70 കോടി മോചനദ്രവ്യം ആവശ്യപ്പെട്ട തട്ടിക്കൊണ്ടുപോകൽ; വ്യവസായിയെ വീണ്ടും അപായപ്പെടുത്താൻ ഗൂഢാലോചന

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: Mathrubhumi
പ്രതീകാത്മക ചിത്രം | Photo: Mathrubhumi

ഒറ്റപ്പാലം: പ്രവാസിവ്യവസായിയെ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികൾ വീണ്ടും അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതായി ക്രൈംബ്രാഞ്ച്. പ്രവാസിവ്യവസായിയായ മുഹമ്മദാലിയെയും കേസിലെ സാക്ഷിയായ ഇയാളുടെ മാനേജരെയും തട്ടിക്കൊണ്ടുപോകാനും അപായപ്പെടുത്താനും ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. വിദേശത്തുവെച്ച്‌ നടന്നെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയ ഗൂഢാലോചനയ്ക്കെതിരേ ഒറ്റപ്പാലം പോലീസ് കേസെടുത്തു. ക്രൈംബ്രാഞ്ച് ഇൻസ്പെക്ടർ വി. രവികുമാറിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, നേരത്തേ അറസ്റ്റിലായ രണ്ടുപേരുൾപ്പെടെ നാലുപേർക്കെതിരേയാണ് കേസെടുത്തത്.

തട്ടിക്കൊണ്ടുപോകൽ കേസിൽ അറസ്റ്റിലായ കാസർകോട് ചിറ്റാരിക്കൽ ഷമീർ (ആട് ഷമീർ-37), മലപ്പുറം എടവണ്ണ സ്വദേശി നിസാം (35) എന്നിവർക്കെതിരേയും ഇപ്പോഴും വിദേശത്തുള്ള രണ്ടുപേർക്കെതിരേയുമാണ് കേസ്. കേസിൽ നടപടികൾ ശക്തമായി മുന്നോട്ടുപോകുന്നതിന്റെ വൈരാഗ്യത്തിലാണ് മുഹമ്മദാലിയെയും, മൊഴികൊടുത്തെന്ന കാരണത്തിന്‌ പ്രധാന സാക്ഷിയായ മാനേജർ ഷിബിലിനെയും അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

കേസിൽ അറസ്റ്റിലായ ഷമീറിന്റെയും നിസാമിന്റെയും ഫോൺ പരിശോധിച്ചതിലൂടെയാണ് ഈ വിവരങ്ങൾ പോലീസിന് ലഭിച്ചത്. ഇതിൽ പ്രവാസിവ്യവസായിയുടെയും മാനേജരുടെയും ചിത്രങ്ങൾ പങ്കുവെച്ചതായും കണ്ടെത്തി. ഇതോടെയാണ് ഗൂഢാലോചനയ്ക്ക് പ്രത്യേകം കേസെടുത്ത് അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

2025 ഡിസംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കൊച്ചി വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെ മുഹമ്മദാലി സഞ്ചരിച്ചിരുന്ന കാർ പിന്തുടർന്ന സംഘം തിരുമിറ്റക്കോട്ടുവെച്ച് ആക്രമിക്കുകയായിരുന്നു. തുടർന്ന് തോക്കുചൂണ്ടി കോതകുറുശ്ശിയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ചു. 70 കോടിരൂപയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടിരുന്നത്. ഇവിടെനിന്ന് രക്ഷപ്പെട്ട വ്യവസായിയെ പോലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു. കേസിൽ ഇതുവരെ 22 പേരെ അറസ്റ്റുചെയ്തിരുന്നു. ഏറ്റവുമൊടുവിൽ, രണ്ടുപേരെ പോലീസ് കോഴിക്കോട്ടുവെച്ച് സംഘട്ടനത്തിനൊടുവിലാണ് അറസ്റ്റുചെയ്തത്. പോലീസിനുനേരേ ഇവർ സ്‌ഫോടകവസ്തു എറിയുന്ന സ്ഥിതിവരെയുണ്ടായി.

Content Highlights: Crime Branch uncovers a new conspiracy to harm an NRI businessman and his manager.