അവധിയിലുള്ള പോലീസുകാരൻ സ്പായിലെത്തി, ഭീഷണിപ്പെടുത്തി പണംവാങ്ങി മുങ്ങി; അന്വേഷണം

താമരശ്ശേരി: അവധിയിലുള്ള പോലീസുകാരൻ തന്റെ സ്റ്റേഷൻ പരിധിയിലല്ലാത്ത മറ്റൊരു സ്ഥലത്തെ സ്പായിൽ പരിശോധനയ്ക്കെന്ന പേരിൽ കയറി സ്ത്രീജീവനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങി സ്ഥലംവിട്ടു. ജില്ലയിലെ ഒരു മലയോരസ്റ്റേഷനിലെ ഒരു സിവിൽ പോലീസ് ഓഫീസറാണ് പുതുപ്പാടി അടിവാരം ഭാഗത്തെ ഒരു സ്പായിൽ കയറി ജീവനക്കാരെ ഭീഷണിപ്പെടുത്തി 1500 രൂപയും കൈവശപ്പെടുത്തി മടങ്ങിയത്. സംഭവം പുറത്തായതോടെ പോലീസിലെ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി.
വെള്ളിയാഴ്ച വൈകീട്ടാണ് പോലീസുദ്യോഗസ്ഥൻ മഫ്തിയിൽ താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ സ്ഥിതിചെയ്യുന്ന അടിവാരം ഭാഗത്തെ സ്പായിൽ എത്തിയത്. സ്പായിൽ നിയമവിരുദ്ധമായ കാര്യങ്ങൾ നടക്കുന്നുവോയെന്നത് പരിശോധിക്കാൻ എത്തിയതാണെന്ന് അറിയിച്ച ഇയാൾ, അവിടത്തെ രേഖകളെല്ലാം ചോദിച്ചുവാങ്ങി പരിശോധിച്ചതിനുശേഷം പണം ആവശ്യപ്പെട്ടു.
നിയമവിരുദ്ധമായ കാര്യങ്ങൾ നടത്തുന്നില്ലെന്നിരിക്കെ പണം നൽകേണ്ട കാര്യമില്ലെന്ന് ജീവനക്കാർ അറിയിച്ചു. എന്നാൽ, തന്റെ മേലധികാരി കർക്കശക്കാരനാണെന്നും പണംകൊടുത്തില്ലെങ്കിൽ അദ്ദേഹം സ്ഥാപനം പൂട്ടിക്കുമെന്നുമായിരുന്നു പോലീസുകാരന്റെ മറുപടി. തുടർന്ന്, സ്ഥാപനത്തിലെ മേശവലിപ്പിൽ ആകെയുണ്ടായിരുന്ന തുക ജീവനക്കാർ പോലീസുകാരനെ ഏൽപ്പിക്കുകയായിരുന്നു.
Content Highlights: An off-duty civil police officer raided a spa outside his jurisdiction in Adivaram, Thamarassery., He threatened female employees and extorted 1,500 rupees under the guise of an official inspection., The police intelligence wing has launched an investigation into the incident.