരിൽ ശേഖരിക്കുന്നതിനാണ് ഓപ്പറേഷനിൽ കമ്മിഷണർ സീറാം സാംബശിവറാവു കൂടുതൽ പ്രാധാന്യം നൽകിയത്. നിരീക്ഷണത്തിലുള്ള ഉദ്യോഗസ്ഥർക്ക് തന്റെ സാന്നിധ്യം മനസ്സിലാകാതിരിക്കാനും ബാറുടമകളും ഫീൽഡിലുള്ള എക്സൈസ് ഉദ്യോഗസ്ഥരും തമ്മിലുള്ള ഇടപാടുകൾ തടസ്സപ്പെടാതെ തനിക്ക് അറിയാനുള്ള മുൻകരുതലും കമ്മിഷണർ സ്വീകരിച്ചു.

ഇതിനായിരുന്നു സഞ്ചാരം ഒഴിവാക്കി ബാർ ഹോട്ടലിൽതന്നെ മുറിയെടുത്ത് തങ്ങിയത്. ബാറുകളുമായി ബന്ധപ്പെട്ട വ്യക്തികളുമായി മൊബൈൽ ഫോണിലൂടെ കമ്മിഷണർ നേരിട്ട് സംസാരിച്ചു. ഇതിലൂടെ സ്ഥിരമായി പണവും മറ്റ് ആനുകൂല്യങ്ങളും ഇടനിലക്കാർ/ ഏജന്റുമാർ മുഖേന എക്സൈസ് ഉദ്യോഗസ്ഥരിലേക്ക് എത്തിക്കുന്നുണ്ടെന്നതിന് വ്യക്തമായ വിവരം ലഭിച്ചു.

കൂടാതെ ഓണം കാലയളവിൽ വിവിധതലങ്ങളിലെ ഉദ്യോഗസ്ഥരുടെ പേരിൽ പ്രത്യേക പിരിവുകളും സംഘടിപ്പിക്കുന്നുണ്ടെന്നും അറിഞ്ഞു. തുടർന്നുള്ള ദിവസങ്ങളിൽ നേരിട്ടറിവുള്ള കൂടുതൽ പേരുടെ സഹകരണംതേടി. ഇടനിലക്കാരായി പ്രവർത്തിക്കുന്നുവെന്ന് പറയപ്പെടുന്നവരെ കണ്ടെത്തുക, ആശയവിനിമയം പിന്തുടരുക, ആരോപണങ്ങൾ സ്ഥിരീകരിക്കാനോ തള്ളിക്കളയാനോ കഴിയുന്ന തെളിവുകൾ ശേഖരിക്കുക എന്നിവയായിരുന്നു ലക്ഷ്യം.

ഫീൽഡ് ആക്ഷൻ

ഓഗസ്റ്റ് 28-ന് ഓപ്പറേഷന്റെ ‘ഫീൽഡ് ആക്ഷൻ’ ആരംഭിച്ചു. രാത്രി ഒൻപതോടെ എക്സൈസ് ആസ്ഥാനത്തെ വിജിലൻസ് ഓഫീസറോട് കമ്മിഷണർക്കൊപ്പം ചേരാൻ നിർദേശം നൽകി. തുടർന്ന് കമ്മിഷണർ തൃക്കൊടിത്താനത്തെ ന്യൂയോർക്ക് സ്ക്വയർ ബാറിലേക്കെത്തി. അവിടത്തെ പങ്കാളിയെയും മാനേജരെയും പ്രത്യേകം കണ്ട് വിവരങ്ങൾ ശേഖരിച്ചു.

പരിശോധന ഓഡിയോ ആയും റെക്കോഡുംചെയ്തു. പിന്നീട് ഇവ രേഖകളാക്കി സൂക്ഷിച്ചു. സി.സി.ടി.വി. ദൃശ്യങ്ങൾ, കോൾ ഹിസ്റ്ററി, മൊബൈൽ ഫോൺ വിവരങ്ങൾ, മറ്റ് ഡിജിറ്റൽ രേഖകൾ എന്നിവ കണ്ടെത്തി സുരക്ഷിതമാക്കി. 19, 22, 24 തീയതികളിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ സന്ദർശനങ്ങളും ഇടപെടലുകളും സംബന്ധിച്ച ദൃശ്യങ്ങളും ബാറിൽനിന്ന് ശേഖരിച്ചു.

