സുഭദ്രയെ മരുന്ന് നൽകി മയക്കി സ്വർണം കൈക്കലാക്കി, ഉണർന്നപ്പോൾ മർദിച്ച് കൊന്നു; ഒരാൾക്കൂടി അറസ്റ്റിൽ

സുഭദ്ര കൊലക്കേസിലെ പ്രതികളായ മാത്യൂസ്, റെയിനോൾഡ്, ശർമ്മിള എന്നിവരെ വൈദ്യ പരിശോധനയ്ക്കായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോകുന്നു | ഫോട്ടോ: ജി. രാഹുൽകൃഷ്‌ണ  / മാതൃഭൂമി
സുഭദ്ര കൊലക്കേസിലെ പ്രതികളായ മാത്യൂസ്, റെയിനോൾഡ്, ശർമ്മിള എന്നിവരെ വൈദ്യ പരിശോധനയ്ക്കായി മണ്ണഞ്ചേരി പോലീസ് സ്റ്റേഷനിൽ നിന്ന് കൊണ്ടുപോകുന്നു | ഫോട്ടോ: ജി. രാഹുൽകൃഷ്‌ണ / മാതൃഭൂമി

ആലപ്പുഴ: കലവൂരിൽ വയോധികയെ കൊലപ്പെടുത്തിയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊല്ലപ്പെട്ട സുഭദ്രയെ ബോധംകെടുത്തുന്നതിനായി മയക്കുമരുന്ന് വാങ്ങിനൽകിയ റെയിനോൾഡ് എന്നയാളാണ് പിടിയിലായത്.

കേസിലെ മുഖ്യപ്രതികളായ ആലപ്പുഴ കാട്ടൂർ സ്വദേശി മാത്യൂസ് (നിധിൻ), ഭാര്യ കർണാടക ഉഡുപ്പി സ്വദേശിനി ശർമിള എന്നിവരെ മണിപ്പാൽ പെറംപള്ളിയിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് സുഹൃത്ത് പിടിയിലായത്. കുഴിവെട്ടിയയാൾക്ക് കേസിൽ പങ്കുണ്ടോയെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തിവരുകയാണെന്നാണ് വിവരം.

സുഭദ്രയെ മരുന്ന് നൽകി മയക്കി സ്വർണം കൈക്കലാക്കിയെന്നും ഉണർന്നപ്പോൾ സുഭദ്ര ബഹളംവെച്ചതോടെ മർദിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ്  പ്രതികൾ പോലീസിൽ മൊഴി നൽകിയിട്ടുള്ളത്. ഓണാവധിക്ക് ശേഷം പ്രതികളെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസ് നീക്കം.

എറണാകുളത്തുനിന്ന് ഒരുമാസം മുൻപു കാണാതായ 73 കാരിയായ സുഭദ്രയാണ് കൊല്ലപ്പെട്ടത്. മൃതദേഹം കലവൂർ കോർത്തുശ്ശേരിയിലെ വീട്ടുവളപ്പിൽ കുഴിച്ചിട്ടനിലയിൽ കണ്ടെത്തുകയായിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകവിവരം പുറത്തറിഞ്ഞത്. ഒളിൽവിൽപ്പോയ പ്രതികളെപ്പറ്റി പോലീസിനു സൂചന ലഭിച്ചിരുന്നു. ഫോൺ ലൊക്കേഷനടക്കം പരിശോധിച്ച് ഉഡുപ്പിയിൽനിന്ന് എട്ടു കിലോമീറ്റർ അകലെയുള്ള മണിപ്പാലിലെ ശർമിളയുടെ സുഹൃത്തിന്റെ വീട്ടിൽനിന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.

സുഭദ്രയുടെ രണ്ടു സ്വർണവളകൾ ഉഡുപ്പിയിൽ പണയപ്പെടുത്തി പണം മാത്യൂസിന്റെ അക്കൗണ്ടിലേക്കു വന്നതിന്റെ വിവരമാണ് കേസിൽ നിർണായകമായത്. ഇതിന്റെ വിശദാംശങ്ങൾതേടി സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് ഇരുവരും ഉഡുപ്പിയിലെത്തിയെന്ന് പോലീസ് ഉറപ്പിച്ചത്.

ഓഗസ്റ്റ് നാലിനാണ് സുഭ്രദയെ കാണാതായത്. ദമ്പതിമാരുടെ വീട്ടിൽ ഇവർ ഇടയ്ക്കുവന്നു താമസിക്കാറുണ്ടായിരുന്നു. ഏഴിനു കൊലനടത്തി കുഴിച്ചിട്ടുവെന്നാണു കരുതുന്നത്. ഒൻപതിനു പ്രതികൾ ഒളിവിൽപ്പോയി. അതിക്രൂരമായ കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുള്ളത്.

Content Highlights: one more arrested in kalavoor murder case