വാട്സ്ആപ്പ് ലിങ്ക്, വ്യാജ SMS; തിരുവനന്തപുരത്ത് ഓൺലൈൻ ടാക്‌സി ഡ്രൈവർമാരെപ്പറ്റിച്ച് ഡിജിറ്റൽ തട്ടിപ്പ്

തിരുവനന്തപുരം: ഓൺലൈൻ ടാക്സിഡ്രൈവർമാരെപ്പറ്റിച്ചും സൈബർ തട്ടിപ്പുസംഘം. ഓൺലൈൻ വഴി ബുക്കുചെയ്ത വാഹനം യാത്രക്കാരുടെ അടുത്തേക്ക് പുറപ്പെട്ടാലുടൻ തട്ടിപ്പുകാർ ഡ്രൈവറുടെ മൊബെൽഫോണിൽ ബന്ധപ്പെടും. ഡ്രൈവറുടെ അക്കൗണ്ടിലേക്ക് യാത്രക്കൂലിയല്ലാത്ത പണം ഇട്ടിട്ടുണ്ടെന്നും അത് യാത്രക്കാർക്ക് ഇപ്പോൾത്തന്നെ ഓൺലൈനിൽ കൈമാറണമെന്നും ആവശ്യപ്പെടും.
യാത്രക്കാരൻ ആശുപത്രിയിൽ നിൽക്കുകയാണെന്നും പണം അത്യാവശ്യമാണെന്നും പറയും. സാങ്കേതികപ്രശ്നങ്ങൾ ഉള്ളതിനാലാണ് ഡ്രൈവറുടെ അക്കൗണ്ടിലേക്ക് പണം നൽകുന്നതെന്നും പറയും. ഈ സമയം ഡ്രൈവറുടെ മൊബെൽഫോണിലേക്ക് പണം അയച്ചതിന്റെ എസ്.എം.എസ്. വരും.
ബാങ്ക് അക്കൗണ്ടിലേക്ക് പണമെത്തുമ്പോൾ ലഭിക്കുന്ന സന്ദേശത്തിന് സമാനമായിരിക്കും ഇത്. സൂക്ഷ്മമായി പരിശോധിച്ചാലേ വ്യാജനെന്ന് മനസ്സിലാകൂ. ഡ്രൈവിങ്ങിനിടെ ഡ്രൈവർക്ക് സന്ദേശം പരിശോധിക്കാനുള്ള സാവകാശം ലഭിക്കില്ലെന്നതാണ് തട്ടിപ്പുകാർ മുതലെടുക്കുന്നത്.
തന്റെ അക്കൗണ്ടിലേക്ക് തുക വന്നുവെന്ന വിശ്വാസത്തിൽ ഡ്രൈവർ യാത്രക്കാർക്ക് പണം കൈമാറും. ബുക്ക് ചെയ്ത സ്ഥലത്ത് എത്തുമ്പോൾ യാത്രക്കാരുണ്ടാകില്ല. അപ്പോഴാണ് കബളിപ്പിക്കപ്പെട്ടെന്ന് ഡ്രൈവർക്ക് മനസ്സിലാവുക. തിരുവനന്തപുരത്ത് ഒട്ടേറെ ഡ്രൈവർമാർക്ക് ഇത്തരത്തിൽ പണം നഷ്ടമായിട്ടുണ്ട്.
പണം കൈമാറാൻ വാട്സാപ്പിലാണ് ലിങ്ക് അയയ്ക്കുന്നത്. തട്ടിപ്പിന് തൊട്ടുപിന്നാലെ ഇത് ഡിലീറ്റ് ചെയ്യും. കരിക്കകം സ്വദേശിയായ ഓട്ടോഡ്രൈവർക്ക് 4200 രൂപ കഴിഞ്ഞദിവസം ഇങ്ങനെ നഷ്ടമായി. നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽനിന്നുള്ള യാത്രയാണ് ബുക്ക് ചെയ്തിരുന്നത്.
ആശുപത്രിയിൽ അടയ്‌ക്കേണ്ട തുക എന്നുപറഞ്ഞാണ് ഓട്ടോഡ്രൈവർക്ക് സന്ദേശം അയച്ചത്. അന്വേഷണം ആരംഭിച്ചതായി സൈബർ പോലീസ് അറിയിച്ചു.
Content Highlights: A cyber fraud scheme targets online taxi drivers by contacting them after a ride is booked, claiming that non-fare money has been mistakenly transferred to their account and needs to be returned immediately. Fraudsters exploit drivers' inability to verify messages while driving, sending fake SMS notifications resembling bank alerts to deceive them into transferring money.