ന്യൂയോർക്ക് സ്ക്വയറിലെ പരിശോധനയ്ക്കുശേഷം എക്സൈസ് കമ്മിഷണറും വിജിലൻസ് ഓഫീസറും നേരേ ഇടനിലക്കാരൻ കരിങ്കട ജോസിയുടെ വീട്ടിലേക്ക്. ഇയാളെ പഞ്ചവടി ബാറിലേക്ക് കൊണ്ടുപോയി കൂടുതൽ വിവരങ്ങൾ ശേഖരിച്ച് ഉറപ്പുവരുത്തി.

ഡെപ്യൂട്ടി എക്സൈസ് കമ്മിഷണറുമായുള്ള ആശയവിനിമയങ്ങൾ, വിവിധ ബാറുകളിൽനിന്നുള്ള പണം സ്വീകരിച്ചതും കൈകാര്യം ചെയ്തതും പണം എങ്ങനെ കൈമാറപ്പെട്ടുവെന്നുമുള്ള വിവരങ്ങൾ സംബന്ധിച്ച് കരിങ്കട ജോസിയുടെ മൊഴി രേഖപ്പെടുത്തി.

ഈ സമയത്തായിരുന്നു ‘കമ്മിഷണർ ഇറങ്ങിയിട്ടുണ്ട് സൂക്ഷിക്കണം’ എന്ന മുന്നറിയിപ്പുമായി ജോസിക്ക് ഡെപ്യൂട്ടി കമ്മിഷണറുടെ വാട്സാപ്പ് കോളെത്തുന്നത്. ഇതും തെളിവായി കമ്മിഷണർ റെക്കോഡുചെയ്തു. എല്ലാ തെളിവുകളും ശേഖരിച്ചശേഷം ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെ കോട്ടയം ഡെപ്യൂട്ടി കമ്മിഷണർ എസ്. അശോക് കുമാറിന്റെ വീട്ടിലെത്തി.

ജില്ലയിലെ കോംപ്ലിമെന്റ് സിസ്റ്റം, ബാറുകളിലെ ഡെപ്യൂട്ടി കമ്മിഷണറുടെ സന്ദർശനങ്ങളും ഇടപെടലുകളും ഇടനിലക്കാരൻ കരിങ്കട ജോസിയുടെ പങ്ക്, വെള്ളിയാഴ്ച ശേഖരിച്ച തെളിവുകൾ എന്നിവ നിരത്തിയുള്ള ചോദ്യംചെയ്യലിൽ ഡെപ്യൂട്ടി കമ്മിഷണർക്ക് പിടിച്ചുനിൽക്കാനായില്ല.

രാവിലെ മൂന്നരയോടെ ശേഖരിച്ച വിവരങ്ങളുമായി കമ്മിഷണറും സംഘവും എക്സൈസിലെ ഇടനിലക്കാരൻ സിവിൽ എക്സൈസ് ഓഫീസർ എ.എസ്. വിശാഖിന്റെ കൊല്ലത്തെ വീട്ടിലേക്ക് തിരിച്ചു.

മാതാപിതാക്കളോടൊപ്പം യാത്രയിലാണെന്ന് പറഞ്ഞതോടെ അടുത്ത ദിവസം എക്സൈസ് കമ്മിഷണറേറ്റിൽ ഹാജരാകാൻ നിർദേശിച്ച് സംഘം തിരുവനന്തപുരത്തേക്ക്‌. ഉദ്യോഗസ്ഥരുടെയും മറ്റ് വ്യക്തികളുടെയും വിശദമായ മൊഴികൾ എക്സൈസ് കമ്മിഷണറേറ്റിൽ രേഖപ്പെടുത്തി.

(ഓപ്പറേഷൻ ബീജാപ്പുർ - 2 | തുടരും).

Content Highlights: The Bacardi company, established in 1862 in Cuba, sought permission to sell low-alcohol beverages in Kerala, leading to controversy when the request resurfaced with the new government. An operation led by Excise Commissioner Sriram Sambasiva Rao uncovered corruption involving excise officers receiving bribes and benefits from bar owners, facilitated by intermediaries.