ഭക്ഷണംകഴിച്ച പണംചോദിച്ചതിന് മർദനം, വട്ടപ്പേര് വിളിച്ചയാളെയും ആക്രമിച്ചു; ഗുണ്ട അട്ടാണി അനീഷ് പിടിയിൽ

കൊച്ചി: കുപ്രസിദ്ധ ഗുണ്ട അട്ടാണി അനീഷ് പോലീസ് പിടിയിൽ. ഭക്ഷണംകഴിച്ച പണം ചോദിച്ചതിന് ഹോട്ടലുടമയെ മർദിച്ചതിനും വട്ടപ്പേര് വിളിച്ചതിന് യുവാവിനെ ആക്രമിച്ചതിനുമാണ് അനീഷിനെ പോലീസ് പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി ചാവക്കാടുനിന്നാണ് പ്രതിയെ എറണാകുളം സെൻട്രൽ പോലീസ് കസ്റ്റഡിയിലെടുത്തത്. അനീഷിന്റെ കൂട്ടാളിയും ഇതേ കേസുകളിൽ പ്രതിയുമായ സുൾഫിക്കറും അറസ്റ്റിലായിട്ടുണ്ട്.
മാർച്ച് 16-നാണ് ഹോട്ടലുടമയെയും യുവാവിനെയും അനീഷും സംഘവും ആക്രമിച്ചത്. പുലർച്ചെ എംജി റോഡിലെ ഹോട്ടലിൽ കയറി ഭക്ഷണംകഴിച്ച അനീഷും സംഘവും പണം നൽകിയില്ല. ഇത് ചോദ്യംചെയ്തതോടെയാണ് ഹോട്ടലുടമയെ അസഭ്യംപറയുകയും മർദിക്കുകയുംചെയ്തത്. ഈ കേസിൽ അനീഷ് ഉൾപ്പെടെ ഏഴുപേരാണ് പ്രതികൾ. ഈ സംഭവത്തിന് പിന്നാലെയാണ് വട്ടപ്പേര് വിളിച്ച യുവാവിനെയും അനീഷ് ആക്രമിച്ചത്. വട്ടപ്പേര് വിളിച്ചയാളുടെ ശരീരത്തിൽ കത്തിയുടെ പിടികൊണ്ട് വരയ്ക്കുകയും കുത്താൻ ശ്രമിക്കുകയുംചെയ്തിരുന്നു. അനീഷിന് പുറമേ കണ്ടാലറിയാവുന്ന അഞ്ചുപേർ കൂടി ഈ കേസിൽ പ്രതികളായിട്ടുണ്ട്.
Content Highlights: Arrest of notorious gangster Attani Aneesh and accomplice Zulfiqar., Police action following assault on a hotel owner over bill payment., Assault case involving the use of a knife over a nickname dispute., Suspects apprehended by Ernakulam Central Police from Chavakkad.