ക്വാറി ഉടമയുടെ കൊലപാതകം: ഒരാൾകൂടി കസ്റ്റഡിയിൽ, പിടിയിലായത് ഒളിവിലുള്ള സുനിൽകുമാറിന്റെ സുഹൃത്ത്

തിരുവനന്തപുരം: പാറമട വ്യവസായിയായ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ ഒരാൾകൂടി പിടിയിൽ. ഒളിവിലുള്ള മുഖ്യപ്രതി സുനിൽകുമാറിന്റെ സുഹൃത്ത് പ്രദീപ് ചന്ദ്രനെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. സുനിൽകുമാർ ഒളിവിൽപോകുന്നതിന് മുൻപ് പ്രദീപ് ചന്ദ്രനെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായാണ് വിവരം.
കൊല നടത്തിയ സജികുമാറിനെ സുനിലും പ്രദീപും സഹായിച്ചെന്നും ഇവരുടെ നിർദേശപ്രകാരമാണ് കൃത്യം നടത്തിയതെന്നുമാണ് പോലീസ് കരുതുന്നത്. കൊലയ്ക്ക് ഉപയോഗിച്ച ബ്ലേഡ് നൽകിയത് സജികുമാറിന്റെ സുഹൃത്തും സർജിക്കൽ സ്ഥാപന ഉടമയുമായ സുനിൽകുമാറാണെന്ന് പോലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
അതേസമയം, നിരവധി ചോദ്യംചെയ്യലുകൾ നേരിട്ടിട്ടുള്ള പ്രതിയായതിനാൽ പോലീസിന്റെ നീക്കങ്ങൾ സജികുമാറിന് മുൻകൂട്ടി കാണാനാകുന്നത് അന്വേഷണ സംഘത്തിനു വലിയ വെല്ലുവിളി ഉയർത്തുന്നുണ്ട്. കൊലപാതകത്തിനുശേഷം പടന്താലുംമൂട്ടിലേക്കു നടന്നെത്തിയ സജികുമാർ ഇവിടെനിന്ന് ഒരു ഇരുചക്രവാഹനം കൈകാണിച്ച് നിർത്തി കളിയിക്കാവിളയിൽ എത്തുകയും അവിടെനിന്ന് ഓട്ടോറിക്ഷയിൽ മലയത്തെ വീട്ടിലേക്കു പോവുകയും ചെയ്തു.
കൊലപാതകം നടത്തിയ സമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ വീടിനു സമീപത്തുെവച്ച് കത്തിച്ചു കളഞ്ഞതായും പോലീസിനോടു വെളിപ്പെടുത്തി. സമീപത്തെ തോട്ടിൽനിന്നാണ് സർജിക്കൽ ബ്ലേഡ് പോലീസ് കണ്ടെടുത്തത്. കത്തിച്ച വസ്ത്രങ്ങളുടെ അവശിഷ്ടങ്ങളും കണ്ടെടുത്തു.
Content Highlights: One more custody in Quarry owners murder