അന്നും വന്നത് ഒമാനിൽ നിന്ന്; ലഹരിമാഫിയയുടെ ഹബ്ബായി മാറുന്നു,സ്ത്രീകളെ ഉപയോഗിച്ചുള്ള കടത്ത് കൂടി

കൊണ്ടോട്ടി: കഴിഞ്ഞ മാര്‍ച്ചില്‍ നെടിയിരുപ്പിലെ പ്രവാസിയുടെ വീട്ടില്‍നിന്ന് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയ സംഭവത്തില്‍ ലഹരി മരുന്നെത്തിയത് ഒമാനില്‍നിന്നായിരുന്നു. പത്തനംതിട്ട സ്വദേശിയായ യുവതിയെ വിമാനത്താവളത്തില്‍നിന്ന് ഞായറാഴ്ച പിടികൂടിയതും ഒമാനില്‍നിന്നു കൊണ്ടുവന്ന ഒരു കിലോയോളം എംഡിഎംഎയുമായി.
എറണാകുളത്തെ ലഹരിക്കടത്ത് കേസുമായി ബന്ധപ്പെട്ട് നെടിയിരുപ്പ് മുക്കൂട് മുള്ളന്‍ മടത്തില്‍ ആഷിഖിന്റെ വീട്ടില്‍നിന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് ഒന്നരക്കിലോ എംഡിഎംഎ പിടികൂടിയത്. ഒമാനില്‍നിന്ന് കാര്‍ഗോയില്‍ ചെന്നൈ വിമാനത്താവളത്തിലൂടെയാണ് ലഹരിവസ്തു വീട്ടിലെത്തിച്ചത്.
ഒമാനില്‍നിന്ന് കടത്തിയ എംഡിഎംഎ വില്‍പ്പന നടത്തുന്നതിനിടെ എറണാകുളത്ത് മട്ടാഞ്ചേരി, പള്ളുരുത്തി, ആലുവ, ഫോര്‍ട്ട് കൊച്ചി, പനങ്ങാട് പോലീസ് സ്റ്റേഷനുകളിലും എക്‌സൈസും പത്തോളംപേരെ പിടികൂടിയതിന്റെ തുടര്‍ച്ചയായാണ് കൊണ്ടോട്ടിയില്‍ പരിശോധന നടന്നത്. നാട്ടിലെത്തിയ ആഷിഖിനെ പിന്നീട് പോലീസ് പിടികൂടി. ഇയാളുടെ ഇവിടത്തെ രണ്ടു കൂട്ടാളികളെയും പിടികൂടിയിരുന്നു.
സ്ത്രീകളെ ഉപയോഗിച്ചുള്ള ലഹരിക്കടത്ത് കരിപ്പൂരില്‍ തുടരുകയാണ്. 40 കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്നുകളുമായി മൂന്നു യുവതികളെ മേയ് 14-നാണ് പിടികൂടിയത്. ചെന്നൈ സ്വദേശി റാബിയത് സൈദു സൈനുദീന്‍ (40), കോയമ്പത്തൂര്‍ സ്വദേശി കവിത രാജേഷ്‌കുമാര്‍ (40), തൃശ്ശൂര്‍ സ്വദേശി സിമി ബാലകൃഷ്ണന്‍ (39) എന്നിവരെയാണ് എയര്‍ കസ്റ്റംസ്, എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. 34 കിലോ ഹൈബ്രിഡ് കഞ്ചാവും തായ്ലാന്‍ഡ് നിര്‍മിതമായ 15 കിലോയോളം തൂക്കംവരുന്ന ചോക്ലേറ്റ്, കേക്ക്, ക്രീം ബിസ്‌ക്കറ്റ് എന്നിവയില്‍ കലര്‍ത്തിയ രാസലഹരിയുമാണ് പിടികൂടിയത്. തായ്ലാന്‍ഡില്‍നിന്നുള്ള എയര്‍ ഏഷ്യ വിമാനത്തിലാണ് മൂവരും കരിപ്പൂരെത്തിയിരുന്നത്.
രഹസ്യ വിവരത്തെത്തുടര്‍ന്ന് മൂവരെയും കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ലഹരിമരുന്ന് കണ്ടെത്തിയത്. യുവതികള്‍ തായ്ലാന്‍ഡില്‍ നിന്ന് ക്വലാലംപുര്‍ വഴിയാണ് കോഴിക്കോട്ട് ഇറങ്ങിയത്. ഇതിന് തൊട്ടുതലേന്നാണ് അബുദാബിയില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 18 കിലോയോളം ഹൈബ്രിഡ് കഞ്ചാവ് വിമാനത്താവളത്തില്‍ പിടികൂടിയത്.
വിമാനത്താവള പരിസരത്തും ലഹരിമാഫിയ പിടിമുറുക്കുന്നുണ്ട്. കഴിഞ്ഞ പുതുവത്സര ആഘോഷത്തിന് വില്‍ക്കാനായി എത്തിച്ച എംഡിഎംഎയുമായി ജനുവരി ഒന്നിന് സംഘത്തെ പോലീസ് പിടികൂടിയിരുന്നു. കോഴിക്കോട്, മലപ്പുറം സ്വദേശികളായ നാലു യുവാക്കളാണ് അന്ന് പിടിയിലായത്.
യുവതിയില്‍നിന്ന് സ്വീകരിക്കാനെത്തിയ മൂന്നു യുവാക്കളും പിടിയില്‍
കൊണ്ടോട്ടി: മസ്‌കറ്റില്‍നിന്ന് മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ച ഒരുകിലോയോളം എംഡിഎംഎയുമായി കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പത്തനംതിട്ട സ്വദേശിയായ യുവതി അറസ്റ്റിലായി. ഇവരെ സ്വീകരിച്ച് എംഡിഎംഎ കൊണ്ടുപോകാനെത്തിയ മൂന്നുപേരും കരിപ്പൂര്‍ പോലീസിന്റെ പിടിയിലായി.
എംഡിഎംഎയുമായി എത്തിയ പത്തനംതിട്ട വാഴമുട്ടം നെല്ലിവയലില്‍ സൂര്യ (31), ഇവരെ സ്വീകരിക്കാനെത്തിയ തിരൂരങ്ങാടി മൂന്നിയൂര്‍ ചോന്നാരി അലി അക്ബര്‍ (32), പരുത്തിക്കോട് മതിലഞ്ചേരി മുഹമ്മദ് റാഫി (37), മൂന്നിയൂര്‍ ചട്ടിപ്പുറത്ത് സഫീര്‍ (30) എന്നിവരാണു പിടിയിലായത്.
ഞായറാഴ്ച രാവിലെ 9.15-നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ സൂര്യ കരിപ്പൂരിലിറങ്ങിയത്.
കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കരിപ്പൂര്‍ പോലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യുകയായിരുന്നു. ലഗ്ഗേജില്‍ മിഠായി പായ്ക്കറ്റില്‍ ഒളിപ്പിച്ചനിലയിലാണ് എംഡിഎംഎ കണ്ടെത്തിയത്.
Content Highlights: 1 kg of MDMA seized at Karipur Airport from a woman arriving from Oman